SignIn
Kerala Kaumudi Online
Monday, 03 August 2026 2.07 AM IST

കോർപ്പറേഷൻ, കാപ്പെക്സ് ഫാക്ടറികളിൽ ഓണക്കാല ജോലിക്ക് തോട്ടണ്ടി റെഡി​

ഫാക്ടറി​കൾ ഇന്ന് തുറക്കും

കൊല്ലം: കശുഅണ്ടി വികസന കോർപ്പറേഷന്റെയും കാപ്പെക്സിന്റെയും ഫാക്ടറികളിൽ ഓണക്കാല പരാധീനതകൾ അകറ്റാൻ തോട്ടണ്ടി എത്തി. ഫാക്ടറികൾ ഇന്ന് തുറക്കും. കാപ്പെക്സിൽ 10 ദിവസത്തെ ജോലിക്കാവശ്യമായ 280 ടണ്ണും കോർപ്പറേഷനിൽ ഏഴു ദിവസത്തേക്കുള്ള 315 ടണ്ണുമാണ് എത്തിയത്. 650 ടൺ കൂടി ഓണത്തിന് മുമ്പ് എത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.ഇങ്ങനെയെങ്കിൽ കോർപ്പറേഷനിൽ ഈ മാസത്തെ തൊഴിൽ ദിനം 15 ആയി ഉയരും.

ഐവറികോസ്റ്റിൽ നിന്നുള്ള തോട്ടണ്ടിയാണ് എത്തിയത്. ഓണത്തിന് ശേഷം ഫാക്ടറികൾ തുറക്കുന്നതിന് 3000 ടൺ ഗിനിബിസാവോ തോട്ടണ്ടി സജ്ജമായിട്ടുണ്ട്. ഏപ്രിലിന് ശേഷം കാപ്പെക്സ് കോർപ്പറേഷൻ ഫാക്ടറികളിൽ പരിമിതമായ ജോലിയാണ് നടന്നത്. ഒരു മാസം പൂർണമായും അടഞ്ഞു കിടന്നു. ഘാനയിലെയും ടാൻസാനിയായിലെയും മോശം കാലാവസ്ഥയും തോട്ടണ്ടിയുടെ വിലക്കയറ്റവും കാരണം നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിൽ വിദേശ തോട്ടണ്ടി വാങ്ങാൻ കഴിഞ്ഞില്ല. മാർച്ചിൽ നാടൻ തോട്ടണ്ടി വാങ്ങാൻ നടത്തിയ ശ്രമവും പരാജയപ്പെട്ടു. 500 മുതൽ 2000 മെട്രിക് ടൺ വരെ സഹകരണ ഫാമുകളിൽ നിന്ന് വാങ്ങാനായിരുന്നു ടെണ്ടർ. എന്നാൽ സഹകരണ സ്ഥാപനങ്ങൾ ഒന്നും പങ്കെടുത്തില്ല. സ്വകാര്യ ട്രേഡർമാരെ ടെണ്ടറിൽ പങ്കെടുപ്പിച്ചതുമില്ല. ഈ സാഹചര്യത്തിൽ ഓണക്കാലം കൂടി ലക്ഷ്യമാക്കി വേണ്ടത്ര തോട്ടണ്ടി മുൻകൂർ ശേഖരിക്കാതിരുന്നതിലുണ്ടായ ജാഗ്രതക്കുറവാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ടെണ്ടർ ഉറപ്പിച്ച തോട്ടണ്ടി കപ്പലുകളുടെ ലഭ്യതക്കുറവ് മൂലം കൃത്യസമയത്ത് എത്താതിരുന്നതും വിനയായി. ഭരണ മാറ്റത്തിന് പിന്നാലെ പൊതുമേഖലാ ഫാക്ടറികളിൽ ജോലി നിലച്ചത് തൊഴിലാളികളിൽ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

എന്നും യു.ഡി.എഫിന് പഴി

യു ഡി എഫ് സർക്കാരുകൾ വന്നാൽ പൊതുമേഖലയിലടക്കം കശുഅണ്ടി ഫാക്ടറികൾ പ്രവർത്തിക്കില്ലെന്ന ആക്ഷേപം പൊതുവെയുണ്ട്. 2011 ലെ ഉമ്മൻചാണ്ടി സർക്കാരാണ് ഇത് തിരുത്തിയത്. അന്ന് 200 ദിവസം വരെ കശുഅണ്ടി കോർപ്പറേഷനും കാപെക്സും ജോലി നൽകിയിരുന്നു. എന്നാൽ ആ സർക്കാരിന്റെ അവസാന കാലത്ത് വ്യവസായത്തിലാകമാനം ഉണ്ടായ പ്രതിസന്ധി തിരിച്ചടിയായി. സ്വകാര്യ പൊതുമേഖലാ ഫാക്ടറികൾ മൊത്തത്തിൽ അടയുന്ന സ്ഥിതി വന്നു.

തുടർന്നു വന്ന ഒന്നും രണ്ടും പിണറായി സർക്കാരുകൾക്കും പ്രതിസന്ധി പരിഹരിക്കാനായില്ല. കാഷ്യൂ ബോർഡ് രൂപീകരിച്ച് കശുഅണ്ടി സംഭരിച്ചതിലൂടെ കോർപ്പറേഷൻ, കാപ്പെക്സ് ഫാക്ടറികൾ തുറന്നെങ്കിലും തൊഴിൽ ദിനങ്ങൾ പരിമിതമായിരുന്നു. കൂടുതൽ സ്വകാര്യ ഫാക്ടറികൾ അടയുകയും ചെയതു. നിലവിൽ പൊതുമേഖലാ ഫാക്‌ടറികളടക്കം 175 ഫാക്ടറികൾ മാത്രമാണ് പ്രവർത്തിക്കുന്നത്. സ്വകാര്യ ഫാക്ടറികളിൽ ബഹുഭൂരിപക്ഷവും നാമമാത്രമായ തൊഴിൽ ദിനങ്ങളാണ് നൽകുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL