കൊല്ലം: കുടുംബശ്രീ സംരംഭകർ വായ്പയ്ക്കായി ഇനി ഓഫീസുകൾ കയറിയിറങ്ങേണ്ടതില്ല. വിവിധ ബാങ്കുകളുടെ വായ്പാ പദ്ധതികൾ താരതമ്യം ചെയ്ത് അനുയോജ്യമായ ബാങ്ക് തിരഞ്ഞെടുത്ത് മൊബൈൽ ഫോണിലൂടെ തന്നെ അപേക്ഷ സമർപ്പിക്കാം. ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഇൻഡിവിഡ്വൽ എന്റർപ്രൈസ് ലോൺ ആപ്ലിക്കേഷനാണ് (ഐ.ഇ.എൽ.എ) സഹായ ഹസ്തവുമായി രംഗത്തുള്ളത്.
പി.എം മുദ്ര ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാർ വായ്പാ പദ്ധതികളും ആപ്പിലൂടെ ലഭ്യമാകും. പലിശനിരക്ക്, തിരിച്ചടവ് കാലാവധി, ബാങ്കുകളുടെ വ്യത്യസ്ത വായ്പ പദ്ധതികൾ എന്നിവ ഒരേ പ്ലാറ്റ്ഫോമിൽ ലഭിക്കുന്നതിനാൽ സംരംഭകർക്ക് അനുയോജ്യമായ പദ്ധതി വേഗം തിരഞ്ഞെടുക്കാനാകും. കൃത്യമായി തിരിച്ചടവ് നടത്തുന്നവർക്ക് പലിശ സബ്സിഡിക്കും അർഹതയുണ്ട്. പദ്ധതി ജില്ലയിൽ നടപ്പാക്കുന്നതിന്റെ ഭാഗമായി 33 ബ്ലോക്ക് കോ-ഓർഡിനേറ്റർമാർക്കും 74 കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺമാർക്കും പരിശീലനം നൽകി. മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റുമാരുടെ സഹായത്തോടെ പ്രോജക്ട് റിപ്പോർട്ടും വരുമാനസാദ്ധ്യതയും വിലയിരുത്തിയ ശേഷമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ജില്ലയിലെ 11 ബ്ലോക്കുകളിൽ നിന്ന് ഇതിനകം 140 അപേക്ഷകൾ ലഭിച്ചു. ഇതിൽ 32 അപേക്ഷകൾ ബാങ്ക് പരിശോധന ഘട്ടത്തിലാണ്. പദ്ധതി ഉടൻ എല്ലാ അയൽക്കൂട്ടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് കുടുംബശ്രീ ജില്ലാ മിഷൻ അധികൃതർ അറിയിച്ചു.
അപേക്ഷിക്കാൻ അർഹതയുള്ളവർ
കുടുംബശ്രീ അംഗത്വം നേടി രണ്ട് വർഷം പൂർത്തിയാക്കിയവരും കുറഞ്ഞത് ഒരു വർഷമായി സ്വന്തം സംരംഭം നടത്തി വരുന്നവരുമാണ് അർഹർ. അയൽക്കൂട്ട വായ്പകൾ കൃത്യമായി തിരിച്ചടച്ചവരാായിരിക്കണം. പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നവരെ നിലവിൽ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഒന്നു മുതൽ പത്ത് ലക്ഷം വരെയാണ് വ്യക്തിഗത വായ്പ. ലോകോസ് ആപ്പിൽ അംഗങ്ങളുടെ വിവരങ്ങൾ പുതുക്കിയിരിക്കണമെന്നും നിർബന്ധമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |