SignIn
Kerala Kaumudi Online
Wednesday, 12 August 2026 3.54 AM IST

ചിങ്ങമെത്തും മുമ്പേ ഓണമെത്തി!

photo
പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ പൂക്കളം

കൊല്ലം: ചിങ്ങമാസം പിറക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ഓണാഘോഷങ്ങൾക്ക് തുടക്കമായി. പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജിൽ ഇന്നലെ ഓണാഘോഷം വർണാഭമായി. പൂക്കളമൊരുക്കിയും തനിമയാർന്ന തിരുവാതിര കളിയോടെയും വിഭവ സമൃദ്ധമായ സദ്യ വിളമ്പിയുമാണ് ഫിസിയോളജി, ബയോ കെമിസ്ട്രി, അനാട്ടമി ഡിപ്പാർട്ടുമെന്റുകൾ ചേർന്ന് ഓണാഘോഷമൊരുക്കിയത്.

സെറ്റുസാരിയുടുത്ത് സ്ത്രീകളും മുണ്ടും ജുബ്ബയുമണിഞ്ഞ് പുരുഷന്മാരുമൊക്കെ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. പരീക്ഷകളും അവധിക്കാല തിരക്കുകളും മുന്നിൽക്കണ്ടാണ് പല സ്ഥാപനങ്ങളിലും മുൻകൂട്ടി ഓണാഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. വരും ദിനങ്ങളിൽ ജില്ലയിലെ വിവിധ കലാലയങ്ങളിലും ഓഫീസുകളിലും വിപുലമായ ഓണാഘോഷങ്ങൾ പൊടിപൊടിക്കും. പലയിടത്തും തിരുവാതിരയും വടംവലിയും കബഡികളിയുമൊക്കെ ടീമുകളായി പ്രാക്ടീസ് തുടങ്ങിയിട്ടുണ്ട്.

നാട് ഓണത്തിരക്കിലേക്ക്

കർക്കിടകത്തിന്റെ കാറും കോളും മാഞ്ഞില്ലെങ്കിലും നാടെങ്ങും ഓണത്തിരക്കിലേക്ക് നീങ്ങുകയാണ്. ജില്ലയിലെമ്പാടും ഓണ വിപണികളും സജീവമാകാൻ തുടങ്ങിയിട്ടുണ്ട്. സാംസ്കാരിക വകുപ്പ് മന്ത്രി കാലേക്കൂട്ടി രാത്രികാല ഉച്ചഭാഷിണികളുടെ നിയന്ത്രണത്തിൽ അയവുവരുത്തിയിട്ടുണ്ട്. കലാപരിപാടികൾക്കാണ് ഇത് ഗുണം ചെയ്യുക.

ഓണച്ചന്തകൾ: സപ്ളൈകോ, കൺസ്യൂമർ ഫെഡ്, സഹകരണ ബാങ്കുകളുടെ നീതി സ്റ്റോറുകൾ എന്നിവിടങ്ങളിലെല്ലാം ഓണം വിപണികൾ ഉടൻ പ്രവർത്തനം ആരംഭിക്കും. സ്വകാര്യ വിപണികൾ നേരത്തേ ഉണർന്നുകഴിഞ്ഞു.

പൂ വിപണി: മറുനാടൻ പൂക്കളുടെ വരവ് വർദ്ധിച്ചിട്ടുണ്ട്. വിവിധ ഇടങ്ങളിൽ പൂക്കളങ്ങൾക്കായുള്ള താത്കാലിക കടകളും തയ്യാറായി. അത്തം മുതലാണ് പൂക്കളങ്ങൾ വീടുകളിൽ ഒരുക്കുന്നത്. എന്നാൽ വിദ്യാലയങ്ങളിലും സ്ഥാപനങ്ങളിലും ഓണാഘോഷം തുടങ്ങുന്നതിനാൽ നേരത്തേ പൂക്കൾക്ക് ഡിമാൻഡാകും. വിലയും കൂടും.

ഓണപ്പരിപാടികൾ: ക്ളബുകളും മറ്റ് സംഘടനകളും റെസിഡൻസ് അസോസിയേഷനുകളുമൊക്കെ ഓണാഘോഷ പരിപാടികൾ തയ്യാറാക്കിക്കഴിഞ്ഞു. നോട്ടീസും പോസ്റ്ററുമൊക്കെ പലയിടത്തും ഇറങ്ങി. ചെറുതും വലുതുമായ ഓണാഘോഷ പരിപാടികൾ എല്ലാ ഗ്രാമപ്രദേശങ്ങളിലും നടത്തുന്ന പതിവ് ഇക്കുറിയും തെറ്റില്ല.

ഓണപ്പാട്ടുകൾ: ഓണപ്പാട്ടുകൾ പലതും റെക്കാർഡിംഗ് പൂർത്തിയാക്കി, വീഡിയോ ചിത്രീകരണമുൾപ്പടെ അണിയറ ഒരുക്കങ്ങൾ കഴിഞ്ഞ് ചിങ്ങം പിറക്കാൻ കാത്തിരിപ്പാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL