SignIn
Kerala Kaumudi Online
Wednesday, 12 August 2026 3.54 AM IST

തെറ്റായ സിബിൽ രേഖ തിരുത്താൻ ഉപഭോക്തൃ കമ്മിഷൻ ഉത്തരവ്

കൊല്ലം: സ്വകാര്യ ബാങ്ക് ഇടപാടുകാരന് നൽകിയ 14 വർഷം പഴക്കമുള്ള തെറ്റായ സിബിൽ രേഖ 30 ദിവസത്തിനകം തിരുത്താനും ഇടപാടുകാരന് 50000 രൂപ നഷ്ടപരിഹാരം നൽകാനും ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവ്. കൊല്ലം മുഖത്തല ആലുംമൂട് സ്വദേശിയായ ഐസക് ഇട്ടിച്ചെറിയ സമർപ്പിച്ച പരാതിയിലാണ് കമ്മിഷന്റെ ഉത്തരവ്. കമ്മിഷൻ പ്രസിഡന്റ് എസ്.കെ.ശ്രീലയും അംഗം സ്റ്റാൻലി ഹാരോൾഡും ഉൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.

2009ൽ പൂർണമായി അടച്ചുതീർത്ത വായ്പയുടെ പേരിൽ വർഷങ്ങളോളം കുടിശ്ശികക്കാരനായി രേഖപ്പെടുത്തി സിബിൽ സ്കോർ കുറച്ച സംഭവത്തിലാണ് നിർണായക ഉത്തരവ്. ബിസിനസ് ആവശ്യത്തിനായി 2007ൽ സ്വകാര്യ ബാങ്കിൽ നിന്ന് ടൂവീലർ വാങ്ങുന്നതിനായി ഐസക് വായ്പ എടുത്തിരുന്നു. വായ്പ തിരിച്ചടവിനായി ഭാര്യയും ഗ്യാരന്ററുമായ ബീന പണിക്കരുടെ 1,725 രൂപ വീതമുള്ള ചെക്കുകളും ബാങ്കിന് കൈമാറിയിരുന്നു. എന്നാൽ 2008ൽ ഗ്യാരന്റിയായി നൽകിയ രണ്ട് ചെക്കുകൾ നഷ്ടപ്പെട്ടതായി ബാങ്ക് അധികൃതർ അറിയിച്ചതിനെ തുടർന്ന് ആ രണ്ട് തവണകളുടെ തുക പണമായി അടച്ചു. 2009ൽ വായ്പ പൂർണമായും അടച്ചുതീർത്തു. എന്നാൽ 2023ൽ ബിസിനസ് ആവശ്യത്തിനായി മറ്റൊരു ബാങ്കിനെ സമീപിച്ചപ്പോൾ കുറഞ്ഞ സിബിൽ സ്കോർ ചൂണ്ടിക്കാട്ടി വായ്പ അനുവദിച്ചില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 2009ൽ അടച്ചുതീർത്ത വായ്പയിൽ 2012ൽ കുടിശ്ശിക നിലനിന്നിരുന്നതായി അന്ന് വായ്പ എടുത്ത ബാങ്കിന്റെ പിൻഗാമിയായ ബാങ്ക് ക്രെഡിറ്റ് വിവര ഏജൻസിക്ക് റിപ്പോർട്ട് ചെയ്തതായി പരാതിക്കാരന് മനസിലായത്.

ബാങ്ക് അധികൃതരെ സമീപിച്ചെങ്കിലും പ്രശ്നപരിഹാരത്തിന് നടപടി സ്വീകരിക്കാതിരുന്നതിനെ തുടർന്നാണ് ഐസക് ജില്ലാ ഉപഭോക്തൃ കമ്മഷനെ സമീപിച്ചത്.

രണ്ടാം എതിർകക്ഷിയായ ട്രാൻസ് യൂണിയൻ സിബിലിന് വേണ്ടി സീനിയർ ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് പങ്കജ് പാട്ടീൽ കമ്മിഷൻ മുമ്പാകെ മൊഴി നൽകി. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിബിൽ സ്കോർ പരിപാലിക്കുന്നതെന്നും, ബന്ധപ്പെട്ട ബാങ്ക് ശരിയായ വിവരങ്ങൾ നൽകിയാൽ അതിന്റെ അടിസ്ഥാനത്തിൽ സിബിൽ രേഖകളും സ്കോറും തിരുത്താൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. പരാതിക്കാരന് വേണ്ടി അഭിഭാഷകരായ മനോജ് ശ്രീധർ, സാജൻ സേവ്യർ, ടി.കെ.ജയകുമാരി, ദേവലക്ഷ്മി മനോജ്, സൂര്യ രാജ് എന്നിവർ ഉപഭോക്തൃ കമ്മിഷനിൽ ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL