കൊല്ലം: കടൽ അപകടങ്ങളിൽ ഗോൾഡൻ അവറിൽ തന്നെ അടിയന്തര രക്ഷാപ്രവർത്തനം ആരംഭിക്കാൻ രണ്ടാഴ്ചയ്ക്കകം സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ (എസ്.ഒ.പി) തയ്യാറാക്കുമെന്ന് ഫിഷറീസ് മന്ത്രി വി.ഇ.അബ്ദുൾ ഗഫൂർ. ഗൗതം കൃഷ്ണന്റെ വീട്ടിലെത്തി കുടുംബത്തെ കണ്ടശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്‌സ്‌മെന്റ്, കോസ്റ്റ് ഗാർഡ്, നാവികസേന എന്നിവയുടെ ഏകോപനം ഉറപ്പാക്കും. ഡ്രോണുകൾ, അണ്ടർവാട്ടർ ക്യാമറകൾ, അതിവേഗ റെസ്ക്യൂ ബോട്ടുകൾ എന്നിവ ഉൾപ്പടെയുള്ള ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. ഗൗതം കൃഷ്ണനുവേണ്ടിയുള്ള തെരച്ചിൽ നാവികസേന ഉൾപ്പടെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപകടത്തിന്റെ ആദ്യഘട്ടത്തിൽ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥൻ വേണ്ടവിധം ഇടപെട്ടില്ലെന്ന പരാതിയെ തുടർന്ന് ഉദ്യോഗസ്ഥനെ ചുമതലയിൽനിന്ന് മാറ്റിയതായി മന്ത്രി വ്യക്തമാക്കി. കോസ്റ്റ് ഗാർഡ് ഹെലികോപ്ടറിന് ഇവിടെത്തന്നെ ഇന്ധനം നിറയ്ക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. മുംബയിൽനിന്നുള്ള അനുമതി ലഭിച്ചാൽ ഇവിടെനിന്ന് ഇന്ധനം നിറച്ച് ഹെലികോപ്ടറിന് തെരച്ചിൽ നടത്താനാകുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്ടർ ആനി ജൂല തോമസും ഒപ്പമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |