SignIn
Kerala Kaumudi Online
Sunday, 31 May 2026 12.52 AM IST

മോഹിപ്പിച്ച് കുതിച്ച കൊക്കോ കർഷകരെ കരയിപ്പിക്കുന്നു

koko

കോട്ടയം : കുതിച്ചുകയറിയ കൊക്കോ വിലയിലുണ്ടായ വൻഇടിവിന്റെ ആഘാതത്തിൽ തകർന്ന് കർഷകർ. കഴിഞ്ഞ വർഷം 1000 - 1075 രൂപ വിലയുണ്ടായിരുന്ന ഉണങ്ങിയ കൊക്കോയുടെ വില 500 രൂപയിലെത്തി. വില വർദ്ധിച്ചതോടെ ചോക്ലേറ്റ് കമ്പനികൾ താത്കാലികമായി പിൻവാങ്ങിയതാണ് വില കുറയാൻ കാരണം. 200 രൂപയ്ക്ക് അടുത്തുവരെയെത്തിയ പച്ചകൊക്കോ വില 100 രൂപയായി. കൊക്കോ ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന മറ്റ് രാജ്യങ്ങളിൽ ഉത്പാദനം കുറഞ്ഞതും കൊക്കോ പരിപ്പിന് മറ്റ് കൃത്രിമ ബദലുകൾ നിർമ്മിക്കാനാവാത്തതുമാണ് കൊക്കോയ്ക്ക് വില സ്ഥിരത ഉറപ്പുവരുത്തുന്നതിന് തടസം. വില വീണ്ടും ഉയരുമെന്ന് കരുതി കായ ഉണക്കി സംഭരിച്ചുവച്ച കർഷകർക്ക് വില ഇടിഞ്ഞത് വൻതിരിച്ചടിയായി. ജില്ലയിൽ കാഞ്ഞിരപ്പള്ളി, പാലാ, അയർക്കുന്നം, വാകത്താനം തുടങ്ങിയ മേഖലകളിലാണ് കൃഷിയുള്ളത്.

ഭാഗ്യപരീക്ഷണം കൈപൊള്ളി

മികച്ച വില ലഭിച്ചുതുടങ്ങിയതോടെ റബറിൽ തിരിച്ചടിയേറ്റ കർഷകർ കൊക്കോയിൽ ഭാഗ്യപരീക്ഷണത്തിനും തയ്യാറായിരുന്നു. മറ്റ് കൃഷിയ്‌ക്കൊപ്പം കൊക്കോയ്ക്കും പ്രാധാന്യം നൽകിയവരുമുണ്ട്. വലിയ മുതൽമുടക്കും ആവശ്യമില്ല.

പ്രതികൂല കാലാവസ്ഥയെത്തുടർന്നുള്ള ഉത്പാദനക്കുറവും വിളനാശവും മൂലം കർഷകർ നട്ടംതിരിയുന്നതിനൊപ്പം വിലയും ഇടിഞ്ഞത് ഇരുട്ടടിയായി. പിന്നിൽ ചോക്ലേറ്റ് കമ്പനികൾക്കും ചെറുകിട വ്യാപാരികൾക്കും ഇടനില നിൽക്കുന്ന ലോബിയുടെ ഇടപെടലാണെന്നാണ് വ്യാപാരികൾ പറയുന്നത്.

കയറ്റുമതിയിലും ഡിമാൻഡ്

ഹൈറേഞ്ചിലെ വ്യാപാരികളിൽ നിന്ന് പാൽ ഉത്പന്നങ്ങളും ചോക്ലേറ്റും നിർമ്മിക്കുന്ന സഹകരണ സംഘങ്ങളുടെയും പ്രൈവറ്റ് കമ്പനികളുടെയും ഏജൻസികൾ കൊക്കോ ശേഖരിച്ച് ഗുജറാത്ത്, മുംബയ്, ഡൽഹി എന്നിവിടങ്ങളിലെ ഫാക്ടറികളിലേയ്ക്കാണ് കയറ്റി അയക്കുന്നത്.

പലരും റബർ വെട്ടിമാറ്റിയാണ് ഇതിലേക്ക് തിരിഞ്ഞത്. വില ഉയർന്നപ്പോൾ പ്രതീക്ഷയേറെയായിരുന്നു. പെട്ടെന്ന് ഇത്രയും താഴുമെന്ന് പ്രതീക്ഷിച്ചില്ല. കൊക്കോയുടെ പതിവ് ശത്രുക്കളായ അണ്ണാൻ, കുരങ്ങ്, പന്നി എന്നിവയെ തുരത്തി ഏറെ പ്രയായസപ്പെട്ടാണ് വിളവ് കാത്തുസൂക്ഷിക്കുന്നത്.

വേണുഗോപാൽ, കർഷകൻ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL