
കോട്ടയം : പ്രതികൂല കാലാവസ്ഥയിൽ ഉത്പാദനത്തിലെ കുറവ് തേനീച്ച കർഷകരെ ദുരിതത്തിലാക്കുന്നു. റബറിന്റെ തളിരില മൂപ്പിടുമ്പോഴാണ് ഏറ്റവും കൂടുതൽ തേൻ ലഭിക്കുന്നത്. റബറിന് വില കുറഞ്ഞതോടെ മലയോരമേഖലയിലെ നിരവധി മരങ്ങൾ വെട്ടിമാറ്റി കൈത, മറ്റ് പച്ചക്കറി കൃഷികളിലേക്ക് തിരിഞ്ഞതും പ്രതിസന്ധിയായി. തേൻ ഏറ്റവും കൂടുതൽ ലഭിക്കുന്നത് 105 ഇനം എന്ന റബറിൽ നിന്നാണ്. പുതിയ ഇനം റബർ മരങ്ങൾ വന്നതോടെ തേൻ ലഭ്യതയും കുറഞ്ഞു. ഒരു പെട്ടിക്കുള്ളിൽ നിന്ന് മുൻകാലങ്ങളിൽ 12 കിലോ വരെ തേൻ ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ, നാല് കിലോയിൽ താഴെയാണ്. പരിപാലനം ചെലവേറിയതാണ്. ഒരു പെട്ടിയ്ക്ക് 200 ഗ്രാം പഞ്ചസാര വേണം. ആഴ്ചയിൽ ഒന്ന് വീതമാണ് തീറ്റ നൽകേണ്ടത്. പഞ്ചസാര ലായനി തിളപ്പിച്ചാറിച്ച് അരിച്ചെടുത്താണ് തീറ്റ നൽകേണ്ടത്. കൂടുതൽ തേനീച്ച പെട്ടിയുള്ളവർ ജോയിന്റ് ചെയ്താണ് തീറ്റ നൽകുന്നത്. പെട്ടി നിർമ്മിക്കുന്നതിന് 650 രൂപയും തൊഴിലാളികൾക്ക് 1000 രൂപയുമാണ് ചെലവ്. കൂട്ടമായെത്തുന്ന കുളവികൾ തേനീച്ചകളെ കൊന്നൊടുക്കുകയും മുട്ടകൾ നശിപ്പിക്കുകയും ചെയ്യുന്നതാണ് പുതിയ വെല്ലുവിളി. കൂട് പൂർണ്ണമായി നശിപ്പിച്ചുകളയുകയാണ് ഏകപ്രതിവിധി.
ഒരുകിലോ വൻ തേൻ : 400 രൂപ
ചെറുതേനിന് : 3000 രൂപ
വേനൽമഴ ഇരുട്ടടിയായി
ജനുവരി, ഫെബ്രുവരി, മാർച്ച് മാസമാണ് തേനീച്ച കൃഷിയുടെ സീസൺ. ഇത്തവണ നേരത്തെ പെയ്ത വേനൽമഴയിൽ റബർ പൂവും പൂമ്പൊടിയും ലഭ്യമല്ലാതായി. ജില്ലയിൽ മീനച്ചിൽ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി എന്നീ താലൂക്കുകളിലാണ് തേനീച്ചകൃഷി കൂടുതൽ. തീറ്റ ലഭ്യത കുറഞ്ഞതോടെ കർഷകർ പഞ്ചസാര ലായനിയാക്കി തീറ്റയായി നൽകേണ്ട ഗതികേടിലാണ്. ഹോർട്ടികോർപ്പ്, റബർ ബോർഡ്, ഖാദി ബോർഡ്, പഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിൽ തേനീച്ച വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും നടപടികളുണ്ട്. ഒരു പെട്ടി തേനീച്ച ഉൾപ്പെടെ 1500 രൂപയ്ക്കാണ് സബ്‌സിഡിയോടെ ലഭിക്കുന്നത്.
''കാലാവസ്ഥ പ്രതികൂലമായതിനാൽ മുൻവർഷങ്ങളിലേതിനെക്കാൾ ഉത്പാദനം കുറഞ്ഞു. റബർ രണ്ടാംഘട്ട തളിരിലയിട്ടാൽ പ്രതിസന്ധിയ്ക്ക് പരിഹാരമാകും.
(ഉണ്ണിക്കൃഷ്ണൻ കറുകച്ചാൽ, തേനീച്ച കർഷകൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |