SignIn
Kerala Kaumudi Online
Wednesday, 24 June 2026 9.36 AM IST

വിധിയെഴുതാൻ ഇനി 12 ദിവസം..... അടിയൊഴുക്കി തടയാൻ അടിയുറച്ച് പ്രവർത്തനം

ele

കോട്ടയം : തിരഞ്ഞെടുപ്പിന് കൃത്യം രണ്ടാഴ്ച ശേഷിക്കുമ്പോൾ അടിയൊഴുക്ക് തടയാനുള്ള അടിയുറച്ച പ്രവർത്തനത്തിലാണ് മുന്നണികൾ. ചാഞ്ചാടി നിൽക്കുന്ന വോട്ടർമാരെ പോക്കറ്റിലാക്കണം. ഒപ്പം ഉറപ്പിച്ച വോട്ടുകൾ നഷ്ടപ്പെടാതിരിക്കാനും കൊണ്ടുപിടിച്ച പ്രചാരണം. രാഷ്ട്രീയത്തിൽ സ്ഥിതിഗതികൾ മാറി മറിയാൻ നിമിഷങ്ങൾ മതി. ആ തിരിച്ചറിവിലാണ് മുന്നണികൾ. ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിച്ച് പ്രചാരണ രംഗം ചൂടുപിടിപ്പിച്ചെങ്കിലും ഏതെങ്കിലും മുന്നണിയ്ക്ക് അനുകൂലമായ തരംഗ സൂചന ഉണ്ടായിട്ടില്ല. സ്വീകരണ യോഗങ്ങളിൽ വലിയ ആവേശമാണ് മുന്നണികൾക്ക് ആത്മവിശ്വാസം നൽകുന്നത്. ജില്ലയിലെ 9 മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സര പ്രതീതി സൃഷ്ടിക്കാൻ മൂന്നുമുന്നണികൾക്കും ഇതിനകം കഴിഞ്ഞിട്ടുണ്ട്. 60 സ്ഥാനാർത്ഥികളാണ് മത്സരരംഗത്ത്. പത്ത് പേരുള്ള ചങ്ങനാശേരിയിലാണ് കൂടുതൽ. കുറവ് നാല് സ്ഥാനാർത്ഥികളുള്ള കാഞ്ഞിരപ്പള്ളിയിലും. വൈക്കത്ത് സി.കെ ആശ ഒഴിച്ച് എട്ടു സിറ്റിംഗ് എം.എൽഎമാരും മത്സരരംഗത്തുണ്ട്. 2021ലെ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് അഞ്ചും യു.ഡി.എഫ് നാലു സീറ്റുകളുമാണ് നേടിയത്. തദ്ദേശ തിരഞ്ഞെടുപ്പിലെ നേട്ടം കൂടുതൽ സീറ്റ് നേടാൻ സഹായിക്കുമെന്ന വിലയിരുത്തലിലാണ് യു.ഡി.എഫ്. എന്നാൽ പാലായടക്കം തിരിച്ചുപിടിക്കുമെന്ന കണക്കുകൂട്ടലിലാണ് എൽ.ഡി.എഫ്. സിറ്റിംഗ് എം.എൽഎമാരുടെ അഞ്ചുവർഷത്തെ പ്രകടനവും ഫലത്തെ സ്വാധീനിക്കും. പാലായിലും, കാഞ്ഞിരപ്പള്ളിയിലും, പൂഞ്ഞാറിലും അട്ടിമറി പ്രതീക്ഷയിലാണ് എൻ.ഡി.എ. ജോസ് കെ.മാണി, മാണി സി.കാപ്പൻ എന്നിവർക്കൊപ്പം ഷോൺ കൂടി എത്തിയതോടെ മത്സരഫലം പ്രവചനാതീതം. പി.സി. ജോർജ് ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പൂഞ്ഞാറിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. കേന്ദ്രമന്ത്രി ജോർജ് കുര്യൻ മത്സരിക്കുന്ന കാഞ്ഞിരപ്പള്ളി ബി.ജെപിയുടെ എ ക്ലാസ് മണ്ഡലമാണ്.

വികസന പ്രശ്‌നങ്ങളിൽ ഊന്നി
വികസന പ്രശ്‌നങ്ങളിൽ ഊന്നിയാണ് ഇപ്പോഴും പ്രചാരണം. കുടിവെള്ളവും,റോഡും, പാലങ്ങളും വിഷയങ്ങൾ നിരവധിയാണ്. തുടർഭരണത്തിലൂന്നി ഇടത് പ്രചാരണം കൊഴുക്കുമ്പോൾ ശബരിമല സ്വർണ്ണക്കൊള്ള അടക്കമാണ് മറ്റ് മുന്നണികൾ ഉയർത്തുന്നത്. പരമാവധി വോട്ടർമാരെ നേരിൽ കാണാനുള്ള ശ്രമത്തിലാണ് സ്ഥാനാർത്ഥികളും അണികളും. സോഷ്യൽ മീഡിയ അടക്കമുള്ള സാദ്ധ്യതകൾ പ്രയോജനപ്പെടുത്തിയാണ് വോട്ടുപിടിത്തം. അതൃപ്തിയുള്ളവരെയും ചാഞ്ചാട്ടക്കാരെയും ഫോണിൽ വിളിച്ചും നേരിട്ടു കണ്ടും വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ. കൂട്ടത്തിൽ നിന്ന് കാലുവാരുന്നവർ തലപൊക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല.

മോദിയുടെ വരവ് ഉണർവാക്കാൻ

ഇടതുമുന്നണി പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ പാലായിലെത്തിയിരുന്നു. ജോസിനെ എങ്ങനെയും ജയിപ്പിക്കാനുള്ള പ്രചാരണമാണ് സി.പി.എം നടത്തുന്നത്. അടുത്ത ആഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഷോണിനായി പാലായിൽ എത്തുന്നതോടെ വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയായിലാണ് എൻ.ഡി.എ. ഇനി മത്സരിക്കാനില്ലെന്നും അവസാന തിരഞ്ഞെടുപ്പാണെന്നുമുള്ള സഹതാപ കാർഡിറക്കിയുള്ള പ്രചാരണമാണ് സിറ്റിംഗ് എം.എൽ.എ മാണി സി കാപ്പൻ നടത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL