
കോട്ടയം : തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറക്കാൻ വൈകുന്നതോടെ ഒഴുക്ക് നിലച്ച് വേമ്പനാട്ടുകായലിലെയും, സമീപ ആറുകളിലെയും തോടുകളിലെയും വെള്ളം വിഷലിപ്തമായി. രണ്ടാം കൃഷിയുടെ കൊയ്‌ത്ത് പൂർത്തിയാക്കാൻ വൈകിയതാണ് ബണ്ട് തുറക്കൽ നീളുന്നത്. പോളയും പായലും നിറഞ്ഞത് ബോട്ട് സർവീസിനെയും ബാധിച്ചു. ചീഞ്ഞഴുകി പായൽ നിറഞ്ഞു കിടക്കുന്നത് മത്സ്യ സമ്പത്തിനെയും സാരമായി ബാധിക്കും. കാർഷിക കലണ്ടർ പ്രകാരം മാർച്ച് 15 നാണ് ഷട്ടറുകൾ തുറക്കേണ്ടതെങ്കിലും പലപ്പോഴും അത് പാലിക്കാറില്ല. ഷട്ടർ തുറക്കാൻ വൈകുന്നത് അവധിക്കാല സീസൺ പ്രതീക്ഷിക്കുന്ന ഹൗസ് ബോട്ട് മേഖലയ്ക്കും തിരിച്ചടിയാകും. ബണ്ട് തുറന്നാൽ ഉപ്പുവെള്ളം ഒഴുകിയെത്തി നെല്ല് നശിക്കുമെന്നാണ് കർഷകർ പറയുന്നത്. ബണ്ട് തുറക്കലുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളും കർഷകരും തമ്മിലുള്ള തർക്കമാണ് പലപ്പോഴും തിരിച്ചടിയാകുന്നത്.
തോട്ടിലിറങ്ങിയാൽ ചൊറിച്ചിൽ
വെള്ളത്തിലിറങ്ങിയാൽ ശരീരം ചൊറിഞ്ഞു തടിക്കുന്നതായി പരാതി ഉയരുന്നുണ്ട്. പല പ്രദേശങ്ങളിലും വെള്ളത്തിന്റെ നിറം മാറി രൂക്ഷ ഗന്ധമാണ് അനുഭവപ്പെടുന്നത്. വേമ്പനാട്ട് കായലിൽ പുല്ലും പോളയും കൂടാതെ കക്കൂസ് മാലിന്യങ്ങൾ ഉൾപ്പടെയുള്ളവ നിറഞ്ഞ് കിടക്കുകയാണ്. പകർച്ചവ്യാധി ഭീഷണിയിലാണ് പ്രദേശവാസികൾ. വെള്ളത്തിൽ ഓക്‌സിജന്റെ അളവും കുറഞ്ഞു. വേമ്പനാട്ടുകായലിൽ സ്വാഭാവികമായ ശുദ്ധീകരണ പ്രക്രിയക്കായി പരീക്ഷണാടിസ്ഥാനത്തിൽ ബണ്ട് ഒരു വർഷം തുറന്നിടണമെന്ന പരിസ്ഥിതി വിദഗ്ദ്ധരുടെ ആവശ്യവും ഇതുവരെ പരിഗണിച്ചിട്ടില്ല.
പോളയിൽ കുരുങ്ങി ജീവിതമാർഗം
മത്സ്യത്തൊഴിലാളികൾ, കായൽ നിലങ്ങളിൽ പുല്ലു ശേഖരിക്കുന്നവർ
ഹൗസ് ബോട്ട് മേഖലയ്ക്കും, കുമരകത്തെ ടൂറിസം മേഖലയ്ക്കും തിരിച്ചടി
കുമരകം - മുഹമ്മ ബോട്ട് സർവീസിന്റെ സമയക്രമം താളംതെറ്റുന്നു
90 ഷട്ടറുകൾ
ഷട്ടർ അടയ്ക്കേണ്ടത് : ഡിസംബർ 15
തുറക്കേണ്ടത് : മാർച്ച് 15 ന് ശേഷം
''തണ്ണീർമുക്കം ബണ്ട് തുറക്കാതെ നീട്ടിക്കൊണ്ട് പോകുന്ന അധികൃതരുടെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ജനങ്ങളെ ആകെ രോഗാവസ്ഥയിലേയ്ക്ക് തള്ളി വിടുകയാണ്. കടലിൽ നിന്ന് ഉപ്പുവെള്ളം കയറി വേമ്പനാട്ടുകായൽ ശുദ്ധിയാകാതെ വരുന്നതുമൂലം പോളശല്യം രൂക്ഷമാകുന്നു. ജലജന്യ രോഗസാദ്ധ്യത കൂടുന്നു. പരിസ്ഥിതി നാശം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഉടൻ ബണ്ട് തുറക്കണം.
-കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |