കോട്ടയം: പശ്ചിമേഷ്യൻ യുദ്ധഭീതി റബർകൃഷിയെ എല്ലാതലത്തിലും പിന്നോട്ടടിക്കുകയാണ്. മഴക്കാലം ആരംഭിക്കുന്നതോടെ റബർ ടാപ്പിംഗ് ചെലവേറും. പ്ലാസ്റ്റിക്, പശ എന്നിവയ്‌ക്കെല്ലാം വില ഇരട്ടിയായതാണ് പ്രതിസന്ധിക്ക് കാരണം. യുദ്ധത്തെ തുടർന്ന് പെട്രോളിയം ഉത്പന്നങ്ങൾക്കുണ്ടാകുന്ന വിലവർദ്ധനയും ക്ഷാമവും റബർ അസംസ്‌കൃത വസ്തുക്കളുടെ വില വർദ്ധനയ്ക്ക് കാരണമെന്നു വ്യാപാരികൾ പറയുന്നു. സമീപകാലത്തെ മികച്ച വില റബറിന് ലഭിക്കുന്ന സാഹചര്യത്തിൽ കൂടുതൽ കർഷകർ പ്ലാസ്റ്റ് ഒട്ടിക്കാനിരിക്കേയാണ് വിലക്കയറ്റം. ഷേഡ്, പ്ലാസ്റ്റിക് ഷീറ്റ് എന്നിവയാണ് റബർ പട്ടയ്ക്ക് സംരക്ഷണമൊരുക്കാൻ സാധാരണ ഒട്ടിക്കുന്നത്. ജില്ലയിലെ കർഷകരിൽ ഏറെയും പ്ലാസ്റ്റിക് ഒട്ടിക്കുന്നവരാണ്. ഒരു കിലോ പ്ലാസ്റ്റിക്കിന്റെ വിലയിൽ കിലോയ്ക്ക് 100 രൂപയുടെ വരെ വർദ്ധനയുണ്ടായി. തുന്നലിട്ട പ്ലാസ്റ്റിക്കിന് 295 രൂപ വരെയായി. തുന്നലിടാത്ത പ്ലാസ്റ്റിക്കിന് 25 രൂപ കുറവാണ്.
പശയുടെ വിലയും കുതിച്ചു
പശയ്ക്ക് 10 മുതൽ 40 രൂപ വരെ രൂപയുടെ വർദ്ധനയുണ്ടായി. ഒരു കിലോ പശയുടെ വില 73 രൂപയായി. പശയ്ക്ക് മേൽ ഘടിപ്പിക്കുന്ന റിബണിന്റെ വില വർദ്ധിച്ച് കിലോയ്ക്ക് 30 രൂപയായി. പ്ലാസ്റ്റിക് മരത്തിന്മേൽ ഘടിപ്പിക്കുന്ന സ്ട്രാപ്ലെയർ പിന്നിന്റേത് ഒഴികെയുള്ള മുഴുവൻ സാമഗ്രികൾക്കും വില വർദ്ധിച്ചതായി കർഷകർ പറയുന്നു.
ക്ഷാമം രൂക്ഷമാകും
വരും ദിവസങ്ങളിലും പശയ്ക്കും പ്ലാസ്റ്റിക്കിനും വില വർദ്ധിച്ചേക്കും. പ്ലാസ്റ്റിക്കിനും പശയ്ക്കും പലയിടങ്ങളിലും ക്ഷാമം അനുഭവപ്പെടുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |