കോട്ടയം : പൂക്കൾ വാടിക്കരിയുന്നു, പഴങ്ങളും പച്ചക്കറികളും പെട്ടെന്ന് ചീഞ്ഞും വാടിയും നശിക്കുന്നു. കൊടും ചൂടിന്റെ ബാക്കി പത്രത്തിന്റെ ദുരിതത്തിലാണ് വ്യാപാരികൾ. പഴങ്ങളും പച്ചക്കറികളും അധിക ദിവസം സൂക്ഷിക്കാനാകുന്നില്ല.
പൂക്കൾ സ്റ്റോക്ക് ചെയ്യാൻ പറ്റില്ലെന്നാണ് പൂക്കട ഉടമകളുടെ പരിഭവം. ജില്ലയിൽ പ്രധാനമായും തമിഴ്നാട്, കർണാടക പൂക്കളാണ് എത്തുന്നത്. ഇവിടെയും ചൂടാണ്. നേരത്തെ രണ്ട് ദിവസത്തേക്ക് സ്റ്റോക്ക് ചെയ്യുമായിരുന്നു. ഓരോ ദിവസവും പൂക്കൾ അനുസരിച്ചാണ് മാലയും ബൊക്കെയും ഒരുക്കുന്നത്. മൂന്നാഴ്ചയായി ഇതേ അവസ്ഥയാണ്. ഇപ്പോൾ പൂക്കൾ നിരത്തിയുള്ള ഡിസ്‌പ്ലേയുമില്ല. പഴവർഗ വ്യാപാരികളുടെ കാര്യം ഇതിലും ദയനീയമാണ്. ആപ്പിൾ, ഓറഞ്ച്, മുന്തിരി ഉൾപ്പെടെയുള്ളവയുടെ വില വർദ്ധിച്ചെന്ന് മാത്രമല്ല സ്റ്റോക്ക് ചെയ്യാനും ബുദ്ധിമുട്ടാണ്. പുറം തൊലി ചുളിഞ്ഞ് വാടിപ്പോകും. നേരത്തെ മൂന്ന് ദിവസം വച്ചാലും ഈ അവസ്ഥയിലേക്ക് പഴങ്ങൾ എത്തുമായിരുന്നില്ല. സാധാരണ ചൂടിനെ അതിജീവിക്കുന്ന തണ്ണിമത്തൻ പോലും ഈ ചൂടിൽ പൊട്ടിത്തകർന്ന് പോകുമെന്നും പഴക്കട ഉടമകൾ പറയുന്നു.
മാമ്പഴം ഉൾപ്പെടെയുള്ള പഴങ്ങൾ അതത് ദിവസത്തെ ഡിമാൻഡ് അനുസരിച്ചാണ് ജ്യൂസ് കടക്കാർ സൂക്ഷിക്കുന്നത്. വാടിയ പഴങ്ങൾ ഉപയോഗിച്ചുള്ള ജ്യൂസ് ആരോഗ്യത്തെ ബാധിക്കുമെന്നതും വെല്ലുവിളിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |