
ആകാശ പാതയ്ക്ക് ശാപമോക്ഷം, വമ്പൻ പദ്ധതികളില്ല
കോട്ടയം: കഴിഞ്ഞ പത്ത് വർഷത്തിനിടെ ആദ്യമായി ആകാശപ്പാതയെപ്പറ്റി ബഡ്ജറ്റിൽ പരാമർശം. വി.ഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ കോട്ടയത്തിന് ഗുണകരമാകുന്ന പ്രഖ്യാപനങ്ങൾ അധികമില്ലെങ്കിലും ആശ്വസിക്കാനുണ്ട്. ഇടതു സർക്കാർ പ്രകടന പത്രികയിൽ പ്രഖ്യാപിച്ച് നടപ്പാക്കിയില്ലെങ്കിലും റബറിന്റെ താങ്ങുവില വർദ്ധിപ്പിക്കാനുള്ള തീരുമാനം കർഷകർക്ക് ഗുണമായി. അതേസമയം കഴിഞ്ഞ സർക്കാർ പ്രഖ്യാപിച്ച പല പദ്ധതികളെപ്പറ്റിയും പരാമർശമില്ലാത്തത് നിരാശയുമായി.
പടവലങ്ങ പന്തലെന്ന കളിയാക്കലുകൾക്കൊടുവിലാണ് ആകാശപ്പാതയ്ക്ക് 15 കോടി രൂപ വകയിരുത്തിയത്.
കോട്ടയം നഗരസഭാ മേഖലയിൽ ഐ.ടി പാർക്ക് നിർമ്മാണത്തിനുള്ള പദ്ധതി അംഗീകരിക്കുകയും പ്രാരംഭ പ്രവർത്തനത്തിനുള്ള തുക വകയിരുത്തുകയും ചെയ്തിട്ടുണ്ട്. നിലച്ചു പോയ ചിങ്ങവനം സ്പോർട്സ് കോംപ്ലക്സിന്റെ നിർമ്മാണവും പുനരാരംഭിക്കുന്നതിനായി അനുമതി ലഭിച്ചിട്ടുണ്ട്. കാർഷിക മേഖലയ്ക്കായി ആകെ 1,535 കോടി രൂപ വകയിരുത്തിയത് ജില്ലയിലെ നെൽകർഷകർക്കും ഗണകരമാവും.
മുൻ പദ്ധതികളെവിടെ
ഇടതു സർക്കാരിന്റെ കാലത്തെ റബർ അധിഷ്ഠിത വ്യവസായ പാർക്ക്, കെ.പി.പി.എൽ അടക്കമുള്ള പദ്ധതികളെപ്പറ്റി പരാമർശിമില്ല. ശബരി റെയിൽ, വിമാനത്താവളം അടക്കമുള്ള പദ്ധതികളെപ്പറ്റിയും ബഡ്ജറ്റിൽ പരാമർശമില്ലാത്തത് നിരാശയായി. കോട്ടയം മെഡിക്കൽ കോളേജിനും കാര്യമായ പദ്ധതികളില്ല. തെക്കുംതല കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ തുടർ പ്രവർത്തനങ്ങളെപ്പറ്റിയും പരമാർശനമില്ല
പ്രധാനപ്രഖ്യാപനങ്ങൾ
ശബരിലമയുടെ തിരുപ്പതി മോഡൽ വികസനം എരുമേലിക്ക് ഗുണകരം
കഞ്ഞിക്കുഴിയിൽ ഫ്ലൈ ഓവർ
നെഹ്റു സ്റ്റേഡിയം നവീകരണം
വടവാതൂർ-കളത്തിപ്പടി-പൊൻപള്ളി റോഡിന് ഒരു കോടി
കോട്ടയം പി.ഡബ്ല്യു.ഡി ഓഫീസ് കെട്ടിട നിർമ്മാണം, തിരുനക്കര മിനി സിവിൽ സ്റ്റേഷൻ ബി.സി ബ്ലോക്കുകളുടെ നിർമ്മാണം
നിലച്ചു പോയ നട്ടാശ്ശേരി-സൂര്യകാലടി റഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമ്മാണം പുനരാരംഭിക്കും
കറുകച്ചാൽ റിംഗ് റോഡ് ബൈപ്പാസ്: 65 കോടി രൂപ.
പൊൻകുന്നം ബൈപ്പാസ്:15 കോടി.
മണ്ണാറക്കയം പനച്ചേപ്പള്ളി മലബാർ കവല ബൈപ്പാസ്: 10 കോടി.
കുന്നുംഭാഗം ചിറക്കടവ് അമ്പലം ബൈപ്പാസ്: 3 കോടി.
പഴയിടം ക്രോസ് വേ ബ്രിഡ്ജ് പുനർനിർമ്മാണം: 9 കോടി.
പൊന്തൻപുഴ ആലപ്ര റോഡ്, മണിമല വള്ളംചിറ കൊട്ടാങ്കൽ റോഡ് എന്നിവയുടെ ബിഎംബിസി നവീകരണം: 3 കോടി.
15-ാം മൈൽ ഇളംകുളം റോഡ് പുനരുദ്ധാരണം: 6.50 കോടി.
മണ്ണാറക്കയം -പട്ടിമറ്റം റോഡ് നവീകരണണം: 4 കോടി.
നെടുംകുന്നം കാവനാൽ കടവ് റോഡ്: 5 കോടി.
12-ാം മൈൽ നെടുംകുന്നം ചെട്ടിമുക്ക് മൈലാടി റോഡ്: 5 കോടി.
കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ എലിവേറ്റഡ് പാർക്കിംഗ് ഗ്രൗണ്ട് ഓപ്പൺ സ്റ്റേജ്: 2 കോടി.
കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മാണം:3 കോടി.
പുതുപ്പള്ളി ഐ.എച്ച്.ആർ.ഡി കോളേജിനോട് അനുബന്ധിച്ച് ഐ.ടി.പാർക്ക് ഒന്നാം ഘട്ടം : 5 കോടി
തലപ്പാടി ഗവ.സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി നവീകരണം: 4 കോടി
വെന്നിമല ശ്രീരാമ ലക്ഷ്മണ സ്വാമി ക്ഷേത്ര നവീകരണം: 1 കോടി
റബറിന് 250 ആക്കിയാലും
എന്ത് പ്രയോജനം
കോട്ടയം: റബർ വില റെക്കോർഡുകൾ ഭേദിക്കുമ്പോൾ 250രൂപ താങ്ങുവില കർഷകർക്ക് പ്രയോജനപ്പെടില്ലെന്ന് വിലയിരുത്തൽ. അതേസമയം റബറിന് 250 രൂപയാക്കുമെന്ന പ്രഖ്യാപനം പാലിക്കാനായതിൽ സർക്കാരിന് ആശ്വസിക്കാം.
കഴിഞ്ഞ ദിവസങ്ങളിൽ കോട്ടയത്ത് 277 രൂപയ്ക്കു വരെ റബർ വ്യാപാരം നടന്നിരുന്നു. നിലവിലെ വിലയേക്കാൾ അടിസ്ഥാന വില 25 രൂപയെങ്കിലും അധികമായാൽ മാത്രമേ കർഷകർ പദ്ധതിയിൽ നിന്ന് ആനുകൂല്യത്തിനായി പരിശ്രമിക്കൂ.
ചെറുകിട കർഷകർക്കായുള്ള പദ്ധതിയിൽ അംഗങ്ങളായ കർഷകർ കടയിൽ നിന്നു ബിൽ വാങ്ങി റബർ ഉത്പാദക സംഘങ്ങൾ മുഖേന നൽകിയാണ് ആനുകുല്യം നേടുന്നത്. ഭൂരിഭാഗം ഉത്പാദക സംഘങ്ങളുടെയും പ്രവർത്തനം കടലാസിൽ ഒതുങ്ങുന്നതിനാൽ പദ്ധതിയിൽ അംഗങ്ങളാകുന്നവരുടെ എണ്ണവും കുറവായിരുന്നു. പണം ലഭിക്കാൻ വൈകുന്നതും കർഷകരെ പദ്ധതിയിൽ നിന്ന് അകറ്റിയിരുന്നു.
റബർ കർഷകരെ ബഡ്ജറ്റിൽ വഞ്ചിച്ചു. റബറിന്റെ രാജ്യാന്തര വിപണി വില 300 രൂപയിലേക്ക് എത്തുമ്പോൾ കർഷകരെ പരിഹസിക്കുകയാണ് സംസ്ഥാന സർക്കാർ. ഫലത്തിൽ ഈ പ്രഖ്യാപനം കൊണ്ട് യാതൊരു ഗുണവും കർഷകർക്കില്ല.
എൻ.ഹരി
നിയുക്ത റബർ ബോർഡ് ചെയർമാൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |