SignIn
Kerala Kaumudi Online
Thursday, 25 June 2026 4.09 AM IST

മെഡിക്കൽ കോളേജിൽ അനാഥ രോഗികളേറുന്നു.... ഉറ്റവരേ ഇതുവഴി വരില്ലേ സാന്ത്വന സ്‌പർശമേകാൻ

medi

കോട്ടയം : മക്കളും ബന്ധുക്കളുമെല്ലാമുണ്ടായിട്ടും ആരുമില്ലാതെ അനാഥരെപ്പോലെ വിധിയെ പഴിച്ച് മെഡിക്കൽ കോളേജിന്റെ നാലുചുവരുകൾക്കുള്ളിൽ ഉള്ളുനീറി കഴിയുകയാണ് ഇവർ. രോഗത്തിന്റെ അവശതകളേക്കാൾ ഇവരെ അലട്ടുന്നത് നിഷ്‌ക്കരുണം വലിച്ചെറിയപ്പെട്ടതിന്റെ വേദനയാണ്. കണ്ണടയുന്നതിന് മുൻപെങ്കിലും ഉറ്റവരുടെ മുഖം ഒരുനോക്കുകാണാനാകുമോ?​ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആ 30 പേർ. ചുറ്റിലും സ്നേഹപരിചരണവുമായി മാലാഖമാരുണ്ടെങ്കിലും രക്തബന്ധത്തിന് പകരമാകുമോ. രോഗികൾ സുഖം പ്രാപിച്ച് ഡിസ്ചാർജിന് തയ്യാറാകുമ്പോഴും ബന്ധുക്കളെ ബന്ധപ്പെട്ടാൽ പ്രതികരണമുണ്ടാകാറില്ല. തുടർന്ന് രോഗികളെ റഫർ ചെയ്ത ആശുപത്രികളിലേക്ക് മടക്കി അയക്കും. ഇതിനുള്ള ആംബുലൻസ് ചെലവ് ആശുപത്രി വികസന സമിതി ഫണ്ടിൽ നിന്നാണ് വഹിക്കുന്നത്. അനാഥ രോഗികൾ മരണപ്പെടുന്ന സാഹചര്യങ്ങളിലും സമാന അവസ്ഥയാണ്. വിവരം അറിയിച്ചാലും ഭൂരിഭാഗം ബന്ധുക്കളും മൃതദേഹം ഏറ്റുവാങ്ങാൻ എത്താറില്ല. മോർച്ചറിയിൽ സൂക്ഷിച്ച് നിശ്ചിത കാലാവധിയ്ക്ക് ശേഷം പൊലീസിന്റെയും ആശുപത്രി അധികൃതരുടെയും നേതൃത്വത്തിൽ സംസ്‌കാര നടപടികൾ സ്വീകരിക്കും.

താങ്ങായി നോ ബൈ സ്റ്റാൻഡേഴ്‌സ്
എറണാകുളം മെഡിക്കൽ കോളേജ്,​ ജില്ലാ ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ നിന്നാണ് ബന്ധുക്കളില്ലാത്ത രോഗികളെ കൂടുതലായും കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നത്. ഇവരുടെ മുഴുവൻ ഉത്തരവാദിത്വവും ആശുപത്രിയിലെ 'നോ ബൈ സ്റ്റാൻഡേഴ്‌സ് ' യൂണിറ്റിനാണ്. രോഗികൾ നൽകുന്ന ഫോൺ നമ്പറുകളിൽ ബന്ധുക്കളെ ബന്ധപ്പെട്ടാലും ആരും എത്താറില്ല. ഇതോടെ രോഗികളുടെ ദൈനംദിന കാര്യങ്ങൾ മുതൽ ചികിത്സാ ഏകോപനം വരെ നടത്തണം. എഴുന്നേറ്റ് നടക്കാൻ കഴിയാത്തവരുടെ ശുശ്രൂഷയ്ക്കായി കുടുംബശ്രീ മുഖേന ആശുപത്രി വികസന സമിതി ആറു ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.

നവജീവന്റെ കരസ്പർശം

ചികിത്സയും മരുന്നുകളും ആശുപത്രി നൽകുമ്പോൾ ചായയും മറ്റ് ഭക്ഷണസഹായങ്ങളും നവജീവൻ ട്രസ്റ്റാണ് എത്തിക്കുന്നത്. വാർഡുകളിൽ ലഭ്യമല്ലാത്ത മരുന്നുകളും ട്രസ്റ്റ് വാങ്ങി നൽകുന്നു. നടക്കാൻ കഴിയുന്ന രോഗികൾക്ക് ആശുപത്രി പരിസരത്ത് സന്നദ്ധ സംഘടനകൾ വിതരണം ചെയ്യുന്ന ഭക്ഷണമാണ് ആശ്രയം.

''വാഹനാപകടങ്ങളിൽപ്പെട്ട് മരിക്കുന്ന രോഗികളുടെ കാര്യത്തിൽ ഇൻഷ്വറൻസ് ആനുകൂല്യങ്ങൾ ലഭിക്കാനുള്ള സാദ്ധ്യതയുള്ളതിനാൽ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാൻ എത്താറുണ്ട്. മറ്റ് രോഗികളുടെ കാര്യത്തിൽ ബന്ധുക്കൾ എത്തുന്നത് അപൂർവം.

(ആശുപത്രി അധികൃതർ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL