
കോട്ടയം: കഞ്ചാവിനും രാസലഹരിക്കുമെതിരെ പൊലീസും എക്‌സൈസും അന്വേഷണം കടുപ്പിച്ചപ്പോൾ പുതിയ വഴികൾ തേടുകയാണ് ലഹരിസംഘങ്ങൾ. ഗുരുതരരോഗങ്ങൾ ബാധിച്ച രോഗികൾക്ക് നൽകുന്ന വേദനാസംഹാരികൾ ഉൾപ്പെടെയുള്ള മരുന്നുകൾ ലഹരിസംഘങ്ങൾ ദുരുപയോഗം ചെയ്യുന്നതായാണ് അന്വേഷണസംഘങ്ങളുടെ കണ്ടെത്തൽ. അനസ്‌തേഷ്യ മരുന്നുകൾ ഉൾപ്പെടെ ലഹരിസംഘങ്ങളിലേക്ക് വൻതോതിൽ എത്തുന്നു എന്ന് വ്യക്തമായ സാഹചര്യത്തിൽ മെഡിക്കൽ സ്റ്റോറുകളെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കും. ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കേണ്ട പല മരുന്നുകളും യുവാക്കളിൽ എത്തുന്നുവെന്നാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. വേദനസംഹാരികൾ അമിതമായി കഴിക്കുന്നതും, ചില മരുന്നുകൾ രാസവസ്തുക്കളുമായി ചേർത്ത് കുത്തിവെയ്ക്കുന്നതുമടക്കമുള്ള അപകടകരമായ രീതികളും കണ്ടെത്തിയിട്ടുണ്ട്.
നിയമത്തിന് പുല്ലുവില
കുറിപ്പടിയില്ലാതെ മരുന്നുകൾ നൽകാൻ പാടില്ലെന്ന നിയമം നിലനിൽക്കുമ്പോഴും ചില മെഡിക്കൽ സ്റ്റോറുകളിൽ വീഴ്ചവരുത്തുകയാണ്. മെഡിക്കൽ സ്റ്റോറുകളിലെ വില്പനരേഖകൾ, സി.സി.ടി.വി ദൃശ്യങ്ങൾ, ഓൺലൈൻ മരുന്ന് വിതരണം എന്നിവ പരിശോധിക്കും. ചികിത്സയ്ക്കുള്ള മരുന്നുകൾ ലഹരിയാക്കുന്ന പ്രവണത തടയാൻ കർശനനടപടികളുമായി മുന്നോട്ടുപോകാനാണ് പൊലീസിന്റെയും എക്‌സൈസിന്റെയും തീരുമാനം.
വെറ്റില മുറുക്കിൽ വർദ്ധനവ്:
നിരോധിത പുകയില ഉൽപ്പന്നങ്ങൾക്കെതിരായ ഓപ്പറേഷൻ തൂഫാൻ ശക്തമായതോടെ വിപണിയിൽ വെറ്റില മുറുക്കിന്റെ ഉപയോഗവും വർദ്ധിച്ചു. പുകയില ഉത്പ്പന്നങ്ങളുടെ ലഭ്യത കുറഞ്ഞതോടെ അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ പലരും മുറുക്കിലേക്ക് തിരിഞ്ഞു.
ദുരുപയോഗം ചെയ്യുന്ന മരുന്നുകൾ
1വേദനാസംഹാരികൾ
2കാൻസർ ചികിത്സാമരുന്നുകൾ
3ചുമയ്ക്കുള്ള മരുന്നുകൾ
4അനസ്‌തേഷ്യ മരുന്നുകൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |