SignIn
Kerala Kaumudi Online
Tuesday, 21 July 2026 1.38 PM IST

പാലായിൽ 'അവിശ്വാസപാലം ' വിപ്പു ലംഘിച്ചു വലിച്ചു താഴെയിടുമോ?

അവിശ്വാസത്തിന്റെ തലേന്ന് ഡി.സി.സി വിപ്പു കൊടുത്തിട്ടുണ്ടെങ്കിലും പാലായിൽ കോൺഗ്രസ് കൗൺസിലർമാർ പാലംവലിച്ച് ചെയർപേഴ്സണെ താഴെയിടുമോ എന്നാണ് ചുറ്റുവട്ടത്തുള്ളവർ ഉറ്റുനോക്കുന്നത്. 'വിപ്പൊക്കെ ഞങ്ങൾ എത്ര കണ്ടിട്ടുണ്ട് പാലായിലെ കാര്യം ഞങ്ങൾ നോക്കികൊള്ളാമെന്ന് രണ്ടുപേർ ചിന്തിക്കുകയോ രണ്ടു പേർ വരാതിരിക്കുകയോ ചെയ്താലും അവിശ്വാസം പാസാകും. അതുകൊണ്ട് വിപ്പിൽ നാട്ടുകാർക്ക് അത്ര വിശ്വാസം പോര. മൂന്നംഗ പുളിക്കക്കണ്ടം കുടുംബത്തിന്റെ പിന്തുണയോടെ അധികാരത്തിലെത്തിയ യു.ഡി.എഫ് ഭരണത്തെ താഴെയിറക്കുമെന്ന് ആറ് കോൺഗ്രസ് കൗൺസിലർമാർ ആണയിട്ടിരുന്നു. കുറുക്കുവഴിയിലൂടെ ഭരണം തിരികെപിടിക്കുവാനില്ലെന്നും എന്നാൽ പാലാ നഗരസഭയെ അനാഥമാക്കില്ലെന്നും പറയുന്ന ഇടതുമുന്നണി, തങ്ങളുടെ അവിശ്വാസചൂണ്ടയിൽ ആരൊക്കെ കൊത്തുമെന്നു കാത്ത് കളികാണാൻ ഗ്യാലറിയിൽ ഇരിക്കുകയാണ്.

26 അംഗ കൗൺസിലിൽ 14 പേരുടെ പിന്തുണയുമായാണ് യു.ഡി.എഫ് അധികാരത്തിലെത്തിയത്. ആറ് മാസം പിന്നിട്ടപ്പോൾ കോൺഗ്രസുകാർ ചെയർപേഴ്സൺ മാറണമെന്ന ആവശ്യമുയർത്തിനിൽക്കുകയാണ്. യു.ഡി.എഫിലെ മറ്റ് കക്ഷികളെല്ലാം കൂടി നാല് പേരാണുള്ളത്. ഇവർ ആർക്കൊപ്പമെന്ന് അവിശ്വാസം വരുമ്പോൾ കാണാം.

മൂന്ന് ദിവസം തുടർച്ചയായി കൗൺസിൽ യോഗം ചെയർപേഴ്സൺ വിളിച്ചത് കോൺഗ്രസ് അംഗങ്ങൾക്കിട്ട് പണി കൊടുക്കാനായിരുന്നു. കോൺഗ്രസിനൊപ്പം പ്രതിപക്ഷാംഗങ്ങളടക്കം 20 അംഗങ്ങൾ വിട്ടുനിന്നതോടെ പുളിക്കക്കണ്ടത്തിന്റെ പണി പാളി. ക്വാറമില്ലാതെ യോഗം നടത്താൻ കഴിയാത്ത സ്ഥിതിയായി . ഡി.സി.സി പ്രസിഡന്റ് പുറപ്പെടുവിച്ച വിപ്പ് ലംഘിച്ചു അവിശ്വാസത്തെ പിന്തുണയ്ക്കുന്ന കോൺഗ്രസ് അംഗങ്ങളെ പുറത്താക്കിയാൽ ഉപതിരഞ്ഞെടുപ്പ് വരും. ‌ ജയിപ്പിച്ചു വിട്ടവരുടെ നാണംകെട്ട കളികൾ വോട്ടർമാർ കണ്ടു മടുത്തതിനാൽ ഉപതിരഞ്ഞെടുപ്പിൽ ജയിക്കുമോയെന്ന ആത്മവിശ്വാസം നേതാക്കൾക്കില്ല.

ആരോപണ പ്രത്യാരോപണങ്ങളും കുതികാൽ വെട്ടും ഇനിയും തുടരുമെന്നതിനാൽ നഗരസഭാ ഭരണം അഞ്ച് വർഷവും സുഗമമായി പോകാനിടയില്ല. ആരും തിന്നുകയുമില്ല ആരെയും തീറ്റിക്കുകയുമില്ലെന്ന സ്ഥിതിയിൽ സകല പേക്കൂത്തുകൾക്കും സാക്ഷിയാകേണ്ട ഗതികേടാകും നാട്ടുകാർക്ക് തുടർന്നും ഉണ്ടാവുക എന്നാണ് ചുറ്റുവട്ടത്തിന് പ്രവചിക്കാനുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, PALA MUNCIPALITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL