
കോട്ടയം: ക്രഷർ,ക്വാറി ഉത്പന്നങ്ങൾ ഇതരസംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട് സർക്കാർ നിയന്ത്രണം കൊണ്ടുവന്നത് കേരളത്തിൽ നിർമ്മാണമേഖലയ്ക്ക് ഇരുട്ടടിയായി. ഇതോടെ കരിങ്കല്ല്, മെറ്റിൽ, പാറപ്പൊടി ഉൾപ്പെടെയുള്ളവയ്ക്ക് ക്ഷാമത്തിനൊപ്പം വിലയും കൂടി. ഇത് നിർമ്മാണമേഖലയിൽ പ്രതിസന്ധി ഇരട്ടിയാക്കും.
കേരളത്തിൽ പാറമടകൾക്ക് നിയന്ത്രണം വന്നതോടെ ക്വാറി,ക്രഷർ ഉത്പന്നങ്ങൾക്ക് തമിഴ്നാടിനെയായിരുന്നു ആശ്രയിച്ചിരുന്നത്. ക്ഷാമത്തിന്റെ മറവിൽ ഇടനിലക്കാർ അമിതവില ഈടാക്കുകയാണെന്നാണ് കരാറുകാരുടെ പരാതി.
ക്വാറി ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കാനും വിലക്കയറ്റം തടയാനുമാണ് തമിഴ്നാട്ടിൽ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് നിയന്ത്രണം കൊണ്ടുവന്നത്. തമിഴ്നാട്ടിലെ ആഭ്യന്തര ആവശ്യങ്ങൾക്ക് കഴിഞ്ഞേ മറ്റു സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാനാവൂ. വൈദ്യുതിക്ഷാമം മൂലം തമിഴ്നാട്ടിൽ ക്രഷർ സാധനങ്ങളുടെ ഉത്പാദനം കുറഞ്ഞിരുന്നു.
വാഹനപരിശോധന കർശനമാക്കി
ജിയോളജി വകുപ്പിന്റെ ഓൺലൈൻ സംവിധാനം വഴിയുള്ള ട്രാൻസിറ്റ് പാസോ ലൈസനസോ ഇല്ലാതെ ക്വാറി ഉത്പന്നങ്ങൾ കേരളത്തിലേക്ക് കൊണ്ടുപോകാനാവില്ല. അതിർത്തി ചെക്കുപോസ്റ്റുകളിൽ വാഹനപരിശോധന കർശനമാക്കിയിട്ടുണ്ട്.
കാത്തിരിക്കുന്നത് വലിയ പ്രതിസന്ധി
ക്രഷർ ഉത്പന്നങ്ങൾക്ക് ക്ഷാമവും വിലക്കയറ്റവും കാരണം റോഡുകൾ, പാലം തുടങ്ങി സർക്കാർ പ്രവൃത്തികൾ ഏറ്റെടുത്ത കരാറുകാരാണ് കൂടുതലും ബുദ്ധിമുട്ടിലായത്. കേരളത്തിൽ മുമ്പ് മൂവായിരത്തോളം ക്വാറികൾ ഉണ്ടായിരുന്നു. നാട്ടുകാരുടെയും പരിസ്ഥിതി സംഘടനകളുടെയും എതിർപ്പുകാരണം ഭൂരിഭാഗവും പ്രവർത്തനം നിറുത്തി. ഇക്കാരണത്താൽ അന്യസംസ്ഥാനങ്ങളെയാണ് കരാറുകാർ പ്രധാനമായും ആശ്രയിച്ചിരുന്നത്. കരിങ്കൽ, എം സാൻഡ്, മെറ്റൽ,പാറപ്പൊടി എന്നിവയുടെ വില കാരണം കൂടാതെ വദ്ധിപ്പിക്കുകയാണെന്ന പരാതി നിലനിൽക്കെയാണ് പുതിയ പ്രതിസന്ധി.
കേരളത്തിൽ ക്വാറികൾ: 500ൽ താഴെ
നിർമ്മാണമേഖലയ്ക്ക് ആവശ്യമായതിന്റെ 30 ശതമാനം പോലും കേരളത്തിൽ ലഭ്യമല്ല. തമിഴ്നാടുമായി ചർച്ച ചെയ്തു ക്വാറി,ക്രഷർ ഉത്പന്നങ്ങൾ കേരളത്തിൽ എത്തിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണം.
വർഗീസ് കണ്ണമ്പള്ളി ( സംസ്ഥാന പ്രസിഡന്റ്, കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |