
കോട്ടയം : ശക്തി കുറഞ്ഞെങ്കിലും ഇടവിട്ട് പെയ്യുന്ന മഴ കോട്ടയത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ ആശങ്ക ഉയർത്തുന്നു.
വെള്ളക്കെട്ടിൽപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിലേക്കും, ബന്ധുവീടുകളിലും പലരും അഭയം പ്രാപിച്ചു. കിഴക്കൻ മേഖലയിൽ നിന്ന് വെള്ളമിറങ്ങിയപ്പോൾ പടിഞ്ഞാറ് പൂർണമായും മുങ്ങി. മഴ പൂർണമായി മാറി അന്തരീക്ഷം തെളിഞ്ഞാലും താഴ്ന്ന പ്രദേശങ്ങളിലെ വെള്ളം ഇറങ്ങിത്തുടങ്ങാൻ ദിവസങ്ങളോ ആഴ്ചകളോ എടുക്കും.തുടർച്ചയായ നാലാം ദിവസവും മീനച്ചിലാർ കരകവിഞ്ഞൊഴുകുകയാണ്. അയർക്കുന്നം, പുതുപ്പള്ളി, പാമ്പാടി, വിജയപുരം, മണർകാട്, അയ്മനം തിരുവാർപ്പ്, കുമരകം,നീണ്ടൂർ, കല്ലറ, കുറിച്ചി, പനച്ചിക്കാട്, ആർപ്പൂക്കര പഞ്ചായത്തുകളുടെയും ഏറ്റുമാനൂർ, കോട്ടയം നഗരസഭകളുടെയും താഴ്ന്ന ഭാഗങ്ങൾ വെള്ളത്തിനടിയിലാണ്.
ജില്ലയിൽ നിലവിൽ 114 ദുരിതാശ്വാസ ക്യാമ്പുകളിലായി 1,288 കുടുംബങ്ങളിൽ നിന്നുള്ള 3,714 പേരാണ് കഴിയുന്നത്. ഉടുക്കാനുള്ള വസ്ത്രങ്ങൾ, അത്യാവശ്യ സാധനങ്ങൾ, വിലപ്പെട്ട രേഖകൾ എന്നിവ മാത്രമെടുത്ത് വീടുകൾ പൂട്ടി ഇറങ്ങിയവരാണ് ഭൂരിഭാഗവും. ഫർണിച്ചറുകൾ, വീട്ടുപകരണങ്ങൾ, പാത്രങ്ങൾ തുടങ്ങി എല്ലാം വീടിനുള്ളിൽ ഉപേക്ഷിച്ച നിലയിലാണ്.
വീടുകളിലേക്ക് മടങ്ങാനും വെല്ലുവിളികളേറെ
വീടുകളിലേക്ക് മടങ്ങാനും വലിയ വെല്ലുവിളികളാണ് കാത്തിരിക്കുന്നത്. ചെളിയും മാലിന്യവും നിറഞ്ഞ വീടുകൾ വൃത്തിയാക്കണം. കിണറുകൾ ശുദ്ധീകരിക്കണം. മോട്ടോറുകളും വൈദ്യുത വയറിംഗും പരിശോധിച്ച് അറ്റകുറ്റപ്പണികൾ നടത്തണം. വെള്ളം കയറി നശിച്ച ഇലക്ട്രിക് ഉപകരണങ്ങൾ മാറ്റിസ്ഥാപിക്കണം. ഫർണിച്ചറുകളും വീട്ടുപകരണങ്ങളും പാത്രങ്ങളും കഴുകി ഉണക്കിയെടുക്കണം. പടിഞ്ഞാറൻ മേഖലയിൽ വെള്ളപ്പൊക്കം പതിവാണെങ്കിലും ഇത്തവണ സ്ഥിതി ഗുരുതരമായി.
114 ദുരിതാശ്വാസ ക്യാമ്പുകൾ
1,288 കുടുംബങ്ങൾ
3,714 പേർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |