
കോട്ടയം : തങ്ങളുടെ മാസങ്ങൾ നീണ്ട അദ്ധ്വാനം മിന്നൽപ്രളയത്തിൽ വെറുതെയായല്ലോ. കനത്ത മഴയെ തുടർന്ന് വെള്ളത്തിൽ മുങ്ങിയ പാടശേഖരത്തേക്ക് നോക്കി സങ്കടപ്പെടുകയാണ് നെൽകർഷകർ. അയ്മനം,കുമരകം,തിരുവാർപ്പ്, ആർപ്പൂക്കര തുടങ്ങി പടിഞ്ഞാറൻ മേഖലയിലാണ് ദുരിതം കൂടുതൽ. കൊയ്ത്ത് തുടങ്ങിയ പാടങ്ങളിലും, തയ്യാറെടുക്കുന്ന പാടങ്ങളും വെള്ളത്തിലാണ്. അയ്മനം പഞ്ചായത്തിലെ 85 ഏക്കറോളം വരുന്ന തെക്കേ കോൺ പിരിത്തിക്കോട് പാടശേഖരത്തെ കൊയ്ത്ത് വെള്ളക്കെട്ടിനെ തുടർന്ന് നിറുത്തിവെച്ചു. മൂന്ന് കൊയ്ത്ത് യന്ത്രങ്ങളും വെള്ളത്തിലായി. സീസണിൽ മികച്ച വിളവ് പ്രതീക്ഷിച്ചിരിക്കെയാണ് ഇരുട്ടടി. രണ്ടാം കൃഷിയ്ക്ക് വിതച്ച് ഒരു മാസമേ ആയുള്ളൂ. നെൽച്ചെടികൾ പൂർണമായും വീണുപോയി. അയ്മനം 20-ാം വാർഡിൽ വിതച്ചിട്ട് 22 ദിവസമായ 265 ഏക്കർപുത്തൻകരി പാടശേഖരത്തിൽ മടവീണു. മോട്ടോർ ഷെഡും പെട്ടിപറ ഉൾപ്പെടെ ഒഴുകിപ്പോയി. തിരുവാർപ്പ് 19 -ാം വാർഡ് ചെങ്ങളം സൗത്ത് കേളക്കേരി 155 ഏക്കർ മാടപ്പള്ളി പാടത്തും മട വീണ് മോട്ടോർത്തറ നശിച്ചു
ഇനി ഒന്നേന്ന് തുടങ്ങണം
കള പറിച്ചും പൊടിയും ചെളിയും അടിച്ച് ഒരുക്കിയ പാടങ്ങളിൽ ഇനി വെള്ളം പറ്റിച്ച് പ്രാരംഭ നടപടികൾ തുടങ്ങണം.
വീണ്ടും വിതയ്ക്കാൻ സബ്സിഡി നിരക്കിൽ വിത്ത് ലഭിക്കില്ല. കൂടിയ വിലയ്ക്ക് സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് വാങ്ങണം. രോഗ പ്രതിരോധ ശേഷിയും ഗുണ നിലവാരവും കുറഞ്ഞ വിത്തായതിനാൽ വിളവും കുറവായിരിക്കും. നേരത്തെ മട വീണ് കൃഷി നശിച്ചതിന്റെ പണം മിക്കവർക്കും ലഭിച്ചിട്ടില്ല. ആദ്യകൃഷിയുടെ നെല്ല് സപ്ലൈക്കോ സംഭരിച്ചതിന്റെപണവും കുടിശികയാണ്.
വെള്ളപ്പൊക്കത്തിൽ മടവീഴാതിരിക്കാൻ എല്ലാ പാടശേഖരങ്ങളുടേയും പുറംബണ്ടുകളുടെ അകവും പുറവും കല്ലുകെട്ടിയും സ്ലാബ് നാട്ടിയും ബലപ്പെടുത്തണമെന്ന് നിർദ്ദേശമുണ്ടെങ്കിലും നടപ്പാക്കിയിട്ടില്ല.
നിലവിലെ വെല്ലുവിളി
മടവീഴ്ച തടയാൻ വേണ്ടത് ലക്ഷങ്ങൾ
മടവീണാൽ ലക്ഷങ്ങളുടെ കൃഷി നഷ്ടം
അധിക ചെലവ് ലാഭത്തെ ബാധിക്കും
ഏക്കറിന് 25000 രൂപയോളം ചെലവഴിച്ചാണ് നിലം ഒരുക്കി കൃഷിയിറക്കിയത്
''മടവീണ് നെൽകൃഷി നശിച്ച കർഷകരെ സഹായിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. വീണ്ടും കൃഷി ചെയ്യുന്നതിന് സൗജന്യ നിരക്കിൽ വിത്തും വളവും ലഭ്യമാക്കണം.
കേശവൻ (നെൽകർഷകൻ )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |