പാലാ: നഗരസഭയിൽ പുതിയ ചെയർപേഴ്‌സണെ തിരഞ്ഞെടുക്കാനുള്ള നീക്കങ്ങൾ സജീവമാകുന്നതിനിടെ വൈസ് ചെയർമാൻ സ്ഥാനത്തെ ചൊല്ലി 17 അംഗ സംയുക്ത കൗൺസിലർമാർക്കിടയിൽ ഭിന്നത. ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പിനൊപ്പം വൈസ് ചെയർമാൻ സ്ഥാനത്തിനും ധാരണവേണമെന്ന ആവശ്യവുമായി വിമത കോൺഗ്രസ് കൗൺസിലർമാരിലെ ഒരുവിഭാഗം രംഗത്തെത്തി. ഇതോടെ പുതിയ ഭരണസമിതിയെ സംബന്ധിച്ച ധാരണയ്ക്കു വീണ്ടും കുരുക്ക്.
ഇക്കാര്യം ചൂണ്ടിക്കാട്ടി കേരളാ കോൺഗ്രസ്(എം) പാർലമെന്ററി പാർട്ടി ലീഡർക്ക് കൊടുക്കാൻ വിമത കോൺഗ്രസ് കൗൺസിലർമാരിലെ ഒരുവിഭാഗം ചേർന്ന് കത്ത് തയ്യാറാക്കിയെങ്കിലും വിമത കോൺഗ്രസ് കൗൺസിലർമാരിൽ ഒരാൾ ഒപ്പിടാൻ തയ്യാറായില്ല. നാലംഗ വിമത കോൺഗ്രസ് കൗൺസിലർമാരിലെ ഒരാൾ മാതൃസംഘടന പറയുന്ന നിർദ്ദേശം സ്വീകരിക്കുമെന്ന നിലപാട് സ്വീകരിച്ചതോടെ വിമതരിലും അഭിപ്രായ ഭിന്നത രൂക്ഷമായി. ഇതിനിടെ മാതൃസംഘടനയിലേക്ക് മടങ്ങാൻ നീക്കം നടത്തുന്ന കൗൺസിലർ ചെയർപേഴ്‌സൺ സ്ഥാനം ആവശ്യപ്പെട്ട് സഹകൗൺസിലർമാരെ സമീപിച്ചതായും സൂചനയുണ്ട്.
നേതാക്കൾക്കിടയിൽ പിടിവലി രൂക്ഷം
ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പിനൊപ്പം വൈസ് ചെയർമാൻ തിരഞ്ഞെടുപ്പും നിർണായകമാകുമെന്നതിനാൽ ഇരുപദവികളിലും വ്യക്തമായ ധാരണയുണ്ടാക്കിയശേഷം മാത്രമേ മുന്നോട്ടു പോകു എന്ന നിലപാടിലാണ് വിമത കോൺഗ്രസിലെ ഒരു വിഭാഗം. ഇതിന്റെ ഭാഗമായി കേരള കോൺഗ്രസ് വിഭാഗവുമായി ആശയവിനിമയം നടത്തിയതായും വിവരമുണ്ട്.
നേരത്തെ ബിജു മാത്യൂസിനെ വൈസ് ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനുള്ള നീക്കം വിമത കോൺഗ്രസ് വിഭാഗത്തിലുണ്ടായിരുന്നുവെന്നാണ് വിവരം. എന്നാൽ വൈസ് ചെയർമാൻ സ്ഥാനം തങ്ങൾക്ക് ലഭിക്കണമെന്ന നിലപാട് കേരള കോൺഗ്രസ് വിഭാഗം ശക്തമായി ഉന്നയിച്ചതോടെ കാര്യങ്ങൾ മാറി.
ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് പിന്തുണ നൽകുന്നതിന് പകരമായി വൈസ് ചെയർമാൻ സ്ഥാനം ഉറപ്പാക്കണമെന്ന കേരള കോൺഗ്രസിന്റെ ആവശ്യം അംഗീകരിക്കുന്ന കാര്യത്തിൽ വിമത കോൺഗ്രസിനുള്ളിൽ ഏകാഭിപ്രായമില്ലെന്നാണ് സൂചന. വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിൽ കൂടി ധാരണയായ ശേഷം മാത്രമേ ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പിൽ അനുകൂല നിലപാട് സ്വീകരിക്കൂ എന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |