മേപ്പാടി: നെല്ലിമുണ്ട ഒന്നാംമൈലിൽ തേയില തോട്ടത്തിൽ പുള്ളിപ്പുലി. റോഡരികിലെ ഹാരിസൺസ് മലയാളം പ്ലാന്റേഷന്റെ തോട്ടത്തിലാണ് പുള്ളിപ്പുലിയെ കണ്ടത്. തോട്ടത്തിലെ സിൽവർ ഓക്ക് മരത്തിന് മുകളിലായിരുന്നു പുലി. ചൂരൽമല മേപ്പാടി റോഡിൽ നിന്ന് 30 മീറ്റർ മാത്രം മാറിയാണ് പുലി ഉണ്ടായിരുന്നത്. നാട്ടുകാർ വീഡിയോ എടുക്കാൻ ശ്രമിച്ചതോടെ പുലി തോട്ടത്തിലേക്ക് ചാടിയിറങ്ങി. കഴിഞ്ഞ ഏതാനും വർഷങ്ങളായി സമീപ പ്രദേശങ്ങളായ മാപ്പിളതോട്ടം, നെല്ലിമുണ്ട, ചുളിക്ക എന്നിവിടങ്ങളിൽ പുലിയെ കണ്ടിരുന്നു. സ്ഥിരമായി പുലി ഇറങ്ങാൻ തുടങ്ങിയതോടെ തോട്ടം തൊഴിലാളികളും ആശങ്കയിലായി. ചുളിക്കയിൽ രണ്ടാഴ്ച മുമ്പ് 10 വയസുകാരന് നേരെ പുലിയുടെ ആക്രമണം നടന്നിരുന്നു. പുലിയെ പിടികൂടാനായി എട്ടാം നമ്പറിലെ തേയിലതോട്ടത്തിൽ കൂട് സ്ഥാപിച്ചെങ്കിലും ഇതുവരെയും കൂട്ടിൽ അകപ്പെട്ടിട്ടില്ല. തേയില തോട്ടത്തിന്റെ മനോഹാരിത ആസ്വദിക്കാനായി എത്തുന്ന വിനോദ സഞ്ചാരികൾക്ക് പുലിയുടെ സാന്നിദ്ധ്യം ഭീഷണിയാവുകയാണ്. പുലിയെ നിരീക്ഷിക്കാനായി വനം വകുപ്പ് പ്രദേശത്ത് ക്യാമറകൾ സ്ഥാപിക്കും. നേരത്തെയും പ്രദേശത്ത് കണ്ടിരുന്ന പുലിയാണ് ഇതെന്നും അക്രമകാരി അല്ലെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |