SignIn
Kerala Kaumudi Online
Wednesday, 22 April 2026 2.42 AM IST

തകർക്കാനാകുമോ എലത്തൂർ കോട്ട?

Increase Font Size Decrease Font Size Print Page
elathur
elathur

കോഴിക്കോട്: കോഴിക്കോട് നഗരാതിർത്തിയോട് ചേർന്നുകിടക്കുന്ന എലത്തൂരിലേത് ഇടതുപക്ഷത്തിന് വളക്കൂറുള്ള മണ്ണാണ്. ഇതുവരെ നടന്ന മൂന്ന് നിയമസഭ തിരഞ്ഞെടുപ്പിലും എൻ.സി.പി (എസ്) നേതാവും മന്ത്രിയുമായ എ.കെ. ശശീന്ദ്രനാണ് വിജയിച്ചത്. ഇത്തവണ കാറ്റ് മാറിവീശുമോ എന്നാണ് വോട്ടർമാർ നിരീക്ഷിക്കുന്നത്. മന്ത്രി ശശീന്ദ്രൻ തന്നെ തുടർന്നും മത്സരിക്കുന്നതിൽ പാർട്ടിയിൽ ഒരു വിഭാഗത്തിന് എതിർപ്പുണ്ടായിരുന്നു. എൻ.സി.പി. ജില്ലാ പ്രസിഡന്റും എൽ.ഡി.എഫ് ജില്ലാ കൺവീനറുമായ മുക്കം മുഹമ്മദിനെ സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാൽ ശശീന്ദ്രൻ തന്നെ സ്ഥാനാർത്ഥിയായി. പാർട്ടിയിലെ തർക്കങ്ങൾ ദേശീയനേതാവ് പി.സി ചാക്കോയുടെ നേതൃത്വത്തിൽ പരിഹരിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഭരണനേട്ടങ്ങൾ തുണയാകുമെന്ന് എൽ.ഡി.എഫ് കരുതുന്നു. മണ്ഡലത്തിന്റെ തുടക്കം മുതൽ ജനപ്രതിനിധിയെന്ന നിലയിലുള്ള സ്വാധീനവും സഹായകമാകുമെന്നാണ് ഇടതുമുന്നണി പ്രതീക്ഷ.അതിനിടെ പത്രികയുടെ സൂക്ഷ്മപരിശോധനാനന്തരം വർഷങ്ങളായി എന്‌.സി.പി.കൈവശം വച്ചുപോരുന്ന ക്ലോക്ക് ചിഹ്നം നഷ്ടമായത് പ്രതീക്ഷിക്കാത്ത തിരിച്ചടിയായി. അപരനായെത്തിയ അജിത്പവാർ ഗ്രൂപ്പിലെ പി.കെ.ശശീന്ദ്രനാണ് ക്ലോക്ക് ചിഹ്നം കിട്ടിയത്. അതെല്ലാം സാങ്കേതികമായ പ്രശ്നങ്ങളാണെന്നും വിജയത്തെ ഒരുതരത്തിലും ബാധിക്കില്ലെന്നും എ.കെ.ശശീന്ദ്രൻ പറയുന്നു.

എന്നാൽ എൻ.സി.പിയിലെ പടലപിണക്കങ്ങൾ തങ്ങൾക്ക് തുണയാകുമെന്നാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ വിദ്യ ബാലകൃഷ്ണൻ കരുതുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനുണ്ടായ മികച്ച വിജയം തുണയാകുമെന്നും പറയുന്നു. കുടിവെള്ള പ്രശ്നവും തുറമുഖ വികസനവും ഉൾപ്പെടെ മണ്ഡലത്തിന്റെ പിന്നാക്കാവസ്ഥ ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് പ്രചാരണം. യുവതയെ അവതരിപ്പിച്ചാണ് യു.ഡി.എഫ് വികസന വാഗ്ദാനം നൽകുന്നത്.

ബി.ജെ.പി റൂറൽ ജില്ല പ്രസിഡന്റ് ടി. ദേവദാസാണ് എൻ.ഡി.എ സ്ഥാനാർത്ഥി. ജില്ലയിൽ ബി.ജെ.പിക്ക് വളക്കൂറുള്ള മണ്ഡലങ്ങളിലൊന്നാണിത്. കഴിഞ്ഞ തവണ 32,010 വോട്ട് നേടി. അതിനു മുമ്പ് 29,070 വോട്ടായിരുന്നു. ക്രമാനുഗതമായി വോട്ട് വർദ്ധിപ്പിച്ചുവരികയാണ് ബി.ജെ.പി.

  • മണ്ഡല ചരിത്രം

2008ലെ നിയമസഭ പുനർനിർണയത്തിന്റെ അടിസ്ഥാനത്തിൽ 2011ലാണ് മണ്ഡലം നിലവിൽ വന്നത്. കോഴിക്കോട് നഗരാതിർത്തിയോട് ചേർന്നു കിടക്കുന്ന മണ്ഡലമാണിത്. ചേളന്നൂർ, എലത്തൂർ, കക്കോടി, കാക്കൂർ, കുരുവട്ടൂർ, നന്മണ്ട, തലക്കുളത്തൂർ പഞ്ചായത്തുകൾ ഉൾക്കൊള്ളുന്നു. മണ്ഡലം രൂപീകരണം മുതൽ എൽ.ഡി.എഫിനാണ് വിജയം. 2011, 2016, 2021 വർഷങ്ങളിലായി മൂന്നു തിരഞ്ഞെടുപ്പുകളാണ് ഇതുവരെ നടന്നിട്ടുള്ളത്. കഴിഞ്ഞ തവണ 38,502 വോട്ടുകളുടെ തകർപ്പൻ ഭൂരിപക്ഷവുമായാണ് ശശീന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടത്.

ആകെ വോട്ട്...2,10,691

പുരുഷന്മാർ....1,01,694

സ്ത്രീകൾ....1,08,995

ട്രാൻസ്ജെൻഡർ....2

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.