ആവേശമായി രാഹുൽ
കോഴിക്കോട്: പോളിംഗ് ബൂത്തിലേക്ക് ഇനി എട്ടുനാൾ ശേഷിക്കെ പ്രചാരണത്തിന് ചൂടുപകർന്ന് സിനിമാതാര ങ്ങളും നേതാക്കളും. രാഹുൽഗാന്ധിയുടെ സാന്നിദ്ധ്യമായിരുന്നു ഇന്നലെ യു.ഡി.എഫിനെ ആവേശത്തിലാക്കിയത്. നാദാപുരം, പേരാമ്പ്ര, ബാലുശ്ശേരി, കൊയിലാണ്ടി മണ്ഡലങ്ങളിൽ രാഹുൽഗാന്ധിയെത്തി. ശബരിമല വിഷയവും സി.പി.എം-ബി.ജെ.പി ഡീൽ ആരോപണവും ഉയർത്തിക്കാട്ടി അദ്ദേഹം കളം നിറഞ്ഞു. കനത്തചൂടിലും നൂറുകണക്കിന് ആളുകളാണ് രാഹുൽ ഗാന്ധിയെ കാണാനെത്തിയത്. ബാലുശ്ശേരി നന്മണ്ടയിൽ നടന്ന ഗ്യാരന്റി ബസ് യാത്ര പ്രചാരണ കൊഴുപ്പ് കൂട്ടി. കണ്ണൂരിലെ പര്യടനത്തിന് ശേഷം പന്ത്രണ്ടരയോടെ പുറമേരി കെ.ആർ ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ ഹെലികോപ്റ്റർ ഇറങ്ങിയ രാഹുൽ ഗാന്ധി 12 .50ഓടെ കല്ലാച്ചി ടൗണിലൊരുക്കിയ സമ്മേളന വേദിയിലെത്തി. നാദാപുരം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ. എം.അഭിജിത്തിന് ആശ്ളേഷിച്ചു. ഒന്നരയോടെ പേരാമ്പ്ര യു.ഡി.എഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയയുടെ പ്രചാരണ വേദിയിൽ. മൂന്ന് മണിക്ക് ശേഷം ബാലുശ്ശേരി മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സൂരജിനൊപ്പം ഇന്ദിര ഗ്യാരന്റി ബസ് യാത്ര.
വെെകീട്ട് മൂന്ന് മണിയോടെ ബാലുശ്ശേരിയിൽ വന്നിറങ്ങിയ രാഹുൽ കനത്ത സുരക്ഷ ക്രമീകരണങ്ങൾക്കിടയിലും ജനക്കൂട്ടത്തിനിടയിലേക്ക് ഇറങ്ങിച്ചെന്ന് കുശലം പറഞ്ഞു. ശേഷം എം.കെ രാഘവൻ, കെ.സി വേണുഗോപാൽ, എന്നിവർക്കൊപ്പം ഇന്ദിര ഗ്യാരന്റി ബസിൽ കയറി നന്മണ്ട 13 ലേക്ക് തിരിച്ചു. യാത്രക്കിടെ വഴിയരികിൽ കാത്ത് നിന്നവരോട് കെെവീശി വോട്ടഭ്യർത്ഥിച്ചു. നന്മണ്ടയിലിറങ്ങിയ രാഹുൽ തയ്യൽ യൂണിറ്റിൽ കയറി തൊഴിലാളികളുമായി സംവദിച്ചു. നാലരയോടെ കൊയിലാണ്ടിയിലെ പൊതുസമ്മേളന വേദിയിലെത്തി. റോഡ് ഷോയോടെയാണ് രാഹുൽ പൊതുസമ്മേളന നഗരിയിലെത്തിയത്. കാച്ചിക്കുറുക്കിയ വാക്കുകളിൽ അര മണിക്കൂർ നീണ്ട പ്രസംഗം. രാഹുലിനൊപ്പം മണ്ഡലം സ്ഥാനാർത്ഥി അഡ്വ.കെ പ്രവീൺ കുമാർ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കെ.സി വേണുഗോപാൽ തുടങ്ങിയവരുമുണ്ടായിരുന്നു. ശേഷം അഞ്ചരയോടെ കണ്ണൂരിലേക്ക് മടക്കം.
താരപ്രഭയിൽ ഖുശ്ബു
കോഴിക്കോട് : നോർത്ത് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി നവ്യ ഹരിദാസിന്റെ പ്രചാരണത്തിനായി ചലച്ചിത്ര താരവും ബി.ജെ.പി നേതാവുമായ ഖുശ്ബു സുന്ദർ കോഴിക്കോട്ടെത്തിയത് ആവേശമായി. ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങിയ താരത്തെ ബി.ജെ.പി നേതാക്കളും പ്രവർത്തകരും സ്വീകരിച്ചു. സ്ഥാനാർത്ഥി നവ്യ ഹരിദാസിനൊപ്പം മാവൂർ റോഡ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റോഡ് ഷോ അരയിടത്തുപാലം വരെ നീണ്ടു. വാദ്യമേളങ്ങളുടെയും മുദ്രാവാക്യങ്ങളുടെയും അകമ്പടിയോടെ നടന്ന റോഡ് ഷോ നഗരത്തിൽ വലിയ ഓളമാണുണ്ടാക്കിയത്. എൽ.ഡി.എഫ് ഭരണത്തിൽ ജനങ്ങൾ മടുത്തു.
കേരളത്തിൽ വികസനമില്ല, നഴ്സുമാർ സമരത്തിലാണ്, ആരോഗ്യരംഗം വട്ടപ്പൂജ്യമാണെന്നും മാറ്റത്തിന് സമയമായെന്നും ഖുശ്ബു പറഞ്ഞു. രാഹുൽ ഗാന്ധി എന്തെങ്കിലും പറയുന്നതിനു മുൻപ് തയ്യാറെടുപ്പു നടത്തുന്നത് നല്ലതാണ്. അദ്ദേഹം എന്തൊക്കെയാണ് വിളിച്ചു പറയുന്നത് .യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ് ഡീൽ നില നിൽക്കുന്നതെന്നും ഖുശ്ബു പറഞ്ഞു. രാഹുൽ ഗാന്ധിയും കോൺഗ്രസുമാണ് ഡീലിൽ വിദഗ്ദ്ധർ.
എൽ.ഡി.എഫും യു.ഡി.എഫും ചേർന്ന് കേരളത്തെ കൊള്ളയടിക്കുകയാണെന്നും ഖുശ്ബു പറഞ്ഞു. സ്ഥാനാർത്ഥി നവ്യ ഹരിദാസിനെ പ്രശംസിക്കാനും ഖുശ്ബു മറന്നില്ല. "നവ്യയെപ്പോലെയുള്ള അഭ്യസ്തവിദ്യരായ യുവനേതാക്കൾ നിയമസഭയിൽ എത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ബി.ജെ.പി സ്ത്രീ ശാക്തീകരണത്തിന് നൽകുന്ന വലിയ പ്രാധാന്യത്തിന്റെ തെളിവാണ് നവ്യയുടെ സ്ഥാനാർത്ഥിത്വം. മികച്ച പ്രവർത്തന പരിചയമുള്ള നവ്യയ്ക്ക് കോഴിക്കോടിന്റെ വികസനത്തിനായി ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്നും താരം പറഞ്ഞു. കോഴിക്കോട്ടെ ജനങ്ങളിൽ നിന്ന് മികച്ച സ്വീകാര്യതയാണ് പരിപാടിക്ക് ലഭിച്ചതെന്ന് സംഘാടകർ അറിയിച്ചു.തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ജനസമ്പർക്ക പരിപാടികൾ തുടരുമെന്നും നേതാക്കൾ വ്യക്തമാക്കി.
മുഖ്യമന്ത്രി നാളെ ജില്ലയിൽ
കോഴിക്കോട്: തിരഞ്ഞെടുപ്പിന് ഇനി ഒരാഴ്ച മാത്രം ശേഷിക്കെ പ്രമുഖ നേതാക്കളുമായി റോഡ് ഷോ നടത്തി മുന്നണികൾ. നേതാക്കളുടെ വരവ് സ്ഥാനാർത്ഥികൾക്കും പ്രവർത്തകർക്കും ആവേശമായി. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെത്തിയത് യു.ഡി.എഫ് ക്യാമ്പിൽ ആവേശമായി. എൻ.ഡി.എ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന് നടി ഖുശ്ബുവും ഇന്നലെയത്തി. കേന്ദ്രമന്ത്രി അമിത് ഷായും പങ്കെടുക്കുമെന്നാണ് വിവരം. മുഖ്യമന്ത്രി പിണറായി വിജയൻ നാളെ എൽ.ഡി.എഫ് പ്രചാരണ പരിപാടികളിൽ പ്രസംഗിക്കും. മന്ത്രി പി.എ മുഹമ്മദ് റിയാസ് മത്സരിക്കുന്ന ബേപ്പൂരിൽ രാവിലെ 11, കുന്ദമംഗലം വെെകിട്ട് 4, കോഴിക്കോട് ബീച്ചിൽ വെെകിട്ട് 5, പുറമേരി രാത്രി 7 എന്നിങ്ങനെയാണ് പരിപാടി. ജോൺ ബ്രിട്ടാസ് എം.പി ഇന്ന് രാവിലെ 9.30ന് കോഴിക്കോട് ടൗൺ, 12ന് ബേപ്പൂർ, വൈകിട്ട് നാലിന് ബാലുശ്ശേരി, വൈകിട്ട് 5.30ന് തിരുവമ്പാടി എന്നിവിടങ്ങളിൽ പ്രസംഗിക്കും. സി.പി.എം നേതാവ് വൃന്ദ കാരാട്ട് മൂന്നിന് രാവിലെ 11ന് വടകര, വൈകിട്ട് നാലിന് എലത്തൂർ, ആറിന് ബാലുശേരി എന്നിവിടങ്ങളിൽ പ്രസംഗിക്കും.
സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വിജു കൃഷ്ണൻ മൂന്നിന് രാവിലെ 11ന് കൊടുവള്ളിയിൽ പ്രസംഗിക്കും. വൈകിട്ട് നാലിന് തിരുവമ്പാടിയിലും ആറിന് ബേപ്പൂരിലും പ്രസംഗിക്കും. മുതിർന്ന സി.പി.എം നേതാവ് പ്രകാശ് കാരാട്ട് നാലിന് രാവിലെ 11ന് കൊടുവള്ളി, വൈകിട്ട് നാലിന് വടകര, ആറിന് പേരാമ്പ്ര എന്നിവിടങ്ങളിൽ പ്രസംഗിക്കും. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ മൂന്നിന് വൈകിട്ട് അഞ്ചിന് ഉള്ള്യേരിയിൽ പ്രസംഗിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |