ബേപ്പൂർ: ആയിരക്കണക്കിന് എൻ.ഡി.എ പ്രവർത്തകരിൽ ആവേശം നിറച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ റോഡ് ഷോ. ബേപ്പൂർ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.കെ.പി പ്രകാശ് ബാബുവിന്റെ പ്രചാരണത്തിനാണ് അമിത്ഷാ എത്തിയത്.
വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ തുറന്ന വാഹനത്തിൽ വോട്ടർമാരെ അഭിവാദ്യം ചെയ്തുകൊണ്ട് സ്ഥാനാർത്ഥി അഡ്വ.കെ.പി പ്രകാശ്ബാബുവിനൊപ്പമായിരുന്നു അമിത്ഷായുടെ റോഡ് ഷോ. കേരളീയ കലാരൂപങ്ങളും ഷോയ്ക്ക് മാറ്റുകൂട്ടി. മാത്തോട്ടം വിജിത്തിന് സമീപത്തു നിന്ന് ആരംഭിച്ച റോഡ് ഷോ നടുവട്ടം മിൽമയ്ക്ക് മുൻവശത്ത് സമാപിച്ചു. സുരക്ഷ സംവിധാനത്തിൻ്റെ ഭാഗമായി പൊലീസ് ബി.സി റോഡ് ജംഗ്ഷൻ മുതൽ മാത്തോട്ടം വരെ വാഹനങ്ങൾ കടത്തിവിടാതെ സുരക്ഷ ഉറപ്പാക്കി.
ശനിയാഴ്ച കോഴിക്കോട് എത്തിച്ചേർന്ന അമിത്ഷാ ബി.ജെ.പി സംസ്ഥാന നേതാക്കളുമായി നടത്തിയ ചർച്ചയിൽ കോഴിക്കോട്ടെ രാഷ്ടീയ സ്ഥിതി ചർച്ച ചെയ്തിരുന്നു. കേന്ദ്ര സുരക്ഷാ ഏജൻസിയുടെയും സിറ്റി, റൂറൽ പൊലീസിൻ്റേയും കനത്ത സുരക്ഷാ ക്രമീകരണത്തിലായിരുന്നു റോഡ് ഷോ. റോഡ് ഷോ അവസാനിച്ചയുടൻ അദ്ദേഹം മറ്റ് ജില്ലകളിലെ പ്രചാരണത്തിൽ പങ്കെടുക്കാനായി പോയി. സ്ഥാനാർത്ഥി പ്രകാശ് ബാബു റോഡ് ഷോയിൽ സമാപന പ്രസംഗം നടത്തി. ബി.ജെ.പി ദേശീയ കൗൺസിൽ അംഗം കെ.പി ശ്രീശൻ, സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്, സിറ്റി ജനറൽ സെക്രട്ടറി എം.സുരേഷ്, അഡ്വ. ബിജിത്ത്, ശശിധരൻ നാരങ്ങയിൽ, സാബുലാൽ, പി.രാജേഷ്, എം.വിജിത്ത്, വിന്ധ്യ സുനിൽ, ശശിധരൻ പയ്യാനക്കൽ, ജയ സദാനന്ദൻ, ജിജി ഷൈജു , സോമിത ശശികുമാർ, സാധന സുധീർ തുടങ്ങിയവർ റോഡ് ഷോയ്ക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |