കോഴിക്കോട്: കനാൽ സിറ്റിവരുമോ എന്നതല്ല നഗരവാസികളുടെ പ്രശ്‌നം, കനാലരികിലെ റോഡ് പൊട്ടി കനാലിലേക്ക് വീഴുമോ എന്നതാണ്. കുണ്ടൂപ്പറമ്പ് മുതൽ എരഞ്ഞിക്കൽവരെയുള്ള ഭാഗത്ത് വ്യാപകമായി കൈവരി തകർന്നും റോഡിൽ ഗർത്തങ്ങൾ രൂപപ്പെട്ടും അങ്ങേയറ്റം അപകടഭീഷണിയിലാണ് ജനത്തിന്റെ യാത്ര. തകർന്ന കൈവരിയിലൂടെ കനാലിലേക്ക് വീണ് മത്സ്യത്തൊഴിലാളിയടക്കം മരിച്ചിട്ടുണ്ട്. ചെറിയ അപകങ്ങൾ നിരവധി. കനാൽസിറ്റിയെന്ന വലിയ പദ്ധതിയിൽ പ്രതീക്ഷയർപ്പിക്കുമ്പോഴും താത്ക്കാലികമായി കൈവരികെട്ടിയും റോഡിലെ ഗർത്തങ്ങൾ നികത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
എടക്കാട് റോഡ് കഴിഞ്ഞാൽ കുണ്ടൂപറമ്പ് അങ്ങാടിയിലേക്ക് തിരിയുന്ന റോഡ്. ഇവിടെ നിന്ന് നേരെ പോകുന്നത് കൈപ്പുറത്തുപാലം, എരഞ്ഞിക്കൽ കഴിഞ്ഞാൽ അമ്പലപ്പടി വഴി ബൈപ്പാസിലേക്ക് കയറുമെന്നതിനാൽ നൂറുകണക്കിന് വാഹനങ്ങളാണ് ദിനംപ്രതി ഇതുവഴി കടന്നുപോകുന്നത്. മാത്രമല്ല കൈപ്പുറത്ത് പാലത്ത് ഒരുഭാഗത്ത് കനോലിക്കനാലും മറുഭാഗത്ത് കായലും കണ്ടൽക്കാടുമടങ്ങുന്ന മനോഹരമായ ടൂറിസം സ്‌പോട്ട്. ഇവിടെ വൈകുന്നേരങ്ങളിൽ എത്തുന്നവർ നിരവധി. കല്യണ ഷൂട്ടിംഗ്-ആൽബം-സീരിയൽ ഷൂട്ടിംഗുകാർ എന്നുമുണ്ടാവും. പക്ഷെ ഇവിടുത്തെ റോഡിന്റെ കൈവരി തകർന്നും റോഡിൽ വലിയ ഗർത്തമുണ്ടായിട്ടും വർഷങ്ങളായി. പരാതികൾ ഒരുപാട് പറഞ്ഞിട്ടും പരിഹാരമുണ്ടാകുന്നില്ലെന്ന് മാത്രം.
@ കനാൽ സിറ്റി
തിരുവനന്തപുരം മുതൽ കാസർകോട് വരെ കനാൽവഴി പുഴ വഴി സഞ്ചരിക്കാനുള്ള വലിയ പ്രോജക്ടാണ് കനാൽ സിറ്റി. ജലഗതാഗതം പ്രോത്സാഹിപ്പിക്കുന്ന പദ്ധതിക്ക് കോഴിക്കോട്ട് തുടക്കമിട്ടത് മന്ത്രി മുഹമ്മദ് റിയാസ്. കല്ലായി മുതൽ എരഞ്ഞിക്കൽ വരെയുള്ള 11.2കിലോമീറ്റർ വികസനത്തിനായി 1118 കോടിയുടെ പദ്ധതി ആസൂത്രണംചെയ്തത്. ഒന്നാംഘട്ടമായി അരയിടത്തുപാലം മുതൽ എരഞ്ഞിപ്പാലംവരെയുള്ള ഭാഗം നവീകരിക്കും. ഇതിനായി 73.21 കോടി അനുവദിക്കാനുള്ള തീരുമാനം കിഫ്ബി ബോർഡ് യോഗം തത്വത്തിൽ അംഗീകരിച്ചു.
കേരള വാട്ടർവെയ്‌സ് ആൻഡ് ഇൻഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡിന്റെ(ക്വിൽ) നേതൃത്വത്തിലാണ് കനാൽ നവീകരിക്കുന്നത്. 14 മീറ്റർ വീതിയിൽ കനാൽ നവീകരിക്കും. 2.2 മീറ്റർ ആഴമുണ്ടാകും. പാലങ്ങളുടെ ഏറ്റവുംകുറഞ്ഞ ഉയരം 3.6 മീറ്ററുണ്ടാവും. അരയിടത്തുപാലംമുതൽ എരഞ്ഞിപ്പാലംവരെ 2.9 കിലോമീറ്ററാണ് കനാലിന്റെ നീളം. കോഴിക്കോടിന്റെ ടൂറിസം രംഗത്ത് വലിയ കുതിപ്പ് ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |