മുക്കം: നാലു വർഷം മുൻപ് ഏഴുകോടിയോളം രൂപ ചെലവഴിച്ച് പ്രവൃത്തി ആരംഭിച്ച വല്ലത്തായ് കടവ് പാലം പണി പാതിവഴിയിൽ നിന്നതോടെ ദുരിതത്തിലായി നാട്ടുകാർ. സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് ഉപകാരപ്രദമായ പാലം പ്രവൃത്തി അനിശ്ചിതമായി വൈകുന്നതിൽ പ്രതിഷേധം കനക്കുകയാണ്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കരാർ എടുത്തതെങ്കിലും മറ്റൊരു ടീമിന് സബ് കോൺട്രാക്റ്റ് കൊടുത്തെന്നും അവർ വേണ്ടത്ര പണിക്കാരെ ഉപയോഗിക്കാതെ നിർമ്മാണ പ്രവൃത്തി നടത്തുന്നതാണ് മെല്ലെപ്പോക്കിന് കാരണമെന്നും നാട്ടുകാർ ആരോപിക്കുന്നു.
നിലവിൽ പ്രവൃത്തി നടക്കുന്ന ഭാഗത്ത് പഴകി തുരുമ്പെടുത്ത കമ്പി ഉപയോഗിച്ചാണ് ഇeപ്പാൾ നിർമാണം നടത്തുന്നതെന്നും പരാതിയുണ്ട്.വല്ലത്തായ് കടവിൽ ഇരുകരകളെയും ബന്ധിപ്പിച്ച് നേരത്തേ ഉണ്ടായിരുന്ന വെന്റ് പൈപ്പ് പാലം മഴക്കാലമായാൽ വെള്ളം കയറി ഗതാഗതം തടസപ്പെടുന്നത് പതിവായതോടെയാണ് കോൺക്രീറ്റ് പാലം അനുവദിച്ചത്. ഏഴു കോടിക്ക് പൂർത്തീകരിക്കേണ്ട പാലത്തിന്റെ പ്രവൃത്തി വൈകിയതോടെ റിവേഴ്‌സ് എസ്റ്റിമേറ്റിട്ട് കൂടുതൽ തുക അനുവദിക്കേണ്ടി വന്നുവെന്നും വർഷങ്ങളായി നാട്ടുകാർ യാത്രാദുരിതം അനുഭവിക്കുകയാണെന്നും യു ഡി എഫ് പ്രവർത്തകർ പറയുന്നു. പഴക്കം ചെന്നതും തുരുമ്പെടുത്തതുമായ കമ്പികൾ ഉപയോഗിക്കുന്നത് പാലത്തിന്റെ ഉറപ്പിനെയും ബാധിക്കും.
കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിൽ , കൂമ്പാറ ,കാരശ്ശേരി പഞ്ചായത്തിലെ മരഞ്ചാട്ടി, തേക്കുംകുറ്റി,വല്ലത്തായിപാറ പ്രദേശങ്ങളിലെ ആളുകൾക്ക് മുക്കം അങ്ങാടിയുമായും കാരമൂലയിലുള്ള കുമാരനെല്ലൂർ വിലേജ് ഓഫീസ് ,പോസ്റ്റ് ഓഫീസ് , രണ്ട് സ്കൂളുകൾ എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനും തേക്കും കുറ്റി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചേരാനും ആശ്രയിക്കുന്ന പാലമാണ് വർഷങ്ങളായി മുടങ്ങിക്കിടക്കുന്നത്. എത്രയും പെട്ടെന്ന് പാലത്തിന്റെ പ്രവൃത്തി പൂർത്തീകരിച്ചില്ലെങ്കിൽ നാട്ടുകാരെ ഉൾപ്പടെ സംഘടിപ്പിച്ച് ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് യൂ ഡി എഫ് പ്രവർത്തകർ മുന്നറിയിപ്പ് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |