
കോഴിക്കോട്: താക്കീത് നൽകിയിട്ടും ഫയലുകളിൽ അലംഭാവം തുടരുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശനനടപടി സ്വീകരിക്കാൻ കോർപ്പറേഷൻ. ജനജീവിതത്തെ ബാധിക്കുന്ന ഫയലുകൾ മനപൂർവം വെെകിക്കുന്ന ഉദ്യോഗസ്ഥരുടെ സമീപനത്തെ മേയർ ഒ.സദാശിവൻ രൂക്ഷമായി വിമർശിച്ചപ്പോൾ ഉദ്യോഗസ്ഥരെ നിലക്ക് നിർത്താൻ സാധിക്കുന്നില്ലെങ്കിൽ മേയർ ഉൾപ്പടെയുള്ളവർ രാജിവെച്ച് ഒഴിയണമെന്ന് പ്രതിപക്ഷം ആഞ്ഞടിച്ചു. ഉദ്യോഗസ്ഥരുടെ അനാസ്ഥ വീണ്ടും ആവർത്തിക്കുകയാണെന്നും സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കണമെന്നും ഭരണപക്ഷവും നിലപാടെടുത്തു. കുറ്റകരമായ അനാസ്ഥ കാണിക്കുന്നവർക്ക് എതിരെ നടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ട വകുപ്പ് മേധാവികൾ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും മേയർ പറഞ്ഞു. അതേ സമയം കോർപ്പറേഷൻ അനാസ്ഥയുടെ മുഴുവൻ പഴിയും കെ സ്മാർട്ടിന്റെ തലയിൽ വെച്ച് സെക്രട്ടറി തടിയൂരി. സർക്കാറിന്റെ കെ സ്മാർട്ട് സംവിധാനം കോർപ്പറേഷന്റെ കാര്യത്തിൽ പ്രായോഗികമല്ലെന്നും പല ഫയലുകൾ വൈകാൻ ഇത് കാരണമാകുന്നതായും സെക്രട്ടറി എൻ.കെ.ഹരീഷ് പറഞ്ഞു.
മിന്നൽ പരിശോധന വേണമെന്ന് പ്രതിപക്ഷം
കഴിഞ്ഞ ഒക്ടോബറിൽ മന്ത്രിമാർ പങ്കെടുത്ത പരിപാടിയുടെ ചെലവഴിച്ച തുക മാസങ്ങൾ പിന്നിട്ടിട്ടും നൽകിയില്ലെന്ന ശ്രദ്ധ ക്ഷണിക്കലിലൂടെ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ വി.പി മനോജാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. ബിൽ പാസാക്കാൻ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഉടനെ പ്രതിപക്ഷ നേതാവ് ഷമീർ തങ്ങളും പ്രതികരിച്ചു. ഉദ്യോഗസ്ഥ തലത്തിലും കെ. സ്മാർട്ടിന്റെ സോഫ്റ്റ് വെയറിലെ അപാകതയും മൂലമാണ് തുക നൽകാൻ വെെകിയെന്ന് സെക്രട്ടറി മറുപടി നൽകി. കഴിഞ്ഞ കൗൺസിലിൽ വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ എന്ത് നടപടി സ്വീകരിച്ചെന്നും ജീവനക്കാരുടെ കെടുകാര്യസ്ഥത ബോധ്യപ്പെടണമെങ്കിൽ കോർപ്പറേഷൻ ഓഫീസിൽ മേയറുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തണമെന്നും പ്രതിപക്ഷം ശക്തമായി തിരിച്ചടിച്ചു.
കുറ്റക്കാർക്കെതിരെ തക്ക നടപടി: മേയർ
എക്സിക്യൂട്ടീവ് എൻജിനീയർ മോശമായി പെരുമാറിയതും കൗൺസിലർമാർ ശ്രദ്ധയിൽപ്പെടുത്തി. കുറ്റക്കാരായ ഉദ്യോഗസ്ഥരെ ചുണ്ടിക്കാട്ടണമെന്നും യഥാസമയം അവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മേയർ ഉറപ്പ് നൽകി. കെ സ്മാർട്ട് പേരിൽ മാത്രമെ സ്മാർട്ടുള്ളൂവെന്നും സോഫ്റ്റ് വെയർ പുറത്തിറങ്ങി രണ്ട് വർഷം പിന്നിട്ടിട്ടും ഉദ്യോഗസ്ഥർക്ക് പൂർണമായി പഠിക്കാൻ സാധിച്ചില്ലെന്നും ചർച്ചയായി. കോർപ്പറേഷനിലെ ഫയലുകൾ നീങ്ങുന്ന വിഷയത്തിൽ കാലതാമസം നേരിടുന്ന സാഹചര്യത്തിൽ മോണിറ്ററിംഗ് സിസ്റ്റം ഏർപ്പെടുത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. നഗരത്തിലെ വീടുകളിൽ ഉൾപ്പടെയുള്ള ജൈവ മാലിന്യങ്ങൾ സംസ്‌ക്കരിക്കാൻ കൃത്യമായ സംവിധാനം വേണമെന്നും തടസപ്പെട്ട മെൻസ്ട്രൽ കപ്പ് വിതരണം പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്നും പാമ്പുപിടുത്തക്കാരുടെ കുറവ് പരിഹരിക്കാൻ ഇടപെടണമെന്നും ശ്രദ്ധക്ഷണിക്കൽ വിഷയങ്ങളായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |