SignIn
Kerala Kaumudi Online
Wednesday, 29 April 2026 3.31 AM IST

ഉഷ്ണതരംഗത്തിൽ പശുക്കൾ ചത്തുവീഴുന്നു!

Increase Font Size Decrease Font Size Print Page
cow
cow

പുൽപ്പള്ളി: കത്തുന്ന വേനലിൽ കരിഞ്ഞുണങ്ങി വയനാടൻ അതിർത്തി ഗ്രാമങ്ങൾ. വരൾച്ചാക്കെടുതിയിൽ കൃഷിയിടങ്ങൾ മരുഭൂമിയായി മാറിയതോടെ, കർഷകരുടെ അവസാനത്തെ അത്താണിയായ ക്ഷീരമേഖലയും കടുത്ത പ്രതിസന്ധിയിൽ. മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിൽ ഉഷ്ണതരംഗത്തെത്തുടർന്ന് പശുക്കൾ ചത്തുവീഴുന്നത് കർഷകരെ തീരാക്കണ്ണീരിലാഴ്ത്തുകയാണ്.

#
പകൽചൂട് താങ്ങാനാവാതെ മിണ്ടാപ്രാണികൾ
മുള്ളൻകൊല്ലി പഞ്ചായത്തിലെ കാപ്പിസെറ്റിലെ ക്ഷീരകർഷകൻ വിജേഷിന്റെ പശു ഇന്നലെ പകൽ ചൂട് താങ്ങാനാവാതെ കുഴഞ്ഞുവീണ് ചത്തു. ഉഷ്ണക്കാറ്റും അന്തരീക്ഷത്തിലെ കടുത്ത ചൂടും മൂലമുണ്ടായ 'ഹീറ്റ് സ്‌ട്രോക്ക്' ആണ് മരണകാരണമെന്ന് പശുവിനെ പോസ്റ്റ്‌മോർട്ടം ചെയ്ത വെറ്ററിനറി സർജൻ ഡോ. ലക്ഷ്മി അരവിന്ദ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ശശിമല സ്വദേശികളായ ചെറിയമ്പനാട്ട് അപ്പച്ചൻ, പള്ളിക്കമാലിൽ ജോർജ്, തടത്തിൽ രവി എന്നിവരുടെ പശുക്കളും സമാന ലക്ഷണങ്ങളോടെ ചത്തതായി പറയുന്നു.നിലവിൽ തടത്തിൽ രവി, വലിയവട്ടം രാജു എന്നിവരുടെ മൂന്ന് പശുക്കൾ തീർത്തും അവശനിലയിലാണ്. ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിയാതെ ശ്വാസം മുട്ടുന്ന നിലയിലാണ് ഈ കന്നുകാലികൾ.

#

വറ്റിവരണ്ട കിണറുകൾ

നാടിനെ ഗ്രസിച്ചിരിക്കുന്ന മരുഭൂവത്ക്കരണത്തിന്റെ നേർചിത്രമാണ് പുൽപ്പള്ളിയിൽ കാണുന്നത്. ജലക്ഷാമം കാരണം കിണറുകളും കുളങ്ങളും പൂർണമായും വറ്റിവരണ്ടു. കന്നുകാലികൾക്ക് കുടിക്കാൻ പോലും ശുദ്ധജലം കിട്ടാനില്ലാത്ത അവസ്ഥ. പുരയിടങ്ങളിലെ പച്ചപ്പുല്ല് കരിഞ്ഞുപോയതോടെ കന്നുകാലികൾ പട്ടിണിയിലായി. അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിച്ച സങ്കരയിനം പശുക്കൾക്ക് കേരളത്തിലെ ഈ കടുത്ത ചൂട് അതിജീവിക്കാൻ കഴിയുന്നില്ല.

#

കർഷകർ പിൻവാങ്ങുന്നു
കൃഷിനാശം മൂലം കടക്കെണിയിലായ കർഷകന് ആശ്വാസമായിരുന്നത് പശുക്കളായിരുന്നു. എന്നാൽ ലക്ഷങ്ങൾ വിലയുള്ള കന്നുകാലികൾ കൺമുന്നിൽ പിടഞ്ഞുചാവുന്നത് കണ്ട് നിൽക്കാനല്ലാതെ കർഷകർക്ക് സാധിക്കുന്നില്ല. ഇതോടെ പലരും ക്ഷീരമേഖല ഉപേക്ഷിക്കാനും പശുക്കളെ തുച്ഛമായ വിലയ്ക്ക് വിൽക്കാനും നിർബന്ധിതരായിരിക്കുകയാണ്.

#

ജാഗ്രത വേണം; നിർദ്ദേശങ്ങളുമായി വെറ്ററിനറി വിഭാഗം
ചൂട് ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ കർഷകർ അതീവ ജാഗ്രത പാലിക്കണമെന്ന് ഡോ. ലക്ഷ്മി അരവിന്ദ് അറിയിച്ചു.പകൽസമയത്ത് കന്നുകാലികളെ വെയിലത്ത് കെട്ടിയിടരുത്. തൊഴുത്തുകളിൽ മികച്ച വായുസഞ്ചാരം ഉറപ്പാക്കണം.
ധാരാളം ശുദ്ധജലവും ദ്രവരൂപത്തിലുള്ള ആഹാരവും നൽകണം.അസ്വഭാവികമായ രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ ഡോക്ടറുടെ സേവനം തേടണം. പുൽപ്പള്ളിയുടെ മണ്ണിൽ നിന്നും കർഷകന്റെ പ്രതീക്ഷകൾ ഓരോന്നായി കരിഞ്ഞുപോകുമ്പോൾ, അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തരമായ ഇടപെടലുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.