കോഴിക്കോട്: വേനൽ കടുത്തതോടെ നഗര-ഗ്രാമ വ്യത്യാസമില്ലാതെ കുടിവെള്ളക്ഷാമം രൂക്ഷം. ചൂട് ക്രമാതീതമായി വർദ്ധിച്ചതോടെ ജില്ലയുടെ ഗ്രാമ പ്രദേശങ്ങളിലെ കിണറുകൾ ഉൾപ്പെടെ വറ്റിവരളുകയാണ്. ഇടമഴ കുറഞ്ഞതിനാൽ പുഴ, കിണർ തുടങ്ങിയ ജലസ്രോതസുകളിൽ ജലനിരപ്പ് കുറഞ്ഞു. കിണറുകൾക്ക് പുറമെ കുളങ്ങളും തോടുകളും വറ്റി വരണ്ടു. ഉയർന്ന പ്രദേശങ്ങളിലാണ് ശുദ്ധജല ക്ഷാമം രൂക്ഷമായിരിക്കുന്നത്. മലയോര മേഖലയിലും സ്ഥിതി മറിച്ചല്ല.
അമൃത് 1, അമൃത് 2, ജൽജീവൻ മിഷൻ, സ്റ്റേറ്റ് പ്ലാൻ എന്നിവയാണ് നിലവിലെ പ്രവർത്തന ക്ഷമമായ ജലവിതരണ പദ്ധതികൾ.
പലയിടത്തും ഇതിന്റെ പ്രവർത്തനം പ്രതിസന്ധിയിലാണ്. തദ്ദേശസ്ഥാപനങ്ങളുടെയും മറ്റും നേതൃത്വത്തിൽ വീടുകളിൽ കുടിവെള്ളം എത്തിക്കുന്നതാണ് ഏക ആശ്രയം. തുടക്കത്തിൽ ദിവസവും വെള്ളം ലഭിച്ചിരുന്നെങ്കിൽ പ്രതിസന്ധി രൂക്ഷമായതോടെ ഒന്നിടവിട്ട ദിവസങ്ങളിലേക്കായി ചുരുങ്ങി. പരിമിതമായ ആവശ്യങ്ങൾക്ക് മാത്രമേ ഇത് തികയുന്നുള്ളൂവെന്ന് നാട്ടുകാർ പറഞ്ഞു. പല ഇടങ്ങളിലും ദിവസങ്ങൾക്കു ശേഷം മാത്രമാണ് വെള്ളം ലഭ്യമാകുന്നത്. കേരള വാട്ടർ അതോറിറ്റിയുടെ വിതരണ സംവിധാനവും ആവശ്യത്തിന് വെള്ളം എത്തിക്കാൻ പ്രയാസപ്പെടുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു.
നീർച്ചാലായി പുഴകളും
ജില്ലയിലെ പ്രധാന പുഴകളായ ചാലിയാർ, ഇരുവഞ്ഞിപ്പുഴ, പൂനൂർ പുഴ, കടലുണ്ടിപ്പുഴ, കുറ്റ്യാടിപ്പുഴ, മൂരാട് പുഴ എന്നിവിടങ്ങളിലെല്ലാം നീരൊഴുക്ക് കുറഞ്ഞു. പല പുഴകളും നീർച്ചാലായി മാറിയിരിക്കുകയാണ്. കുളിക്കാനും അലക്കാനും കൃഷിയിടങ്ങളിലേക്കും വെള്ളത്തിനായി പുഴയെ ആശ്രയിച്ചവർ പ്രതിസന്ധിയിലായിരിക്കുകയാണ്. തലയാട്, ചീടിക്കുഴി, വയലട, കൂരാച്ചുണ്ട്, തിരുവമ്പാടി, സ്റ്റീഫൻ കുന്ന്, എലത്തൂർ ഒന്നാം വാർഡ്, പന്നിയങ്കര, എരവത്തു കുന്ന്, മാലൂർ കുന്ന്, വേങ്ങേരിക്കാട് പ്രദേശങ്ങളിലെല്ലാം കുടിവെള്ള ക്ഷാമം രൂക്ഷമാണ്.
കുറയാതെ ദുരുപയോഗവും
എന്നാൽ ചെടി നനയ്ക്കൽ, റോഡ് നനയ്ക്കൽ, കന്നുകാലികളെ കുളിപ്പിക്കൽ തുടങ്ങി വലിയ രീതിയിലുള്ള ദുരുപയോഗവും ജല ദൗർലഭ്യത്തിന് കാരണമാകുന്നുവെന്നാണ് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നത്. ശുദ്ധജലത്തിന്റെ അഭാവം ജലജന്യരോഗങ്ങൾ വർദ്ധിക്കാൻ കാരണമാകാമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
'താഴ്ന്ന പ്രദേശങ്ങളിലെ ജലവിനിയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് മാത്രമാണ് നിലവിൽ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കാൻ സാധിക്കുന്നത്. പൊതുജനങ്ങൾ ജലത്തിന്റെ ദുരുപയോഗം സ്വയം നിയന്ത്രിക്കാൻ തയ്യാറായാൽ മാത്രമേ പ്രതിസന്ധിക്ക് പരിഹാരം കാണാൻ കഴിയൂ.'
പി.സി ബിജു, വാട്ടർ അതോറിറ്റി, സൂപ്രണ്ടിംഗ് എൻജിനീയർ
നാട്ടിൻപുറങ്ങളിൽ കുടിവെള്ളമില്ല
കൊടുവള്ളി: വേനൽ ശക്തമായതോടെ നാട്ടിൻപുറങ്ങളിലെ ഉയർന്ന പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമായി. നെടുമല, കരുഞ്ഞി, കരീറ്റി പറമ്പ്, കരുവൻപൊയിൽ, വാവാട്, ആനപ്പാറ, മടവൂർ, വലിയപറമ്പ് എളേറ്റിൽ, കിഴക്കോത്ത് തുടങ്ങിയ മേഖലകളിലാണ് കുടിവെള്ളത്തിനായി ഏറെ ബുദ്ധിമുട്ടുന്നത്. ഇത്തവണ വേനൽ കനക്കും മുമ്പേതന്നെ പുനൂർ പുഴയിലും ചെറുപുഴയിലും ജലനിരപ്പ് കുറഞ്ഞ് വറ്റിയ നിലയിലാണ്. ഇതോടെ ഈ പുഴകളെ ആശ്രയിക്കുന്ന ജലനിധിയുടേയും ജല അതോറിറ്റിയുടെയും ഉൾപ്പെടെ കുടിവെള്ള പദ്ധതികൾ പ്രതിസന്ധിയിലാണ്. നഗരസഭയിലെ പല ജലനിധി പദ്ധതികളും ജല വിതരണം നിർത്തി വെച്ച നിലയിലാണ്.
കരിഞ്ഞുണങ്ങി കൃഷിയും
കാർഷിക മേഖലയെയും വരൾച്ച ബാധിച്ചിട്ടുണ്ട്. കൃഷിയിടങ്ങൾ കരിഞ്ഞുണങ്ങിയ നിലയിലാണ്. നെടുമല, കരുഞ്ഞി തുടങ്ങിയ ഉയർന്ന പ്രദേശങ്ങളിൽ സ്ത്രീകൾ തൊട്ടടുത്ത പ്രദേശങ്ങളിൽ ചെന്നു വെള്ളം ശേഖരിച്ചാണു ദൈനംദിനാവശ്യങ്ങൾക്ക് ഉപ യോഗിക്കുന്നത്. കുടിവെള്ളക്ഷാമം രൂക്ഷമായതോടെ നഗരസഭയുടെയും ഗ്രാമപഞ്ചായത്തിന്റെയും വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ കുടിവെള്ള വിതരണം ആരംഭിച്ചിട്ടുണ്ട്.
മുമ്പ് കുടിവെള്ളക്ഷാമം രൂക്ഷമായ കാലത്ത് റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളം ലഭ്യമാക്കുന്നതിനായി സ്ഥാപിച്ച വലിയ ടാങ്കുകൾ ഉപയോഗിക്കാതെ കിടക്കുകയാണ്. അറ്റകുറ്റപ്പണികൾ നടത്തി ഇതിലേക്ക് വെള്ളം സംഭരിച്ച് നൽകിയാൽ പ്രദേശത്തുകാർക്ക് ഉപയോഗിക്കാനാവും.
കെ.പി. ബഷീർ, പൊതുപ്രവർത്തകൻ
കുടിവെള്ള പൈപ്പുകൾ റോഡരികിൽ
കുറ്റ്യാടി: രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന കാവിലുംപാറ ഗ്രാമ പഞ്ചായത്തിലെ പൊയിലോംചാൽ - പുത്തൻ പീടിക റോഡരികിൽ രണ്ട് വർഷമായി കുടിവെള്ള പൈപ്പുകൾ കൂട്ടിയിട്ടിരിക്കുന്നു. ഏകദേശം ഒരു കിലോമീറ്ററോളം ദൂരത്തിലാണ് വിവിധ അളവിലുള്ള പി.വി.സി പൈപ്പുകൾ കൂട്ടിയിരിക്കുന്നത്. അഞ്ചാം വാർഡിലെ 426 വീടുകളിൽ കുടിവെള്ളം എത്തിക്കാനാണ് രണ്ടുവർഷം മുൻപ് ജൽജീവൻ മിഷൻ പദ്ധതി പ്രകാരം നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. പദ്ധതിക്കായാണ് ലക്ഷക്കണക്കിന് രൂപയുടെ പൈപ്പും മറ്റു സാമഗ്രികളും ഇറക്കിയത്. കൊടപ്പടി ഭാഗത്തെ വനത്തിൽ തടയണ കെട്ടി പൈപ്പ് വഴി വീടുകളിൽ വെള്ളം എത്തിക്കാനാണ് 7 കോടി രൂപയുടെ പദ്ധതി തുടങ്ങിയത്. എന്നാൽ ഈ വർഷമാണ് ടാങ്ക് നിർമാണം ആരംഭിച്ചതെന്ന് നാട്ടുകാർ പറയുന്നു. വീടുകളിൽ പൈപ്പ് ഇടുന്ന ജോലി ഇതുവരെ പൂർത്തിയായിട്ടില്ല. കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന ഭാഗമാണ് പൊയിലോംചാൽ, ചാപ്പൻതോട്ടം പ്രദേശം. നീരുറവകളും തോടുകളുമാണ് നാട്ടുകാരുടെ ആശ്രയം. എന്നാൽ എല്ലാ വർഷവും വേനൽക്കാലം ആരംഭിക്കുന്നതോടെ നീരുറവകൾ വറ്റും. റോഡ് സൗകര്യം ഇല്ലാത്ത തിനാൽ വാഹനങ്ങളിൽ വെള്ളം എത്തിക്കാനും പ്രയാസമാണ്. കഴിഞ്ഞവേനൽ കാലത്ത് പൂർത്തിയാക്കേണ്ട പദ്ധതിയാണിതെന്നും അഞ്ച് വീടുകൾക്ക് ഒരു കുഴൽ കിണർ എന്നതോതിൽ കുഴിച്ചിരുന്നെങ്കിൽ വലിയ ചെലവില്ലാതെ ജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാകുമെന്നും സാമൂഹ്യ പ്രവർത്തകനായ ഒ.ടി ഷാജി പറഞ്ഞു.
കൊയിലാണ്ടി നഗരസഭയുടെ കുടിവെള്ള പദ്ധതി ഇഴയുന്നു
കൊയിലാണ്ടി: 205 കോടി സംസ്ഥാന സർക്കറിൻ്റെ കിഫ്ബിയിലും 22 കോടി അമുത് പദ്ധതിയിലും ഉൾപ്പെടുത്തി നഗരസഭയുടെ സമഗ്ര കുടിവെള്ള പദ്ധതി ഇഴയുന്നു. ഇത്തവണയും നാട്ടുകാർ ദാഹശമനത്തിനായി ടാങ്കർ ലോറികളെ തന്നെ ആശ്രയിക്കണം.
മൂന്ന് സോണുകളായി തിരിച്ച സമഗ്ര കുടിവെള്ള പദ്ധതിയുടെ ഒന്നും മൂന്നും ഭാഗം പൂർത്തിയോടടുക്കുമ്പോഴും രണ്ടാം സോൺ ബഹുദൂരം പിന്നിലാണ്. അണേലപ്പുഴക്ക് കുറുകെ പൈപ്പ് കണക്ഷൻ നടത്തിയിട്ട് വേണം വെള്ളം വിതരണം ചെയ്യാൻ.
കൊല്ലം - നെല്ല്യാടി ഭാഗത്ത് പി.ഡബ്ളിയു.ഡി പെർമിഷൻ ഇത് വരെയും കിട്ടിയിട്ടില്ല. കുടിവെള്ളം അതിരൂക്ഷമായ നടേരിയിലും തീരദേശത്തും കഴിഞ്ഞ ദിവസം ഭാഗികമായി ജലവിതരണം നടത്തിയിരുന്നു. അതിനെ തുടർന്ന് കണ്ടെത്തിയ തകരാറുകൾ പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് വാട്ടർ അതോറിട്ടി. കഴിഞ്ഞ വർഷം അതിശക്തമായ മഴ പദ്ധതി വൈകുന്നതിന് കാരണമായതായി നഗരസഭാ ചെയർമാൻ പറഞ്ഞു. ഇത്തവണ ആവശ്യമായ തൊഴിലാളികൾ ഇല്ലാത്തതാണ് പ്രവൃത്തി വൈകുന്നതെന്ന് കരാറുകാർ പറഞ്ഞു. പദ്ധതി എപ്പോൾ കമ്മീഷൻ ചെയ്യുമെന്ന് പറയാൻ കഴിയാത്ത അവസ്ഥയിലാണ്.
കുപ്പിവെള്ളത്തെ ആശ്രയിക്കണം
നഗരസഭയിലെ കിഴക്കൻ ഭാഗത്ത് കിണറുകൾ നേരത്തെതന്നെ വറ്റി. തീരപ്രദേശത്ത് കിണറുകളുണ്ടെങ്കിലും ഉപ്പ് വെള്ളമാണ് ലഭിക്കുന്നത്. പല വീടുകാരും കുപ്പിവെള്ളത്തെ ആശ്രയിക്കുകയാണ്. പല വീടുകളുടേയും മുമ്പിൽ പാത്രം നിരത്തി വെള്ളം കൊണ്ട് വരുന്ന ടാങ്കറിനായി കാത്തിരിക്കുമ്പോൾ വാട്ടർ അതോറിട്ടിയുടെ മൂന്ന് ജലസംഭരണികളിലായി വിതരണത്തിനായുള്ള വെള്ളം കെട്ടികിടക്കുകയാണ്.
ചെമ്പ്ര ഉന്നതിയിൽ കുഴൽ കിണർ
ഉപയോഗശൂന്യമായിട്ട് വർഷങ്ങൾ
താമരശ്ശേരി: ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ പെട്ട ചെമ്പ്ര കല്ലടപ്പൊയിൽ ഉന്നതി നിവാസികൾക്ക് കുടിവെള്ളത്തിനായി ഭൂജല വകുപ്പ് നിർമ്മിച്ച കുഴൽ കിണർ ഉപയോഗശൂന്യമായിട്ട് വർഷങ്ങൾ. കുഴൽകിണറിൽ മോട്ടർ ഘടിപ്പിക്കാത്തതിനാൽ ഹാൻഡ് പമ്പ് വഴിയാണ് ഇവർ വെള്ളമെടുക്കുന്നത്. ഇതിന്റെ ചങ്ങല പൊട്ടിയിട്ട് വർഷങ്ങളായി. ഇവിടെ താമസിക്കുന്ന പത്തിലധികം വീട്ടുകാരും ആശ്രയിക്കുന്ന കുഴൽ കിണർ ഉപയോഗ ശൂന്യമായതോടെ ഇവർ മറ്റു കുടിവെള്ള പദ്ധതികളെ ആശ്രയിക്കുകയായിരുന്നു. വേനൽ കനത്തതോടെ അതും ലഭിക്കാതെയായി. പഞ്ചായത്ത് ആവശ്യപ്പെട്ടാൽ ഭൂജല വകുപ്പ് നേരിട്ടെത്തി കുഴൽ കിണർ റിപ്പയർ ചെയ്ത് നൽകുകയാണ് പതിവ്. അതിന് വേണ്ട തുക പഞ്ചായത്ത്, ഭൂജല വകുപ്പിന് നൽകണം. എന്നാൽ അടുത്ത കാലത്തൊന്നും ഈ കുഴൽ കിണർ കേടായ വിവരം പഞ്ചായത്ത് അധികൃതർ തങ്ങളെ അറിയിച്ചിട്ടില്ലെന്ന് ഭൂജല വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഉപയോഗിക്കാൻ പറ്റാത്ത കിണറുകളെ കുറിച്ച് സർവേ നടക്കുകയാണെന്നാണ് വാർഡ് മെമ്പർ നസീറ ശരീഫ് പറയുന്നത്. രണ്ട് വകുപ്പുകളും കൈ മലർത്തുമ്പോൾ കോളനി നിവാസികൾ കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |