കോഴിക്കോട്: കോർപ്പറേഷൻ 2024-25 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. കഴിഞ്ഞ ഭരണ സമിതി നടത്തിയ അഴിമതിയുടേയും ക്രമക്കേടുകളുടേയും പരിണിത ഫലമാണ് ഓഡിറ്റ് റിപ്പോർട്ടെന്ന് പ്രതിപക്ഷം പറഞ്ഞു. എന്നാൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ ജാഗ്രതക്കുറവും ഓഡിറ്റ് വിഭാഗത്തിന് കൃത്യമായ വിവരങ്ങൾ നൽകാൻ സാധിക്കാത്തതുമാണ് പ്രശ്നത്തിനിടവരുത്തിയതെന്ന് മേയറും ഭരണപക്ഷവും. തിരുത്തൽ നടപടികൾ ഉണ്ടാവുമെന്ന് കോർപ്പറേഷൻ സെക്രട്ടറി എൻ.കെ ഹരീഷ് ഉറപ്പു നൽകി. ഓഡിറ്റ് റിപ്പോർട്ടിലെ പരാമർശങ്ങളും ഉദ്യോഗസ്ഥരുടെ മറുപടിയും യോഗം ചർച്ച ചെയ്തു. യു.ഡി.എഫ്, ബി.ജെപി. കൗൺസിലർമാർ റിപ്പോർട്ടിനെ രൂക്ഷമായി വിമർശിച്ചു. പ്രതിഷേധ പ്ലക്കാർഡ് ഉയർത്തിപ്പിടിച്ചിരുന്നാണ് ബി.ജെ.പി അംഗങ്ങളുടെ പ്രതിഷേധം.
റിപ്പോർട്ടിലെ ക്രമക്കേടിൽ സമഗ്രാന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് ഷമീൽ തങ്ങളും ജുഡീഷ്യൽ അന്വേഷണം വേണണെമെന്ന് ബി.ജെ.പി കൗൺസിലർ ടി. രനീഷും ആവശ്യപ്പെട്ടു. അതേ സമയം ഭരണസംവിധാനത്തിൽ ആവശ്യമായ തിരുത്തൽ വരുത്താനുള്ള ചർച്ചയാണ് വേണ്ടതെന്ന് മേയർ ഒ.സദാശിവൻ നിലപാടെടുത്തു. ഓഡിറ്റ് വിഭാഗത്തിന് കൃത്യമായ മറുപടി നൽകുന്നതിൽ ഉദ്യോഗസ്ഥർക്ക് അലസതയുണ്ടെന്ന് വികസന കാര്യസ്ഥിരം സമിതി ചെയർമാൻ വി.പി. മനോജ് കുറ്റപ്പെടുത്തി.
കോൺഗ്രസിൽ നിന്ന് കെ.സി ശോഭിത, എസ്.കെ. അബൂബക്കർ, മനയ്ക്കൽ ശശി, വിശ്വനാഥൻ പുതുശ്ശേരി, ബി.ജെ.പി കൗൺസിലറായ നമ്പിടി നാരായണൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. കോർപ്പറേഷൻ സെക്രട്ടറി എൻ.കെ.ഹരീഷ്, ഹെൽത്ത് ഓഫീസർ ഡോ. മുനവർ റഹ്മാൻ മറ്റ് വകുപ്പ് മേധാവികൾ കൗൺസിലർമാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി.
ഓഡിറ്റ് റിപ്പോർട്ടിൽ 152 ഓളം ന്യൂനതകൾ
152 ഓളം ന്യൂനതകൾ ചൂണ്ടിക്കാണിച്ച ഓഡിറ്റ് റിപ്പോർട്ടിൽ 24 എണ്ണത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് മറുപടി ലഭിച്ചില്ലെന്ന് പ്രതിപക്ഷ കൗൺസിലർമാർ ചൂണ്ടിക്കാട്ടി. എലത്തൂരിലെ പെട്രോൾ പമ്പിന് ചട്ടം ലംഘിച്ച് പ്രവർത്തിക്കാൻ അനുമതി, മരിച്ചവരുടെ പേരിൽ ലൈസൻസുകൾ പുതുക്കി നൽകി, വേസ്റ്റ് ബിൻ സ്ഥാപിച്ചതിൽ ചട്ടംലംഘിച്ച് രണ്ട് ടെന്ററുകൾ നൽകി, കോർപ്പറേഷന്റെ ആസ്തി രജിസ്റ്ററുകൾ സൂക്ഷിക്കുന്നതിൽ വീഴ്ച , അക്കൗണ്ടുകൾ പരിശോധനക്ക് വിധേയമാക്കിയില്ല എന്നിങ്ങനെ ഓഡിറ്റ് റിപ്പോർട്ടിലെ ഗുരുതരമായ കണ്ടെത്തലുകൾ അക്കമിട്ട് നിരത്തിയാണ് പ്രതിപക്ഷം വിമർശിച്ചത്. 1200 ഓളം പദ്ധതികളിൽ 139 എണ്ണത്തിൽ മാത്രമാണ് ഓഡിറ്റ് പരാമർശം ഉണ്ടായത്. 24 എണ്ണത്തിൽ പരാമർശമില്ല. ഇക്കാര്യത്തിൽ ഉദ്യോഗസ്‌ഥർക്ക് കൂടുതൽ ജാഗ്രത വേണമെന്നും ബന്ധപ്പെട്ട സ്‌ഥിരം സമിതികളിൽ ചർച്ച ചെയ്‌തു തുടർ നടപടികൾ സ്വീകരിക്കുമെന്നും മേയർ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |