SignIn
Kerala Kaumudi Online
Thursday, 25 June 2026 4.07 AM IST

ബജറ്റും തുണച്ചില്ല; ആളനക്കമില്ലാതെ മലബാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്

institute
കാട് പിടിച്ചു കിടക്കുന്ന മലബാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെൻറർ

കോഴിക്കോട്: "പതിനാറു വർഷമായി കാത്തിരിക്കുന്നു, സർക്കാർ ഏറ്റെടുത്തതിൽ പിന്നെ ഒരനക്കവുമില്ല" തെങ്ങിലക്കടവ് സ്വദേശി ജമാൽ പറഞ്ഞു തുടങ്ങുമ്പോൾ വർഷങ്ങളായുള്ള അവഗണനയുടെയും നിരാശയുടെയും ഭാരമായിരുന്നു ആ വാക്കുകളിൽ. പറഞ്ഞു വരുന്നത് മലബാറിലെ കാൻസർ രോഗികളുടെ ചികിത്സയ്ക്കായി നിർമിച്ച തെങ്ങിലക്കടവിലെ 'മലബാർ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്ററി'നെക്കുറിച്ചാണ്. മലബാറിലെ നിർദ്ധനരായ കാൻസർ രോഗികൾക്ക് ആശ്വാസമാകേണ്ടിയിരുന്ന ഒരു കെട്ടിടം ആരും തിരിഞ്ഞു നോക്കാതെ അനാഥമായി കിടക്കാൻ തുടങ്ങിയിട്ട് ഒന്നര പതിറ്റാണ്ട്. ജില്ലാ പഞ്ചായത്തിന്റെ കാൻസർ കെയർ സൊസൈറ്റി നിർമ്മിക്കാൻ കൈമാറിയ കെട്ടിടമാണ് കാടുമുടി നശിച്ചു കിടക്കുന്നത്.

ഇംഗ്ലണ്ടിൽ ഡോക്ടറായ ഹഫ്സത്ത് കാദർകുട്ടിയുടെ ഉടമസ്ഥതയിലുള്ള ആറര ഏക്കർ സ്ഥലത്ത് എല്ലാവിധ സജ്ജീകരണങ്ങളോടെ 1997ലാണ് ആധുനിക രീതിയിലുള്ള കെട്ടിടം ഉൾപ്പെടെ നിർമാണം ആരംഭിച്ചത്. പിന്നീട് 2001ൽ കെട്ടിടത്തിന്റെ പ്രവൃത്തി ഏറെക്കുറെ പൂർത്തിയാക്കി. കാൻസർ രോഗികൾക്ക് ആവശ്യമായ റേഡിയേഷൻ ഓങ്കോളജി സെന്ററിനുള്ള കെട്ടിടത്തിന്റെ പ്രവൃത്തിയും ആരംഭിച്ചു. അതിനിടയിലാണ് പ്രവൃത്തി മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കാതെ വന്നത്. തുടർന്ന് 2010 ഡിസംബർ 18ന് തെങ്ങിലക്കടവ് കാൻസർ സെന്ററിന്റെ കെട്ടിടവും ആറരയേക്കർ സ്ഥലവും സൗജന്യമായി ആശുപത്രി മാനേജിംഗ് ട്രസ്റ്റിയായ ഡോ. ഹഫ്സത്ത് കാദർകുട്ടി സർക്കാരിന് കൈമാറി. അന്ന് തുടങ്ങിയതാണ് ഈ കാൻസർ സെന്ററിന്റെ ദുരവസ്ഥ. 2022-ൽ ഈ കെട്ടിടത്തെ കോഴിക്കോട് മെഡിക്കൽ കോളേജിന് കീഴിൽ ഒരു കാൻസർ സ്ക്രീനിംഗ് സെന്ററാക്കി മാറ്റുന്നതിനായി സംസ്ഥാന സർക്കാർ ഒരുകോടി രൂപ അനുവദിച്ചിരുന്നു.
എന്നാൽ ഈ തുക ഉപയോഗിച്ചുള്ള നവീകരണ പ്രവർത്തനം ഇതുവരെയും തുടങ്ങിയിട്ടില്ല. നടത്തിപ്പിലെ ലാഭനഷ്ടങ്ങൾ കണക്കാക്കാൻ ഉപസമിതി രൂപീകരിച്ചിട്ടുണ്ടെന്നാണ് ജില്ലാ പഞ്ചായത്തിന്റെ വിശദീകരണം. പ്രതിഷേധമുയരുമ്പോൾ പെയിന്റിംഗ് ഉൾപ്പെടെയുള്ള ജോലികൾ ചെയ്ത് നാട്ടുകാരുടെ കണ്ണിൽ പൊടിയിടും. പ്രതിഷേധം തണുക്കുന്നതോടെ വീണ്ടും പഴയ അവസ്ഥയിലാകുമെന്നും പ്രദേശവാസികൾ പറയുന്നു. ഇവിടം ഇപ്പോൾ സാമൂഹ്യവിരുദ്ധരുടെയും ക്ഷുദ്രജീവികളുടെയും താവളമാവുകയാണ്.

"കളക്ടർക്ക് പരാതി കൊടുത്തതിന് ശേഷം ഒരിക്കൽ കാട് വെട്ടിയിരുന്നു. എന്നാൽ പിന്നെയും ഇതേ അവസ്ഥ തന്നെയാണ്"

-പങ്കജം
പ്രദേശവാസി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL