SignIn
Kerala Kaumudi Online
Tuesday, 01 September 2026 2.06 AM IST

വയനാട് മെഡിക്കൽ കോളേജിലെ ഐ ബാങ്ക് പൂർണമായി പ്രവർത്തന സജ്ജമായില്ല, കണ്ണുതുറക്കുമോ?

eye-bank
നോക്കുകുത്തിയായി മാറിയ വയനാട് മെഡിക്കൽ കോളേജിലെ നേത്രബാങ്ക്

മാനന്തവാടി: പേരിനൊരു നേത്ര ബാങ്ക്. വയനാട് മെഡിക്കൽ കോളേജിലെ ഐ ബാങ്കാണ് ജീവനക്കാരുടെ കുറവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും കാരണം പൂർണമായി പ്രവർത്തന സജ്ജമാകാത്തത്. ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച ഉപകരണങ്ങളും കാലഹരണപ്പെട്ട് തുടങ്ങി. നേത്രദാനം മഹാദാനം എന്ന സന്ദേശമുയർത്തി വീണ്ടുമൊരു ദേശീയ നേത്രദാനപക്ഷാചാരണം ആഗസ്റ്റ് 25 മുതൽ സെപ്തംബർ 8 വരെ ആചരിക്കുമ്പോൾ നേത്ര ബാങ്കിന്റെ പ്രവർത്തനങ്ങൾ പൂർണമാകാത്തത് ഉന്നത അധികൃതരുടെ നിസ്സംഗതയാണെന്നാണ് ആരോപണം ഉയരുന്നത്.
നേത്ര പടലം മാറ്റിവയ്ക്കുന്നതിൽ (കെരാറ്റോപ്ലാസ്റ്റി) പരിശീലനം ലഭിച്ച ഡോക്ടർമാരുടെ അഭാവമാണ് നേത്രബാങ്ക് പ്രവർത്തനത്തിന് വിഘാതമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ദേശീയ അന്ധത നിയന്ത്രണ പരിപാടിയുടെ ഭാഗമായി ലഭിച്ച നാൽപതു ലക്ഷം രൂപ വിനിയോഗിച്ചാണ് നാലു വർഷം മുൻപ് നേത്ര ബാങ്ക് സ്ഥാപിക്കുകയും ഉപകരണങ്ങൾ സജ്ജീകരിക്കുകയും ചെയ്തത്. സ്‌പെക്യൂലാർ മൈക്രോസ്‌കോപ്പ്, ലാമിനാർ ഫ്‌ളോ, എംകെ മീഡിയം എന്നീ ഉപകരണങ്ങൾ എത്തിക്കുകയും 10 ലക്ഷം രൂപ ചെലവഴിച്ച് കമ്പ്യൂട്ടർ ,എ സി എന്നിവ സ്ഥാപിക്കുകയും ചെയ്തു. 2019 ൽ നേത്ര ചികിത്സ ശസ്ത്രക്രിയ വിഭാഗം ഉദ്ഘാടനം ചെയ്തു. ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിയില്ല. ഓപ്പറേഷൻ തിയറ്ററും ഇതുവരെ പ്രവർത്തിച്ചിട്ടില്ല. ആശുപത്രിയിലെ മറ്റ് ഓപ്പറേഷൻ തിയറ്ററുകളിലാണ് ഇപ്പോൾ ശസ്ത്രക്രിയ നടത്തുന്നത്. നേത്രദാനത്തിനായി നിരവധി പേർ സമ്മത പത്രം നൽകുന്നുണ്ട്. നേത്രം നീക്കംചെയ്തതിന് ശേഷം മറ്റൊരാൾക്ക് വച്ച് പിടിപ്പിക്കാനുള്ള സംവിധാനവും ഇവിടെയില്ല.

ദേശീയ തലത്തിൽ തന്നെ ജനസംഖ്യയിൽ പത്തുലക്ഷം പേർ നേത്രപടല അന്ധത ബാധിച്ചവരാണ്. ഇത്തരത്തിലുള്ളവരെ സമൂഹ ജീവിത ചുറ്റുപാടുകൾക്കനുസരിച്ചു കൈ പിടിച്ചുയർത്താൻ നേത്ര ബാങ്കുകളെയും നേത്രദാനത്തെയും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL