SignIn
Kerala Kaumudi Online
Saturday, 30 May 2026 5.48 PM IST

വന്യമൃഗങ്ങളുടെ ആക്രമണം തടയാൻ നടപടി വേണം

മലപ്പുറം: നിലമ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മണിയുടെ ഭാര്യക്ക് നഷ്ടപരിഹാരത്തുകയുടെ ആദ്യ ഗഡുവായ അഞ്ച് ലക്ഷം രൂപ നൽകിയതായി വനം വകുപ്പ് അധികൃതർ ജില്ലാ വികസന സമിതി യോഗത്തിൽ അറിയിച്ചു. സരോജിനിയുടെ കുടുംബത്തിന് ഫാമിലി മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ് കിട്ടിയാലുടൻ നഷ്ടപരിഹാരത്തുക നൽകും. പ്രിയങ്കാഗാന്ധി എം.പിയുടെ പ്രതിനിധി വി.എസ്.ജോയിയാണ് വിഷയം ജില്ലാ വികസന സമിതിയിൽ ഉന്നയിച്ചത്. വന്യമൃഗങ്ങളുടെ ആക്രമണങ്ങളെ ലാഘവത്തോടെ കാണരുതെന്ന് പി. അബ്ദുൾ ഹമീദ് എം.എൽ.എ യോഗത്തിൽ പറഞ്ഞു. വനമേഖലയോടടുത്ത് താമസിക്കുന്നവർക്ക് ഭീതിയില്ലാതെ ജോലിക്ക് പോവാനുള്ള സാഹചര്യമുണ്ടാക്കണം. വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങാതിരിക്കാൻ സുരക്ഷാവേലി ശക്തമാക്കണമെന്നും എം.എൽ.എ പറഞ്ഞു.
കാട്ടാനകളിറങ്ങാൻ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ വനം വകുപ്പ് രാത്രികാല പട്രോളിംഗ് നടത്തുന്നുണ്ടെന്നും 18 കിലോമീറ്റർ സുരക്ഷാവേലി പൂർത്തിയാക്കിയിട്ടുണ്ടെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു. കൂടുതൽ സ്ഥലത്ത് ഫെൻസിങ് നടത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിന്റെ ചോർച്ചയടയ്ക്കാൻ മൂന്നര വർഷമായിട്ടും സാധിച്ചിട്ടില്ലെന്നും ജില്ലാ കളക്ടർ നേരിട്ടിടപെട്ട് പരിഹാരം കാണണമെന്നും പി. നന്ദകുമാർ എം.എൽ.എ ജില്ലാ വികസന സമിതി യോഗത്തിൽ പറഞ്ഞു. പൊന്നാനി സിവിൽ സ്റ്റേഷനിൽ നിർമ്മിക്കുന്ന അനക്സ് കെട്ടിടത്തിന്റെ നിർമ്മാണം വേഗത്തിലാക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. സാങ്കേതികാനുമതിക്കായി എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ടെന്നും അത് ചീഫ് എൻജിനീയർ പരിശോധിച്ചുവരികയാണെന്നും എക്സി. എൻജിനീയർ അറിയിച്ചു.

മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫീസ് സമുച്ചയത്തിനായുള്ള കെട്ടിടനിർമാണം ഭാരപരിശോധന നടത്തി മാസങ്ങൾ കഴിഞ്ഞിട്ടും പ്രവൃത്തി ആരംഭിക്കാത്തത് സംബന്ധിച്ചും പി. നന്ദകുമാർ എം.എൽ.എ ജില്ലാ വികസന സമിതി യോഗത്തിൽ ആരാഞ്ഞു. ഫയർ എൻ.ഒ.സി ഉൾപ്പെടെ ലഭിക്കുന്നതിന് ഡിസൈനിൽ മാറ്റങ്ങൾ വരുത്താനുണ്ടെന്നും ഡിസൈനിങ് വിംഗ് ആവശ്യമായ ഭേദഗതികൾ വരുത്തുന്നുണ്ടെന്നും പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സി. എൻജിനീയർ അറിയിച്ചതായി വിദ്യാഭ്യാസ ഉപഡയറക്ടറേറ്റ് അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസർ അറിയിച്ചു. ഇത് ലഭ്യമായാൽ ഉടൻ നിർമ്മാണപ്രവർത്തനം തുടങ്ങും.

കടലുണ്ടിപ്പുഴയിലെ ചാമക്കയം പമ്പ് ഹൗസിൽ നിന്ന് വിതരണം ചെയ്യുന്ന കുടിവള്ളം കലങ്ങിയതും മാലിന്യമുള്ളതുമാണെന്ന പരാതിയിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് പി. ഉബൈദുള്ള എം.എൽ.എ യോഗത്തിൽ ആരാഞ്ഞു. പമ്പ് ഹൗസിന് സമീപം പ്രഷർ ഫിൽറ്റർ, ക്ലോറിനേഷൻ യൂനിറ്റ് എന്നിവ സ്ഥാപിച്ച് ശുദ്ധജല ലഭ്യത ഉറപ്പാക്കുമെന്ന് വാട്ടർ അതോറിറ്റി എക്സി. എൻജിനീയർ അറിയിച്ചു.

ചേളാരി പടിക്കൽ ദേശീയപാതയിൽ നിന്നുള്ള ഡ്രൈനേജ് പൈപ്പ് ഇടവഴിയിലേക്ക് തുറക്കുന്നതിനാൽ പരിസരത്തെ വീടുകളിലെ കുടിവെള്ളം മലിനമാകുന്നതായി പി. അബ്ദുൽ ഹമീദ് എം.എൽ.എ പറഞ്ഞു. വെള്ളം സമീപത്തെ തോട്ടിലേക്ക് ഒഴുക്കിവിടാൻ ദേശീയപാതാ അതോറിറ്റി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കാങ്കപ്പുഴ റെഗുലേറ്റർ പദ്ധതിയുടെ പ്രയോജനം പൊന്നാനി താലൂക്കിലെ കർഷകർക്ക് കൂടി ലഭിക്കാൻ പന്താവൂർകക്കിടി തോട് നവീകരിച്ച് ബന്ധിപ്പിക്കാൻ സമഗ്ര പദ്ധതി വേണമെന്ന് ജില്ല വികസന സമിതിയോഗം പ്രമേയത്തിലൂടെ സർക്കാറിനോടാവശ്യപ്പെട്ടു.

യോഗത്തിൽ ജില്ലാ കലക്ടർ വി.ആർ വിനോദ് അധ്യക്ഷത വഹിച്ചു. എ.ഡി.എം എൻ.എം മെഹറലി, ജില്ലാ പ്ലാനിംഗ് ഓഫീസർ പി.ഡി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM, ATTACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL