കാളികാവ്: മലയോര മേഖലയിൽ പന്നികൾ പെരുകുമ്പോൾ ഷൂട്ടർമാരെ കിട്ടാനില്ല. പന്നിവേട്ട പേരിനുമാത്രമാണ് നടക്കുന്നത്. സ്വത്തിനും ജീവനും ഭീഷണിയായ കാട്ടുപന്നികളെ ഉപാധികളോടെ കൊന്നൊടുക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി ലഭിച്ചെങ്കിലും സാങ്കേതിക തടസ്സങ്ങൾ കാരണം പദ്ധതി നടപ്പാക്കാനാവുന്നില്ല.
അതത് പഞ്ചായത്തുകളിൽ എം പാനൽ ഷൂട്ടർമാരില്ലാത്തതാണ് കാരണം.
സംസ്ഥാനത്തുള്ള ഏത് ജില്ലകളിൽ നിന്നുമുള്ള ഷൂട്ടർമാർക്ക് സംസ്ഥാനത്ത് എവിടെയും പന്നിവേട്ട നടത്താമെന്ന് ഈ മാസം മൂന്നിന് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നുണ്ടെങ്കിലും ഫലം കർഷകർക്ക് ലഭിക്കുന്നില്ല.സംസ്ഥാനത്തെ എം പാനൽ ഷൂട്ടർമാരിൽ അധികവും സ്‌പോർട്സ് കാറ്റഗറിയിൽ വരുന്നവരാണ്. ഇവരെ പന്നിവേട്ടയ്ക്ക് ഉപയോഗിക്കരുതെന്ന മുൻ ഉത്തരവ് ഇപ്പോഴും നിലനിൽക്കുന്നതാണ് കാരണം.
സ്‌പോർട്സ് ലൈസൻസ് ഉള്ളവർ കാട്ടുപന്നിയെ വെടിവയ്ക്കാൻ പാടില്ലെന്ന് കഴിഞ്ഞ ഫെബ്രുവരി അഞ്ചിനാണ് ഉത്തരവിറങ്ങിയത്. കടുത്ത പ്രതിഷേധത്തെ തുടർന്ന് അതേ മാസം 17ന് ഉത്തരവ് മരവിപ്പിച്ചു. പുതിയ സർക്കാർ വന്ന ശേഷം ആഗസ്റ്റ് ഒന്നിന് മരവിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് റദ്ദാക്കി. ഇതോടെ എം പാനൽ ഷൂട്ടർമാർക്ക് ഒരു പഞ്ചായത്തിൽ രജിസ്റ്റർ ചെയ്താൽ കേരളത്തിലെവിടെയും പോയി വെടിവയ്ക്കാനാവുന്ന ഉത്തരവിന്റെ ഗുണം പൂർണ്ണമായും റദ്ദായി. സ്റ്റേറ്റ് ലെവൽ ലൈസൻസ് ഉള്ളതിൽ ഭൂരിഭാഗവും സ്‌പോർട്സ് ലൈസൻസ് ഉള്ളവരാണ്.
തടസം നീക്കണം
മലയോര മേഖലയിൽ നടക്കുന്ന നിയമപരമായ പന്നിവേട്ടയ്ക്ക് നേതൃത്വം നൽകുന്നത് ജില്ലയ്ക്കു പുറത്തു നിന്നുള്ള ഷൂട്ടർമാരെ കൊണ്ടുവന്നാണ്.
സ്‌പോർട്സ് ഷൂട്ടർമാരുടെ വിലക്ക് പുനഃസ്ഥാപിച്ചതോടെ പുറത്തുനിന്നുള്ള ഷൂട്ടർമാരെ കൊണ്ടുവരാനാവില്ലെന്ന് കർഷക സംഘടനകൾ പറയുന്നു.
ഇക്കാര്യത്തിൽ വനം വകുപ്പിലെയും നിയമ വകുപ്പിലെയും ഉദ്യോഗസ്ഥന്മാർ തമ്മിൽ ഏകോപനമില്ലാത്താണ് പ്രതിസന്ധിക്കു കാരണമെന്ന് കർഷക
സംഘടനകളുടെ അഭിപ്രായം.
മലയോര മേഖലയിലെ ഇരുപതോളം പഞ്ചായത്തുകളിൽ ഇപ്പോൾ പന്നിവേട്ടയ്ക്ക് ഉപയോഗപ്പെടുത്താനാവുന്നത് ആകെ പത്തിൽ താഴെ ഷൂട്ടർമാരെ മാത്രമാണ്.
ഇവരെ ഉപയോഗപ്പെടുത്തി നിലവിലെ പന്നിശല്യത്തിന് പരിഹാരം കാണാനാവില്ലെന്ന് കർഷകർ പറയുന്നു .
സ്‌പോർട്സ് ഷൂട്ടർമാരെ പന്നിവേട്ടയിൽ നിന്നും വിലക്കിക്കൊണ്ടുള്ള ഉത്തരവ് എത്രയും വേഗം റദ്ദാക്കണം
കിഫ, കാർഷിക സംഘടന
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |