SignIn
Kerala Kaumudi Online
Thursday, 30 July 2026 4.40 AM IST

കരിപുരണ്ട് കളിമൺപാത്ര നിർമ്മാണ മേഖല

pottery
.

പാലക്കാട്: പ്രതിസന്ധിയിൽ നിന്ന് കരകയറാനാകാതെ സംസ്ഥാനത്തെ കളിമൺപാത്ര നിർമ്മാണ മേഖല. ജില്ലയിൽ മൺപാത്ര നിർമ്മാണം പരമ്പരാഗതമായി ചെയ്തുവരുന്ന കുംഭാര സമുദായത്തിലെ കുടുംബങ്ങൾ ഉപജീവനത്തിനായി മറ്റുതൊഴിൽ തേടാനൊരുങ്ങുകയാണ്. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പാത്രങ്ങളുടെ വരവും മേഖലയുടെ അടിവേരിളക്കുകയാണ്. ആവശ്യത്തിന് മണ്ണ് ലഭിക്കാത്തതിനാൽ പാരമ്പര്യ തൊഴിലെടുത്ത് ഉപജീവനം നടത്തുന്ന നിരവധി തൊഴിലാളികളാണ് വലയുന്നത്. ലഭിക്കുന്ന മണ്ണിന് തീവിലയും നൽകണം. ഖനനത്തിന് സർക്കാരിന്റെ നിയന്ത്രണങ്ങളുമുണ്ട്. ഇടനിലക്കാർ വഴിയാണ് മൺപാത്രനിർമ്മാണ തൊഴിലാളികൾ ഭൂരിഭാഗവും കളിമണ്ണ് വാങ്ങുന്നത്. ഒരുപിക്കപ്പ് ലോഡിന് 8000-12000 രൂപവരെ നൽകണം. ചൂള വയ്ക്കുന്നതിന് ആവശ്യമായ വിറകിനും വൈക്കോലിനും വിലകൂടി. ഇവയ്ക്കും ക്ഷാമമുണ്ട്. ഇതിനു പുറമേ പച്ചക്കറി പോലെ തമിഴ്നാട്ടിൽ നിന്ന് വൻ തോതിൽ മൺപാത്രങ്ങൾ കേരളത്തിലെത്തുന്നതും തിരിച്ചടിയാകുന്നു. അവിടെ സൊസൈറ്റിയും സർക്കാരും കളിമൺപാത്ര നിർമ്മാണ മേഖലയ്ക്കു വൻ പ്രോത്സാഹനം നൽകുന്നുണ്ട്. മുമ്പ് ഓണക്കാലത്തുൾപ്പെടെ ലോഡ് കണക്കിനു മൺപാത്രങ്ങൾ കയറ്റിവിട്ടിരുന്ന കുഴൽമന്ദം മേഖലകളിൽ ഇപ്പോൾ ഓർഡർ ലഭിച്ചാൽ മാത്രമേ നിർമ്മാണം നടക്കാറുള്ളൂ. മുമ്പ് പ്രദേശത്തെ നിരവധി വീടുകളിലെ ചൂളകളിൽ പാത്ര നിർമ്മാണം നടന്നിരുന്നു. ഇപ്പോൾ നാമ മാത്രമാണു നിർമ്മാണം. പെരിങ്ങോട്ടുകുറുശ്ശിയിൽ 25 കുടുംബം, കോട്ടായി പുളി നെല്ലിഖേലയിൽ-30, കുത്തനൂരിൽ-20, കുഴൽമന്ദം-35, തേങ്കുറുശ്ശി-30 എന്നിങ്ങനെയാണ് മേഖലയിലെ കുംഭാര സമുദായ കുടുംബങ്ങളുടെ എണ്ണം. ചിറ്റൂർ, നല്ലേപ്പിള്ളി, കൊല്ലങ്കോട്, പല്ലശ്ശന, ഒറ്റപ്പാലം, പട്ടാമ്പി മേഖലകളിലായി 150ഓളം കുടുംബങ്ങൾ ഈ മേഖലയെ ആശ്രയിച്ച് കഴിയുന്നുണ്ട്.

 സർക്കാർ ഇടപെടണം

പതിറ്റാണ്ടുകളായി മൺപാത്ര നിർമ്മാണം കുലത്തൊഴിലായി തുടരുന്നവരാണ് പല്ലശന കണയന്നൂരിലെ 13 ഓളം കുടുംബങ്ങൾ. ഉപജീവന മാർഗത്തെക്കാൾ കുലത്തൊഴിലിൽ പെരുമ കൊള്ളുന്നവരാണ് ഇവർ. ഇന്ന് മേഖല നേരിടുന്ന പ്രതിസന്ധി ഇവരെ പിന്നോട്ട് വലിക്കുന്നു. സാങ്കേതിക സംവിധാനങ്ങളുടെ അപര്യാപ്തതയും മൺപാത്രങ്ങൾക്ക് ആവശ്യക്കാർ കുറഞ്ഞതുമാണ് തിരിച്ചടിയായത്.

നിലവിൽ പല്ലശനയിലെ മൺപാത്ര നിർമ്മാണ തൊഴിലാളികളിൽ ഭൂരിഭാഗവും വൃദ്ധരാണ്. മേഖലയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം. മണ്ണ് കുഴയ്ക്കുന്ന യന്ത്രങ്ങൾ വാങ്ങാനെങ്കിലും സർക്കാർ സഹായം നൽകണമെന്നാണ് ഇവരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, POTTERY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL