SignIn
Kerala Kaumudi Online
Thursday, 30 July 2026 4.40 AM IST

ശാപമോക്ഷം കാത്ത് വ്യവസായ മേഖലയിലെ തകർന്ന റോഡുകൾ

road
കഞ്ചിക്കോട് ഫോറസ്റ്റ് ഡിവിഷൻ ഓഫീസിന് മുൻ വശത്തുകൂടിയുള്ള റോഡ് പകുതി പണി ചെയ്ത് നിറുത്തിയ നിലയിൽ.

കഞ്ചിക്കോട്: പ്രമുഖ വ്യവസായ മേഖലയായിട്ടും തകർന്ന റോഡുകളിലൂടെ യാത്ര ചെയ്യാനാണ് കഞ്ചിക്കോട്ടുകാരുടെ വിധി. ഇവിടെ നല്ല റോഡുകൾ വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഏറെ കാത്തിരിപ്പിന് ശേഷം ഫണ്ട് അനുവദിച്ചു റോഡ് പണി തുടങ്ങിയെങ്കിലും അതിനേക്കാൾ വേഗത്തിൽ പണി നിലയ്ക്കുകയും ചെയ്തു. സ്ഥലം എം.എൽ.എയും ജില്ലാ കളക്ടറും ഇടപെട്ടിട്ടുംതകർന്നു കിടക്കുന്ന റോഡുകൾക്ക് ശാപമോക്ഷം ആയില്ല. കരാറുകാർ പണി പകുതിയിൽ ഉപേക്ഷിച്ച് പോയതിന്റെ ദുരിതം സഹിക്കുകയാണ് വ്യവസായ മേഖലയിലുള്ളവർ. പ്രധാന റോഡുകളായ കഞ്ചിക്കോട്-മേനോൻപാറ റോഡും കഞ്ചിക്കോട്-പാറപ്പിരിവ് റോഡും കുണ്ടും കുഴിയുമായി കിടക്കുകയാണ്. റോഡ് പണിക്ക് 30 കോടി രൂപ അനുവദിച്ചിരുന്നു. ഊരാളുങ്കൽ സൊസൈറ്റി ആയിരുന്നു കരാർ എടുത്തിരുന്നത്. ഫണ്ട് അനുവദിക്കുന്നതിൽ കാലതാമസമുണ്ടായതിനെ തുടർന്ന് എസ്റ്റിമേറ്റ് റിവൈസ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കരാറുകാർ അപേക്ഷ സമർപ്പിച്ചതിൽ നടപടി ഒന്നുമുണ്ടായില്ല. ഇതോടെ കരാറുകാർ പണി ഉപക്ഷിച്ച് പോവുകയായിരുന്നു. വ്യവസായ മേഖലയിലേക്കുള്ള എല്ലാ റോഡുകളും തകർന്ന് കിടക്കുകയാണ്. ചരക്ക് ഗതാഗതം വളരെ ദുഷ്‌ക്കരമായി. ബസ്, കാർ, ഓട്ടോ, ഇരുചക്ര വാഹനങ്ങൾ എല്ലാം ദുരിതയാത്രയുടെ ഇരകളാണ്. വൈസ് പാർക്ക്-മേനോൻപാറ റോഡിൽ എടുപ്പു കുളത്ത് കോൺക്രീറ്റ് ചെയ്ത ഭാഗം പൂർണമായി തകർന്ന് കിടക്കുകയാണ്. കമ്പികൾ പുറത്ത് കാണുന്ന നിലയിലാണ്. സത്രപ്പടി-പാറ റോഡ് പത്ത് ലക്ഷം രൂപ ചെലവിൽ അറ്റകുറ്റപ്പണി ചെയ്തിരുന്നു. പക്ഷെ പണി ഫലപ്രദമല്ലെന്നു നാട്ടുകാർ പറയുന്നു. മണ്ണ് കാട് റോഡ് ഗതാഗത യോഗ്യമല്ലാത്ത നിലയിലാണ്. ഫോറസ്റ്റ് ഡിവിഷൻ ഓഫീസിന് മുമ്പിലൂടെ പോകുന്ന റോഡ് പകുതി പണി ചെയ്ത് നിറുത്തിയിരിക്കുകയാണ്. ഇവിടെ മണ്ണിട്ട ഭാഗങ്ങളെല്ലാം ചെളി കെട്ടി കിടക്കുകയാണ്. ഇതിനിടയിലാണ് ഹൈവേ പുനർ നിർമ്മാണത്തിന്റെ ഭാഗമായി എക്സിറ്റുകൾ അടക്കുകയും സർവീസ് റോഡുകൾ വെട്ടിപ്പൊളിക്കുകയും ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, KANJIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL