SignIn
Kerala Kaumudi Online
Friday, 31 July 2026 4.08 AM IST

നിയമനം വൈകുന്നതിൽ ആശങ്ക; മെന്റർ അദ്ധ്യാപകർ ഹൈക്കോടതിയിലേക്ക്

mentor
മെന്റർ അദ്ധ്യാപക നിയമനം വൈകുന്നതു സംബന്ധിച്ച് കേരള കൗമുദി ജൂലായ് 21ന് പ്രസിദ്ധീകരിച്ച വാർത്ത.

 പാലക്കാട് 30, ഐടിഡിപി അട്ടപ്പാടി 26, നിലമ്പൂർ 29,മാനന്തവാടി 90, സുൽത്താൻബത്തേരി 77, കൽപ്പറ്റ 74 എന്നിങ്ങനെയാണ് അദ്ധ്യാപക ഒഴിവുകൾ

മുതലമട: പുതിയ അദ്ധ്യയന വർഷം തുടങ്ങി ജൂലായ് അവസാനമായിട്ടും നിയമനം ലഭിയ്ക്കാത്തതിനാൽ മെന്റ‌ർ അദ്ധ്യാപകർ ഹൈക്കോടതിയെ സമീപിച്ചു. വയനാട് ജില്ലയിലെ 33 അദ്ധ്യാപകരാണ് തങ്ങളുടെ നിയമനം വൈകുന്നു എന്ന് ചൂണ്ടിക്കാണിച്ച് ഹൈക്കോടതിയെ സമീപിച്ചത്. ആദിവാസി വിദ്യാർത്ഥികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി ഗോത്ര ബന്ധു പദ്ധതി പ്രകാരം കഴിഞ്ഞ വർഷം വരെ ജോലി ചെയ്തവരാണിവർ. അദ്ധ്യാപകരെ മാത്രം ആശ്രയിച്ചിരിയ്ക്കുന്ന ആദിവാസി വിദ്യാർത്ഥികളും ഏറെ ആശങ്കയിലാണ്. പല ഹോസ്റ്റലുകളിലും രക്ഷിതാക്കളില്ലാത്ത വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. ഇവരുടെ പൂർണ്ണ സംരക്ഷണ ഉത്തരവാദിത്വം മെന്റർ ടീച്ചർമാരും എസ്.ടി പ്രമോട്ടർമാരുമാണ് നോക്കുന്നത്. സാധാരണ മേയ് അവസാനം നിയമന ഉത്തരവ് ലഭിയ്ക്കുകയും ജൂൺ ഒന്ന് മുതൽ തുടർച്ചയായി പത്ത് മാസം ദിവസവേതന കരാർ അടിസ്ഥാനത്തിൽ ജോലിയിൽ പ്രവേശിയ്ക്കുകയുമാണ് പതിവ്. 750 രൂപ ദിവസ വേതന അടിസ്ഥനത്തിലാണ് മെന്റർ അദ്ധ്യാപകർ ജോലി ചെയ്യുന്നത്. ഇതാകട്ടെ വിവിധ ഗഡുക്കളായാണ് ഇവർക്ക് ലഭിയ്ക്കുക. എന്നാൽ പുതിയ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം മെന്റർ അദ്ധ്യാപകരുടെ നിയമനം നടത്തിയിട്ടില്ല.

മെന്റർ അദ്ധ്യാപകരെല്ലാം ആദിവാസി ഉന്നതികളിൽ നിന്നുള്ളവർ ആയതിനാൽ അവരുടെ കുടുംബത്തിന്റെ ഏക വരുമാനമാർഗമാണ് ഈ ജോലി. ജൂലായ് 14 നകം സ്‌കൂളുകളിൽ മെന്റർ അദ്ധ്യാപക നിയമനം നടത്തുമെന്ന് വകുപ്പുതല ഉത്തരവിറങ്ങിയിട്ടും നടപ്പിലാക്കാത്തതാണ് അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ഒരുപോലെ ദുരിതത്തിലാക്കിയത്.

സംസ്ഥാനത്തെ 326 മെന്റർ അധ്യാപകരിൽ 56 പേർ പാലക്കാട് ഉള്ളവരാണ്. ആദിവാസി വിഭാഗം കൂടുതലുള്ള മുതലമട, അട്ടപ്പാടി, ചിറ്റൂർ,പറമ്പിക്കുളം തുടങ്ങിയ മേഖലകളിൽ മെന്റർ അദ്ധ്യാപകരുടെ അഭാവം ആദിവാസി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തെയും ക്ഷേമത്തെയും പ്രതികൂലമായി ബാധിക്കുമെന്നതിൽ തർക്കമില്ല.

അദ്ധ്യയനവർഷം ആരംഭിച്ച് രണ്ടുമാസം പിന്നിടുമ്പോഴും മെന്റർ അദ്ധ്യാപകരെ നിയമിക്കാത്തത് ആദിവാസികളോടുള്ള സർക്കാരിന്റെ വെല്ലുവിളിയാണെന്നും തങ്ങൾ എല്ലാവരും നിർധനരാണെന്നും മെന്റർ അദ്ധ്യാപകർ സംയുക്തമായി പറഞ്ഞു. വരും ദിവസങ്ങളിൽ അദ്ധ്യാപക സംഘടനകളുടെ നേതൃത്വത്തിൽ പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണെന്ന് മെന്റർ അദ്ധ്യാപകരുടെ സംഘടനകൾ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, TEACHER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL