എലപ്പുള്ളി: ഒരു പ്രദേശത്തെ കർഷകർ ഒരേ നെൽവിത്ത് കൃഷി ചെയ്യുന്ന പരമ്പരാഗതരീതിയിൽ നിന്നും മാറി നെൽക്കൃഷിയിൽ എലപ്പുള്ളി വ്യത്യസ്ഥമാവുകയാണ്. എലപ്പുള്ളിയിലെ പാടശേഖരങ്ങളിൽ വിളയുന്നത് വിവിധ തരത്തിലുള്ള, വിവിധ ഗുണങ്ങളുള്ള നെല്ലാണ്. വംശനാശം നേരിട്ടു കൊണ്ടിരിക്കുന്ന പരമ്പരാഗത നെൽവിത്തുകൾ മുതൽ ഇതുവരെ കേരളം കണ്ടിട്ടില്ലാത്ത പുതിയ വിത്തുകൾ വരെ ഇതിലുണ്ട്. കൃഷിവകുപ്പും ഗ്രാമ പഞ്ചായത്തും വിവിധ പാടശേഖര സമിതികളും കൈകോർത്ത് നടത്തിയ പരീക്ഷണത്തിന്റെ ഫലമായാണ് വിവിധ തരം നെൽവിത്തുകൾ ഇവിടെ എത്തിയത്. അങ്ങിനെ ഒരേ പാടശേഖരത്തിൽ പലതരം നെല്ലുകൾ വിളയുന്നു. ഔഷധഗുണമുള്ള രക്തശാലി നെല്ല് ഇവിടെ കൃഷി ചെയ്യുന്നുണ്ട്. രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും രക്തക്കുറവ് പരിഹരിക്കാനും സഹായിക്കുമെന്നതിനാൽ വിപണിയിൽ ഉയർന്ന വില കിട്ടുന്ന ഇനമാണ്. ഞവരയാണ് മറ്റൊരു ഔഷധ ഇനം. ഇതിനും ഉയർന്ന വിലയാണ്. ആന്തൂർ കിച്ചലി, കാലാബട്ടി തുടങ്ങി പത്തോളം ഔഷധ നെൽ വിത്തുകൾ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. വയനാട് മേഖലയിൽ കൃഷി ചെയ്തിരുന്ന ഗന്ധകശാല (ജീരകശാല) നെല്ലും എലപ്പുള്ളിയിൽ എത്തിയിട്ടുണ്ട്. ബിരിയാണി, നെയ്‌ച്ചോറ് എന്നിവയ്ക്ക് ഉപയോഗിക്കുന്ന അരിയാണിത്. തൃശ്ശൂർ ജില്ലയിൽ നിന്നെത്തിയ ശ്രേയസ് നെൽവിത്ത് വളരെ പെട്ടെന്നാണ് എലപ്പുള്ളിയുടെ ഭാഗമായത്. കുട്ടനാടൻ നെല്ലായ ഭദ്രയും ഇവിടെ വിളയുന്നു. 125 ദിവസം 130 ദിവസം വരെയാണ് മൂപ്പ്. വണ്ണമുള്ള ചുവന്ന അരിയാണ്. ജ്യോതി നെൽ വിത്ത് ഇവിലെ വലിയ തോതിൽ കൃഷി ചെയ്യുന്നുണ്ട്. നീളമുള്ള ചുവന്ന അരിയാണ്. ഉദ്പാദന ക്ഷമതയും പ്രതിരോധ ശേഷിയും കൂടുതലുള്ള ഉമ നെൽവിത്തും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. 95 മുതൽ 100 ദിവസം കൊണ്ട് വിളവെടുക്കാൻ കഴിയുന്ന മനുരത്നയാണ് മറ്റൊരു ഇനം. 100 മുതൽ 110 ദിവസത്തെ മൂപ്പുള്ള കാഞ്ചന നെൽവിത്ത് കൃഷി ചെയ്യുന്നുണ്ട്. വലിപ്പമുള്ള ചുവന്ന അരിയാണ്. പ്രതികൂല കാലാവസ്ഥയോട് പൊരുതി നിൽക്കുന്ന ധാൻ 65, വരൾച്ചയെ പ്രതിരോധിക്കാൻ കഴിയുന്ന സാവിത്രി, ആസാമിൽ നിന്നെത്തിയ സ്വർണ്ണം രഞ്ജിത് തുടങ്ങി നാൽപ്പതോളം നെൽ വിത്തുകളാണ് എലപ്പുളളിയിലെ നാലായിരം ഏക്കറോളം നെൽപ്പാടങ്ങളിൽ കൃഷിയിറക്കിയിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |