
കളമശേരി : കാലാവസ്ഥാ വ്യതിയാനവും പ്രകൃതിക്ഷോഭങ്ങളും മൂലം കടുത്ത പ്രതിസന്ധി നേരിടുന്ന കർഷകരെ ചേർത്തുപിടിക്കുന്ന നയങ്ങളും പദ്ധതികളും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. കളമശേരിയിൽ സംസ്ഥാനതല കർഷക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാർഷികവൃത്തിയുടെ പ്രാമുഖ്യം തിരിച്ചുകൊണ്ടുവരാൻ ശക്തമായ പിന്തുണ നൽകും. റബറിന്റെ വില 200ൽ നിന്ന് 250 രൂപയാക്കിയത് അടുത്തഘട്ടത്തിൽ 300 ആക്കും. പ്രളയത്തിലും പ്രകൃതിക്ഷോഭങ്ങളിലുമുണ്ടാകുന്ന കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തുക 25 ശതമാനം വർദ്ധിപ്പിച്ചു. കൃഷിനാശവും വന്യജീവിഭീഷണിയും തടയാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെ ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കും. കാർഷകിക ഉത്പന്നങ്ങൾക്ക് ന്യായവില ലഭ്യമാക്കാൻ മൂല്യവർദ്ധന നടത്തി 'കേരള ബ്രാൻഡ്' ലേബലിൽ വിപണിയിലിറക്കും. രണ്ടാം ഭൂപരിഷ്കരണത്തിന്' സർക്കാർ തുടക്കമിടും. പൂട്ടിക്കിടക്കുന്ന തോട്ടങ്ങൾ തുറന്നുപ്രവർത്തിപ്പിക്കും.
പാരമ്പര്യ വിത്ത് സംരക്ഷകൻ ചെറുവയൽ രാമന് ഉമ്മൻ ചാണ്ടിയുടെ നാമധേയത്തിലുള്ള പ്രഥമ അവാർഡും മറ്റ് കർഷക അവാർഡുകളും മുഖ്യമന്ത്രി വിതരണം ചെയ്തു. കൃഷിമന്ത്രി ടി. സിദ്ദിഖ് അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി.ഇ. അബ്ദുൾ ഗഫൂർ, റോജി എം. ജോൺ, എം.പിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ഹാരിസ് ബീരാൻ, ജെബി മേത്തർ, കെ. ഫ്രാൻസിസ് ജോർജ്, എം.എൽ.എമാരായ അൻവർ സാദത്ത്, ടി.ജെ. വിനോദ്, ഉമ തോമസ്, മാത്യു കുഴൽനാടൻ, മനോജ് മൂത്തേടൻ, ടോണി ചമ്മണി, മുഹമ്മദ് ഷിയാസ്, ദീപക് ജോയ്, മേയർ വി.കെ. മിനിമോൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്‌ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |