SignIn
Kerala Kaumudi Online
Tuesday, 18 August 2026 3.41 AM IST

കർഷക ദിനത്തിലും കണ്ണീരൊഴിയാതെ കർഷകർ

nellu
.

പാലക്കാട്: കർഷക ദിനമായിട്ടും കർഷകർക്ക് കണ്ണീരു തന്നെ. രണ്ടാംവിള കൃഷിയുടെ നെല്ല് കൊടുത്ത് മാസങ്ങൾ കഴിഞ്ഞിട്ടും നെല്ലിന്റെ വില കിട്ടാത്ത ആയിരക്കണക്കിന് കർഷകരാണുള്ളത്. ഉപ്പ് തൊട്ട് കർപ്പൂരം വരെ എല്ലാ സാധനങ്ങൾക്കും വില കുതിക്കുമ്പോൾ അടുത്തയാഴ്ച്ച ഓണമുണ്ണാനും കർഷകർ കടം വാങ്ങേണ്ട അവസ്ഥ. സംഭരിച്ച നെല്ലിന്റെ വിലയായി പാലക്കാട് ജില്ലയിലെ കർഷകർക്കു മാത്രം 306 കോടി രൂപ നൽകാനുള്ളപ്പോൾ സംസ്ഥാനത്തിനാകെ സർക്കാർ അനുവദിച്ചത് പകുതിയിൽ താഴെ തുക മാത്രമാണ്. ജില്ലയിൽ 20,000 ൽ അധികം കർഷകർക്കാണ് ഇനിയും തുക കിട്ടാനുള്ളത്. നെല്ലളന്ന് മാസങ്ങൾ കഴിഞ്ഞിട്ടും അർഹമായ വില ലഭിക്കാതെ കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. രണ്ടാംവിള നെല്ല് സംഭരിച്ചയിനത്തിൽ സംസ്ഥാന സർക്കാരിന്റെ വിഹിതമായ 254 കോടി രൂപയിൽ മുമ്പ് 104 കോടി രൂപ അനുവദിച്ചിരുന്നു. ഇതിനുപുറമേയാണ് 150 കോടി രൂപകൂടി അനുവദിച്ചത്. അതിനാൽ പകുതി കർഷകർക്കുപോലും നെല്ലുവില ലഭിക്കില്ല. ഇനി വിതരണം ചെയ്യാനുള്ള കുടിശിക പൂർണമായും കേന്ദ്ര സർക്കാരിന്റെ വിഹിതമാണെന്നും തങ്ങൾക്ക് ബാധ്യതയില്ലെന്നുമാണ് സംസ്ഥാന സർക്കാരിന്റെ വാദം. ഈ സീസണിലെ വിഹിതം 300 കോടി രൂപയും മുൻകാല കുടിശികയും സബ്സിഡിയുമടക്കം 1,600 കോടിയിലധികം രൂപ കേന്ദ്ര സർക്കാരിൽ നിന്ന് സപ്ലൈകോയ്ക്ക് ലഭിക്കാനുണ്ട്. ഈ തുക എപ്പോൾ ലഭിക്കുമെന്നതിലും വ്യക്തതയില്ല. പി.ആർ.എസ് ലഭിക്കാത്തതിനാൽ വളവും മറ്റും കടം വാങ്ങിയാണ് കർഷകർ ഒന്നാം വിളയിറക്കിയത്. എന്നാൽ അതെങ്ങനെ നൽകുമെന്ന് പല കർഷകർക്കും ഇപ്പോഴും അറിയില്ല. കേരളത്തിലെ നെല്ലറയായ ജില്ലയിൽ കർഷകർക്ക് കാണം വിറ്റ് ഓണം ഉണ്ണേണ്ട അവസ്ഥയാണ് നിലവിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, FARMER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL