പാലക്കാട്: ഓണസദ്യയ്ക്ക് പപ്പടം വേണമെന്നത് മലയാളികൾക്കു നിർബന്ധമാണ്. പരമ്പരാഗതമായ ഓണസദ്യ വിഭവങ്ങൾ വിളമ്പുന്ന തൂശനിലയിൽ ഉപ്പേരിക്കും അച്ചാറിനും ഇഞ്ചിപുളിക്കും മുകളിലാണ് പപ്പടത്തിന്റെ സ്ഥാനം. മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ ഓണക്കാലം ഗംഭീരമാകുമെന്ന് ഉറപ്പായതോടെ പപ്പട നിർമ്മാതാക്കൾ പ്രതീക്ഷയുടെ നിറവിലാണ്. പപ്പട നിർമ്മാണം ഉപജീവനമായ നിരവധി കുടുംബങ്ങളുണ്ട് പാലക്കാട്ട്. അകത്തേത്തറ, പറളി, കല്ലേക്കാട്, പട്ടാമ്പി, കോങ്ങാട്, കൊല്ലങ്കോട് എന്നിവിടങ്ങളിലാണ് കൂടുതലായും പപ്പട നിർമ്മാണ കുടുംബങ്ങളുള്ളത്. വലിയത് 100 എണ്ണം 160 രൂപയും, ചെറുത് 100 എണ്ണം 140 രൂപയ്ക്കുമാണ് വിൽപന. സ്‌പെഷ്യൽ പപ്പടവും ഉണ്ട്. 100 എണ്ണത്തിന് 220 രൂപ. പ്രിന്റഡ് കവറിൽ ലഭിക്കുന്ന പപ്പടമാണ് കൂടുതൽ പേരും ആശ്രയിക്കുന്നത്. 20 രൂപ മുതൽ 50 രൂപ വരെയുള്ള പായ്ക്കറ്റുകളും വിപണിയിൽ ലഭ്യമാണ്. മുമ്പ് ഉഴുന്നും കാരവും മാത്രം ഉപയോഗിച്ച് ഉണ്ടാക്കുന്ന പപ്പടം മാത്രമായിരുന്നു എങ്കിൽ ഇന്ന് പച്ചക്കറികളും മറ്റും ഉപയോഗിച്ച് തയാറാക്കുന്ന പപ്പടവും വിപണിയിലുണ്ട്. ഉഴുന്നും കാരവുമല്ലാതെ മറ്റു വസ്തുക്കൾ ചേർത്തുണ്ടാക്കുന്നതും ലേബലുകൾ പോലും ഇല്ലാത്തതുമായ വ്യാജ പപ്പടവും വിപണിയിലുണ്ട്.
130 രൂപയുള്ള ഉഴുന്നിന് 240 രൂപയായതും അസംസ്‌കൃത വസ്തുക്കളുടെ വിലവർദ്ധനവും പപ്പട നിർമ്മാണ മേഖലയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. വൻകിട കമ്പനികൾ മെഷിനറി ഉപയോഗിച്ച് വൻതോതിൽ പപ്പടം നിർമ്മാണം നടത്തുന്നുണ്ടെങ്കിലും പ്രാദേശികമായി വീടുകളിൽ തന്നെ ഉണ്ടാക്കുന്ന പപ്പടങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. ചെറുതും വലുതുമായി സാധാരണ പപ്പടങ്ങൾക്കു പുറമെ മസാല പപ്പടം പോലുള്ള വിവിധ രുചിയിലുള്ള പപ്പടങ്ങളും വിപണിയിലെത്തിക്കുന്നവരുണ്ട്. കടകളിൽ എത്തിക്കുന്നതിനു പുറമെ വീടുകളിൽ കയറി നടന്നുവിൽക്കുന്നവരുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |