കോഴഞ്ചേരി : കോഴഞ്ചേരിയിൽ നിർമ്മാണം അവസാനഘട്ടത്തിലെത്തിയ പുതിയ സമാന്തര പാലത്തിന്റെ നിർമ്മാണത്തിനായി നദിയിൽ തീർത്ത മൺതിട്ടകൾ നീക്കം ചെയ്യണമെന്ന ആവശ്യം ഉയരുന്നു. അവസാന സ്പാനിന്റെയും ആർച്ചിന്റെയുംപണി പൂർത്തിയായി വാർക്ക തട്ടുകൾ പൊളിക്കുന്നതിനൊടൊപ്പം നദിയിൽ മണ്ണും പാറപ്പൊടിയും ഉപയോഗിച്ച് നിർമ്മിച്ച തിട്ടകളും നീക്കണം. പാലം നിർമ്മാണം ആരംഭിച്ച സമയം മുതൽ പള്ളിയോടങ്ങളുടെ യാത്ര തടസപ്പെടും വിധമായിരുന്നു അവസ്ഥ. ചില വർഷങ്ങളിൽ തൊട്ടടുത്ത ദിവസങ്ങളിൽ ധൃതിപ്പെട്ട് തടസം നീക്കുന്ന അവസ്ഥയായിരുന്നു . ചുവന്ന കൊടിയും തോരണങ്ങളും കെട്ടി അപകട മുന്നറിയിപ്പ് നൽകി നദിയിൽ ഒരു ഭാഗത്തുകൂടി പള്ളിയോടങ്ങൾ കടത്തിവിടുകയായിരുന്നു. ഈ മൺതിട്ട കാരണം ഒഴുക്ക് ശക്തമായതിനാൽ പള്ളിയോടങ്ങൾ കടന്നുപോകുന്നതിന് വളരെയധികം ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഈ വർഷം ജൂലായ് 19 മുതൽ സെപ്തംബർ 16 വരെ വള്ളസദ്യകൾ നടക്കുകയാണ്. നദിയിൽ ജലനിരപ്പ് താഴ്ന്നു നിൽക്കുന്ന ഈ സമയത്ത് കല്ലും മണ്ണും നിർമ്മാണ സാമഗ്രികളും നീക്കംചെയ്യാൻ എളുപ്പമാണ്. 2018 ൽ തുടങ്ങിയ പാലത്തിന്റെ നിർമ്മാണം വിവിധ കാരണങ്ങളാൽ മുടങ്ങിപ്പോയത് പരിഹരിച്ച് അവസാന ഘട്ട നിർമ്മാണത്തിലാണ്. പമ്പാനദിയിലെ തടസങ്ങൾ ഒഴിവാക്കണമെന്ന് പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ.വി സംബദേവൻ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |