
ചെങ്ങന്നൂർ: കൊടുംവേനലിൽ തിരുവൻവണ്ടൂർ പഞ്ചായത്ത് നന്നാട് മൂന്നാം വാർഡിൽ കരിമ്പുകൃഷി ഉണങ്ങിക്കരിയുന്നു. പമ്പ ഇറിഗേഷൻ പ്രൊജക്ടിന്റെ കനാൽ തുറന്നുവിടുമെന്നാണ് കർഷകർ പ്രതീക്ഷിച്ചതെങ്കിലും ഇതുവരെ വെള്ളമെത്തിയില്ല. രണ്ടുമാസം മുമ്പാണ് കരിമ്പ് നട്ടത്. നന്നാട്, തെങ്ങേലി പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമാണ്. വേനൽക്കാലത്ത് കനാൽ ജലമാണ് കർഷകരുടെ ആശ്വാസം. പക്ഷേ ഇത്തവണ കനാൽ തുറന്നുവിടാൻ അധികൃതർ നടപടി സ്വീകരിച്ചില്ല.
നന്നാട് മൂന്നാം വാർഡിൽ ആറുവർഷമായി കരിമ്പ് കൃഷി ചെയ്യുന്ന ടി.കെ.വിനോദിന്റെ രണ്ട് ഏക്കറോളം സ്ഥലത്തെ കൃഷി ഉണങ്ങിത്തുടങ്ങി. ഒരു ഏക്കറിൽ കൃഷിയിറക്കാൻ ഏകദേശം ഒരു ലക്ഷം രൂപ ചെലവാകുമെന്ന് വിനോദ് പറഞ്ഞു. നടീൽ നാമ്പിന് ടണ്ണിന് 6100 മുതൽ 6200 രൂപവരെയാണ് വില. ഒരു ഏക്കറിലേക്ക് ഏകദേശം 2.9 ടൺ നാമ്പ് ആവശ്യമാണ്. പറമ്പൊരുക്കുന്നതിനും പരിപാലനത്തിനും ചെലവേറെയാണ്.
കൃഷി ആരംഭിച്ച് രണ്ടുമാസം പിന്നിടുമ്പോഴേക്കും ജലക്ഷാമം മൂലം കരിഞ്ഞുതുടങ്ങിയത് നഷ്ടത്തിനിടയാക്കും.
കരിമ്പ് കൃഷിയിൽ ഒരിക്കൽ നടീൽ നടത്തിയാൽ അതേ മൂട്ടിൽ നിന്ന് തുടർച്ചയായി മൂന്ന് തവണ വിളവെടുപ്പാനാകും. ഇതാണ് കർഷകർക്ക് ലാഭമാകുന്നത്. സുഗമമായ വെള്ളമാണ് കൃഷിക്ക് വേണ്ടത്.
കാടുകയറി, മണ്ണ് മൂടി കനാൽ
1 കാടുകയറിയ കനാലിൽ പലയിടത്തും മണ്ണ് കെട്ടിക്കിടക്കുകയാണ് . വേനൽക്കാലത്ത് വെള്ളം തുറന്നുവിടുന്നതിന് മുമ്പായി കനാൽ വൃത്തിയാക്കണമെന്നാണ് നിയമം. തടസമില്ലാതെ വെള്ളം ഒഴുകാനാണിത്.
2 കനാൽ ശുചീകരണത്തിനോ അറ്റകുറ്റപ്പണികൾക്കോ പമ്പാ ഇറിഗേഷൻ അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. വെള്ളം തുറന്നുവിടണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയില്ല. കനാൽ വൃത്തിയാക്കാതെ വെള്ളം തുറന്നുവിട്ടാലും പ്രയോജനമുണ്ടാകില്ല.
3 കനാൽ ഓപ്പറേറ്റർ തസ്തികയിൽ ഇപ്പോൾ ഒരു ജീവനക്കാരൻ മാത്രമാണുള്ളത്. ഏകദേശം 8 കിലോമീറ്റർ ദൂരമുള്ള കനാലിന്റെ പരിപാലനം ഇൗ ജീവനക്കാരന്റെ ചുമതലയാണ്. നേരത്തെ അഞ്ചുപേരുണ്ടായിരുന്നു. കരാർ അടിസ്ഥാനത്തിൽ നിയമിച്ചവർ ജോലി ഉപേക്ഷിച്ചുപോയി.
കൃഷി ഉപേക്ഷിക്കുമെന്ന് കർഷകർ
വെള്ളം വിലകൊടുത്തു വാങ്ങിയാണ് കർഷകർ കൃഷി നനയ്ക്കാൻ ശ്രമിക്കുന്നത്. ഏക്കറ് കണക്കിന് സ്ഥലത്ത് കൃഷിയുള്ളവർക്ക് ഇത് ബുദ്ധിമുട്ടാണ്. അദ്ധ്വാനവും കൂടുതലാണ്. ഇടയ്ക്ക് വേനൽമഴ പെയ്തതാണ് ആശ്വാസം.ഇറിഗേഷൻ വകുപ്പും കൃഷിവകുപ്പും അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ കരിമ്പ് കൃഷി തുടരാനാകില്ലെന്ന നിലപാടിലാണ് പ്രദേശത്തെ കർഷകർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |