
പ്രമാടം : പൂങ്കാവിൽ മീൻകച്ചവടം നടത്തുകയായിരുന്ന യുവാവിനെ കാട്ടുപന്നി കുത്തിവീഴ്ത്തി. കഴിഞ്ഞദിവസം ഉച്ചയോടെ സി.എം.എസ് സ്കൂളിന് സമീപം പെട്ടിഒാട്ടോറിക്ഷയിൽ മീൻ കച്ചവടം നടത്തുകയായിരുന്ന ബിനുവിനെയാണ് പന്നി ആക്രമിച്ചത്. സമീപത്തെ പറമ്പിൽ നിന്നാണ് പന്നി പാഞ്ഞെത്തിയത്. കാലിനാണ് കുത്തേറ്റത്. നിലത്തുവീണ ബിനുവിനെ വീണ്ടും ആക്രമിക്കാൻ ശ്രമിച്ചു. നാട്ടുകാർ കല്ലും വടിയുമായി എത്തിയതോടെ പന്നി ഒാടിപ്പോയി. പ്രമാടം , പൂങ്കാവ് ഭാഗങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്. നേരത്തെ ആളുകളെ ആക്രമിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും ഒരാളെ കുത്തി വീഴ്ത്തുന്നത് ആദ്യമായാണ്.
നേരത്തെ രാത്രിയിലായിരുന്നു കാട്ടുപന്നികൾ ഇറങ്ങിയിരുന്നത് , ഇപ്പോൾ പട്ടാപ്പകലും ഇവയെ കാണാം. ദിവസങ്ങൾക്ക് മുമ്പ് രാവിലെ പ്രമാടം കൃഷിഭവന് പിന്നിലുള്ള പാടത്ത് പണിയെടുത്തുകൊണ്ടിരുന്ന കർഷകരെ ആക്രമിക്കാൻ പന്നികൾ ശ്രമിച്ചിരുന്നു. പാടത്തെ തീറ്റപ്പുൽ കൃഷിക്കിടയിൽ ഒളിച്ചുകിടക്കുകയായിരുന്നു ഇവ. കർഷകർ ബഹളം വച്ചതോടെ ഇവ ഓടി . കാർഷിക വിളകൾ വൻതോതിലാണ് പന്നികൾ നശിപ്പിക്കുന്നത്. പടക്കം പൊട്ടിച്ചും പാട്ടകൊട്ടിയുമാണ് ഇവയെ രാത്രിയിൽ തുരത്തുന്നത്. ഇപ്പോൾ പകലും പന്നിശല്യം തുടങ്ങി. കാട്ടുപന്നി ശല്യത്തിന് പരിഹാരം കാണാൻ പഞ്ചായത്ത് ശ്രമിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. നേരത്തെ നാട്ടുകാരെ സംഘടിപ്പിച്ച് ജാഗ്രതാ സമിതി രൂപീകരിക്കാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചെങ്കിലും തുടർ നടപടി ഉണ്ടായില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |