
ഇലന്തൂർ : മാലിന്യം തള്ളാൻ സാമൂഹ്യവിരുദ്ധർ കണ്ടെത്തിയത് കുളം. ഏഴുലക്ഷം രൂപ ചെലവിൽ ഇലന്തൂർ പഞ്ചായത്ത് നവീകരിച്ച കുന്നത്തുചിറ കുളത്തിനാണ് ഇൗ ദുർഗതി. ഇലന്തൂർ പഞ്ചായത്ത് പത്താം വാർഡിൽ റോഡരികിലാണ് കുളം. ഒരുകാലത്ത് നാട്ടിലെ പ്രധാന ജലസ്രോതസായിരുന്നു ഇൗ കുളം. പിന്നീട് സംരക്ഷണമില്ലാതെ നാശാവസ്ഥയിലേക്ക് നീങ്ങി. വർഷങ്ങളോളം കാടുപിടിച്ചുകിടന്നു.
ഇതോടെയാണ് നവീകരണത്തിന് ഗ്രാമപഞ്ചായത്ത് പദ്ധതി തയ്യാറാക്കിയത്.2023-24 കാലയളവിലായിരുന്നു നവീകരണം.
ചുറ്റും കെട്ടി സംരക്ഷിച്ച് കൈവരികൾ സ്ഥാപിച്ചു. പടിക്കെട്ടുകളും നിർമ്മിച്ചു. റോഡിനോട് ചേർന്നുള്ള നടപ്പാതയിൽ തണൽമരങ്ങൾക്കരികിൽ ഇരിപ്പിടങ്ങളും സ്ഥാപിച്ചു. മലിനജലം കുളത്തിലേക്ക് വീഴാതിരിക്കാൻ ഒാട നിർമ്മിച്ചു. നവീകരണം കഴിഞ്ഞതോടെ ഇവിടം ആകർഷകമായി. വൈകുന്നേരങ്ങളിൽ ഇവിടെ ചെലവഴിക്കാൻ ആളുകളും വന്നുതുടങ്ങി. പക്ഷേ സാമൂഹ്യവിരുദ്ധർ മാലിന്യം തള്ളി കുളം വൃത്തിഹീനമാക്കുകയാണ്. പ്ളാസ്റ്റിക് കുപ്പികളും മദ്യക്കുപ്പികളും ധാരാളമുണ്ട്. സോഫ്റ്റ് ഡ്രിങ്കുകളുടെയും പലഹാരങ്ങളുടെയും കവറുകൾ വേറെ.
സൗന്ദര്യവത്കരണത്തിന്റെ ഭാഗമായാണ് പഞ്ചായത്ത് കുളം നവീകരിച്ചതെങ്കിലും ഇപ്പോൾ നേരെ വിപരീതമായി.
മാലിന്യം നീക്കാൻ നടപടിയില്ല
കുളത്തിന്റെ നവീകരണത്തിന് ശേഷം പഞ്ചായത്ത് കൈയെഴിഞ്ഞ മട്ടാണ്. സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമായിട്ടും പഞ്ചായത്ത് നടപടി സ്വീകരിച്ചിട്ടില്ല. നവീകരണത്തിന് ശേഷം കുളം വൃത്തിയാക്കിയിട്ടില്ല. മാലിന്യമിടാനായി ഇവിടെ ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മിക്കവരും ഇത് ഉപയോഗിക്കുന്നില്ല. കുളം അടിയന്തരമായി ശുചീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കുളത്തിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ സി.സി.ടി.വി ക്യാമറകളും സ്ഥാപിക്കണം.
ആളുകൾ വൈകുന്നേരം ചെലവഴിക്കാൻ ഇവിടെ എത്താറുണ്ട്. സാമൂഹ്യവിരുദ്ധ ശല്യം ഒഴിവാക്കാൻ അടിയന്തര നടപടി വേണം.
കെ.മധു (നാട്ടുകാരൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |