SignIn
Kerala Kaumudi Online
Thursday, 25 June 2026 11.29 AM IST

തിരുവല്ലയ്ക്ക് തീരാശാപമായി നടുവൊടിക്കും നടപ്പാതകൾ

tiles-
എസ്.സി.എസ് ജംഗ്‌ഷനിലെ നടപ്പാതയിൽ ടൈലുകൾ പൊട്ടിയ നിലയിൽ

തിരുവല്ല : നഗരത്തിലെ നടപ്പാതയിലൂടെ നടന്നുപോകണമെങ്കിൽ കടമ്പകളേറെയാണ്. കണ്ണൊന്ന് തെറ്റിയാൽ നടപ്പാത കെണിയാകും. എം.സി റോഡിലെ നഗരഭാഗത്തെ ഇന്റർലോക്ക് കട്ടകൾ ഇളകിക്കിടക്കുന്നത് യാത്രക്കാരുടെ തടികേടാകുന്ന നിലയിലാണ്. തിരുവല്ല - കായംകുളം റോഡിലെയും സ്ഥിതി വ്യത്യസ്തമല്ല. മഴയത്ത് മണ്ണൊലിച്ചു പോയതോടെ നടപ്പാതകൾ നിരതെറ്റി പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. എം.സി റോഡിന്റെ നിർമ്മാണ സമയത്തി വർഷങ്ങൾക്ക് മുമ്പാണ് നഗരത്തിലെ നടപ്പാതയും നിർമ്മിച്ചത്. എന്നാൽ ഇതുവരെ അറ്റകുറ്റപ്പണികളൊന്നും നടത്തിയിട്ടില്ല. കുരിശുകവലയിലെ നടപ്പാതയിൽ മുമ്പ് ഓടയുടെ മേൽസ്ളാബിന്റെ ഇടയിൽ കാൽകുടുങ്ങി യുവതിക്ക് പരിക്കേറ്റിരുന്നു. ഫയർഫോഴ്‌സും പൊലീസും ഏറെനേരം കിണഞ്ഞു പരിശ്രമിച്ചാണ് യുവതിയെ രക്ഷപെടുത്തിയത്.

പാർക്കിംഗ്, പരസ്യബോർഡ്, തട്ടുകട, കേബിൾ

വാഹനങ്ങൾ നടപ്പാത കൈയടക്കി പാർക്ക് ചെയ്യുന്നത് പതിവാണ്. ചരക്ക് വാഹനങ്ങൾ ഉൾപ്പെടെ ഇങ്ങനെ പാർക്ക് ചെയ്യുന്നതിനാൽ യാത്രക്കാർക്ക് റോഡിലിറങ്ങി നടക്കേണ്ടിവരുന്നു. തിരക്കേറിയ എം.സി റോഡിലും കായംകുളം റോഡിലുമെല്ലാം ഇത് പതിവ് കാഴ്ചയാണ്. വൃദ്ധരും സ്ത്രീകളും കുട്ടികളുമെല്ലാം വഴിയിലേക്ക് ഇറങ്ങിനടക്കുന്നത് അപകടങ്ങൾക്ക് കാരണമാകാറുണ്ട്. നടപ്പാത കയ്യേറുന്ന വ്യാപാരികളുമുണ്ട്. കടയുടെ പേര്, വിലവിവരപ്പട്ടിക എന്നിവ എഴുതിയ ബോർഡ് സ്റ്റാൻഡ് നടപ്പാതയിൽ വയ്ക്കുന്നവരും ഏറെയാണ്. തിരുവല്ല - പൊടിയാടി റോഡിൽ പലഭാഗത്തും ഇങ്ങനെ ബോർഡുകൾ കാണാം. ഓടകൾക്ക് മുകളിലെ കോൺക്രീറ്റ് സ്ലാബുകളും പരസ്യബോർഡുകൾ വയ്ക്കാനുള്ള ഇടമായി മാറി. ലക്ഷങ്ങൾ ചെലവഴിച്ച് നടപ്പാത ഉണ്ടാക്കിയിട്ടും യാത്രക്കാർക്ക് നടക്കാൻ കഴിയാത്ത സാഹചര്യം പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്.

ടൈലുകൾ തകർന്നു
തിരുവല്ല എസ്.സി.എസ് ജംഗ്ഷനിൽ നഗരസൗന്ദര്യവത്കരണത്തിന്റെ ഭാഗമായി അടുത്തകാലത്ത് നടപ്പാതയിൽ സ്ഥാപിച്ച ടൈലുകൾ പൊട്ടിപ്പൊളിഞ്ഞു. ടൈലുകൾക്ക് മുകളിലൂടെ വാഹനങ്ങൾ കയറിയിറങ്ങി പൊട്ടിയതാണെന്ന് സംശയിക്കുന്നു. അതേസമയം ആരോ മനപ്പൂർവ്വം ടൈലുകൾ നശിപ്പിച്ചതാണെന്നും ആക്ഷേപമുണ്ട്. ശബരിമല റോഡുകളുടെ നവീകരണത്തിന്റെ ഭാഗമായാണ് ടി.കെ റോഡിന്റെ പലഭാഗങ്ങളിലും നടപ്പാതകൾ വികസിപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL