
പത്തനംതിട്ട : നിർമ്മാണം അൻപത് ശതമാനം പോലും പൂർത്തിയാകാതെ പത്തനംതിട്ട ജനറൽ ആശുപത്രിയുടെ ഉദ്ഘാടനം എങ്ങനെയാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടത്തിയതെന്ന ചോദ്യവുമായി ആരോഗ്യ മന്ത്രി കെ.മുരളീധരൻ. പത്തനംതിട്ട ജനറൽ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി എന്നിവയുടെ നിർമ്മാണത്തിലും പ്രവർത്തനങ്ങളിലുമുണ്ടായ അപാകതയെ തുടർന്ന് തിരുവനന്തപുരത്ത് ചേർന്ന പ്രത്യേക യോഗത്തിലായിരുന്നു ഉദ്യോഗസ്ഥരോട് മന്ത്രി അതൃപ്തി പ്രകടിപ്പിച്ചത്.
ഇരു ആശുപത്രികളിലും കഴിഞ്ഞ പത്ത് വർഷം നടന്ന നിർമ്മാണ പ്രവർത്തനങ്ങളും, പർച്ചേസിംഗ് ഉൾപ്പടെയുള്ള കാര്യങ്ങളും അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ജനറൽ മെഡിസിൻ, കാർഡിയോളജി വിഭാഗങ്ങളിൽ ഡോക്ടർമാരുടെ അപര്യാപ്തത പരിഹരിക്കും. കെ.എസ്.ഇ.ബി സബ് സ്റ്റേഷൻ 1000 കെ.വിയായി ഉയർത്താൻ പ്രൊപ്പോസൽ തയാറാക്കും. ആധുനിക സി.ടി സ്‌കാനർ വാങ്ങും. ഒ.പി ബ്ലോക്കിന്റെ നിർമ്മാണം സെപ്തംബർ 31ന് മുമ്പും സി.സി.യു ബ്ലോക്കിന്റെ നിർമ്മാണം ഡിസംബർ 31നുള്ളിലും പൂർത്തിയാക്കാൻ മന്ത്രി നിർദേശിച്ചു.
കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഉദ്ഘാടനം കഴിഞ്ഞ് രണ്ട് വർഷം കഴിയുന്നതിന് മുൻപ് ഓക്‌സിജൻ പ്ലാന്റ് പൊട്ടിത്തെറിച്ച വിഷയത്തിലും അന്വേഷണം നടത്താൻ ആരോഗ്യ മന്ത്രി നിർദ്ദേശം നൽകിയെന്ന് അബിൻ വർക്കി എം.എൽ.എ പറഞ്ഞു. 24 മണിക്കൂറും പൂർണമായും പ്രവർത്തിക്കുന്ന വിധത്തിൽ ജില്ലാ ആസ്ഥാനത്തെ ജനറൽ ആശുപത്രിയെ മാറ്റുമെന്നും എംഎൽഎ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മാ റോയ്, വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, ആരോഗ്യ വകുപ്പ്, പിഡബ്ലുഡി, കിറ്റ്‌കോ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
♦ ആറന്മുളയ്ക്ക് 3. 88 കോടി
പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ വിഹിതമായി ആറന്മുള നിയോജക മണ്ഡലത്തിന് 3. 88 കോടി രൂപ അനുവദിച്ചതായി എം.എൽ.എ അറിയിച്ചു. ഫാമിലി, കമ്മ്യൂണിറ്റി ഹെൽത്തു സെന്ററുകളുടെ പ്രവർത്തനങ്ങൾക്കായാണ് തുക അനുവദിച്ചത്.ഒാതറ, കോയിപ്രം, മെഴുവേലി, വല്ലന ഫാമിലി ഹെൽത്ത് സെന്റുകൾ, ഇലന്തൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, കോയിപ്രം, മല്ലപ്പുഴശേരി പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് തുക വിനിയോഗിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |