പത്തനംതിട്ട : നഗരത്തിലെ ഓടകളുടെ മുകളിൽ ക്രമരഹിതമായി നിരത്തിയിരിക്കുന്ന സ്ളാബുകൾ കഴിഞ്ഞ ദിവസം വീണ്ടും കെണിയായി. സ്ളാബുകളുടെ വിടവിലൂടെ ഓടയിൽ വീണ മൊബൈൽ ഫോൺ എടുക്കാൻ ശ്രമിക്കുന്നതിനിടെ ഗൃഹനാഥന്റെ കൈ കുടുങ്ങുകയായിരുന്നു. കുഴിക്കാല വാണിയപുരയ്ക്കൽ വീട്ടിൽ മധുവിന്റെ (62) ഫോൺ ആണ് ഓടയിൽ വീണത്. കഴിഞ്ഞ ദിവസം രാവിലെ ഒൻപതുമണിയോടെ പത്തനംതിട്ട കോളേജ് ജംഗ്ഷന് സമീപമായിരുന്നു സംഭവം. ഓടയുടെ മുകളിലെ സ്ളാബിലൂടെ മധു നടന്നു പോകുമ്പോൾ കൈയിൽ നിന്ന് ഉൗർന്ന മൊബൈൽ ഫോൺ സ്ളാബിന്റെ വിടവിലൂടെ ഓടയിൽ വീഴുകയായിരുന്നു. മധു കമഴ്ന്നു കിടന്നുകൊണ്ട് ഇടതു കൈ സ്ളാബിന്റെ വിടവിലൂടെ താഴേക്ക് കടത്തി ഫോൺ എടുക്കാൻ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. മുകളിലേക്ക് എടുത്ത കൈയുടെ മുട്ട് സ്ളാബിനടിയിൽ ഉടക്കി. കൈയെടുക്കാൻ പ്രയാസപ്പെടുന്നതുകണ്ട പരിസരവാസികൾ പത്തനംതിട്ട ഫയർഫോഴ്സിൽ വിവരം അറിയിച്ചു. സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറിന്റെയും സീനിയർ ഫയർ ഓഫീസർമാരായ ആർ.രഞ്ജിത്തിന്റെയും നേതൃത്വത്തിൽ ഫയർഫോഴ്സ് ടീം നാല് സ്ളാബുകൾ ഹൈട്രോളിക് മെഷീൻ ഉപയോഗിച്ച് ഇളക്കി മാറ്റിയാണ് കൈ എടുക്കാൻ സഹായിച്ചത്. ഫയർഫോഴ്സ് ടീം ഓടയിലിറങ്ങി ഫോൺ എടുത്തു നൽകി. മധുവിന് നേരത്തെ സ്ട്രോക്ക് വന്നിരുന്നു. ആരോഗ്യത്തെ ബാധിക്കാതെ ഒരു മണിക്കൂറോളം പ്രയത്നിച്ചാണ് ഫയർഫോഴ്സ് ദൗത്യം പൂർത്തിയാക്കിയത്. സമീപത്തെ ടൂവീലർ ഷോപ്പിലെത്തിയതായിരുന്നു മധു. വാഹനം സർവീസിന് കൊടുത്ത് തിരികെ നടക്കുമ്പോഴായിരുന്നു സംഭവം. ഫയർ ഓഫീസർമാരായ വിഷ്ണു, രമാകാന്ത്, ഡൽജ, ഹോംഗാർഡുമാരായ മുരളീധരൻ, ഡേവിഡ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. ഇതുവഴി എത്തിയ അബിൻ വർക്കി എം.എൽ.എയും സഹായത്തിന് തയ്യാറായി.
രക്ഷാകരം നീട്ടിയത് ശ്യാമളയ്ക്ക്
കഴിഞ്ഞ മാർച്ചിൽ കടമ്മനിട്ട റോഡിൽ പ്രസ് ക്ളബിന് സമീപം വീട്ടമ്മയുടെ കൈയിൽ നിന്ന് മോതിരം ഉൗർന്ന് സ്ളാബുകൾക്കിടയിലൂടെ ഓടയിൽ വീണിരുന്നു. തൈക്കാവ് സ്വദേശിനി ശ്യാമളയുടെ രണ്ടു ഗ്രാം വരുന്ന സ്വർണമോതിരമാണ് ഓടയിൽ നഷ്ടമായത്. മോതിരം എടുക്കാനുള്ള ശ്രമത്തിൽ അന്ന് ശ്യാമളയുടെ കൈ സ്ളാബുകൾക്കിടയിൽ കുടുങ്ങുകയായിരുന്നു. രണ്ടുമണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് ശ്യാമളയെ രക്ഷപ്പെടുത്തിയത്. മോതിരവും വീണ്ടെടുത്ത് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |