SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.19 AM IST

തടസം നീങ്ങുന്നു; ഔട്ടർറിംഗ് റോഡ് പ്രരംഭപ്രവ‌ർത്തനം അടുത്ത മാസം  റോഡ് നിർമ്മാണം ഒക്ടോബറിൽ  2028ൽ പൂർത്തിയാകും

uu

തിരുവനന്തപുരം: വിഴിഞ്ഞം നാവായിക്കുളം ഔട്ടർറിംഗ് റോഡിന്റെ പ്രാരംഭഘട്ട പ്രവർത്തനങ്ങൾ അടുത്ത മാസം മുതൽ ആരംഭിക്കും. റോഡിനുള്ള കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന്റെ അന്തിമാനുമതി അടുത്ത മാസം ലഭിച്ചേക്കും.

തുടർന്ന് സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ ആരംഭിക്കും. ഒക്ടോബറിൽ റോഡ് നിർമ്മാണം ആരംഭിക്കാവുന്ന വിധത്തിലാണ് ദേശീയപാത അതോറിട്ടിയും പൊതുമരാമത്ത് വകുപ്പും കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത്.

ഏപ്രിലിൽത്തന്നെ ടെൻഡർ ചെയ്ത് മേയിൽ നിർമ്മാണക്കരാർ ഒപ്പുവയ്ക്കാനാകുമെന്നാണ് ദേശീയപാത അതോറിട്ടി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തെ അറിയിച്ചിരിക്കുന്നത്.

വിഴിഞ്ഞം തുറമുഖത്തിന്റെ സാദ്ധ്യതകൾ മുന്നിൽക്കണ്ടാണ് സംസ്ഥാനം ഔട്ടർ റിംഗ് റോഡ് പദ്ധതി ആവിഷ്‌കരിച്ചത്. പിന്നീട് ഇത് ഭാരത്‌മാല പദ്ധതിയിൽ ഉൾപ്പെടുത്തി ദേശീയപാത അതോറിട്ടിയേറ്റെടുത്തു. എന്നാൽ, സ്ഥലമേറ്റെടുക്കലിന്റെ സാമ്പത്തികബാദ്ധ്യതയെച്ചൊല്ലി കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള തർക്കം കാരണം പദ്ധതി നീണ്ടുപോയി. സ്ഥലമേറ്റെടുക്കലിന്റെ 50 ശതമാനം ചെലവ് സംസ്ഥാനം വഹിക്കണമെന്ന കേന്ദ്ര നിർദേശത്തെയാണ് സംസ്ഥാനം ആദ്യം എതിർത്തത്. എന്നാൽ, ഇപ്പോൾ സ്ഥലമേറ്റെടുക്കലിന്റെ 50 ശതമാനം ചെലവ് വഹിക്കാമെന്ന് കേരളം കഴിഞ്ഞ വർഷം സമ്മതിച്ചിരുന്നു.

വിഴിഞ്ഞം തുറമുഖം പൂർണതോതിൽ പ്രവർത്തനസജ്ജമായതോടെ മൂന്നുവർഷത്തിനുള്ളിൽ ഔട്ടർ റിംഗ് റോഡ് യാഥാർത്ഥ്യമാക്കാനാണ് നീക്കം.

 ആകെ 24 വില്ലേജുകൾ

ഔട്ടർറിംഗ് റോഡ് കടന്നുപോകുന്നത് 24 വില്ലേജുകളിലൂടെയാണ്. ഇതിൽ 11 വില്ലേജുകളിൽ മാത്രമാണ് സ്ഥലം ഏറ്റെടുക്കലിന്റെ അവസാന ഘട്ടമായ 3 ഡി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. 13 വില്ലേജുകളിൽ ആദ്യഘട്ടത്തിലെ 3എ വിജ്ഞാപനമാണ് പുറത്തിറക്കിയിട്ടുള്ളത്. നെയ്യാറ്റിൻകര, വിളപ്പിൽശാല, വെമ്പായം, കിളിമാനൂർ എന്നിവിടങ്ങളിൽ സ്‌പെഷ്യൽ തഹസിൽദാർമാരെ നിയമിച്ചാണ് സ്ഥലമേറ്റെടുപ്പ് നടപടികൾ പുരോഗമിക്കുന്നത്.

എൻ.എച്ച് 866

- വിഴിഞ്ഞം നാവായിക്കുളം ഔട്ടർ റിംഗ് റോഡ് എൻ.എച്ച് 866 (ദേശീയപാത 866) എന്നറിയപ്പെടും

- പദ്ധതിച്ചെലവ് - 7900 കോടി (സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെ)

- ദേശീയപാത അതോറിട്ടി ചെലവഴിക്കുന്നത് - 3918 കോടി രൂപ

- 2028ൽ നിർമാണം പൂർത്തിയാക്കാൻ കഴിയുമെന്നുമാണ് വിലയിരുത്തൽ

- ദൂരം നിലവിൽ 62.70 കിലോമീറ്റർ

- ഏറ്രെടുക്കേണ്ടത് 291.8 ഹെക്ടർ ഭൂമി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL