SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.18 AM IST

കലാലയ ഗ്രന്ഥശാല @ 60

hi

വെഞ്ഞാറമൂട്: അറുപതിലും ചെറുപ്പമായി കലാലയ ഗ്രന്ഥശാല. ഒരു നാടിനെ മുഴുവൻ വായനക്കാരാക്കിയ കഥ കീഴായിക്കോണം കലാലയ ഗ്രന്ഥശാലയ്ക്ക് പറയാനുണ്ട്.ഏത് പുസ്തകം തേടി എത്തിയാലും നിരാശപ്പെടേണ്ടിവരില്ല. മറ്റെങ്ങും ലഭിക്കാത്ത അപൂർവമായ നിരവധി പുസ്തകശേഖരം തന്നെ ഇവിടെയുണ്ട്. റഫറൻസ് ഭാഗം,ചിൽഡ്രൻസ് കോർണർ എന്നിവ ലൈബ്രറിയെ വ്യത്യസ്തമാക്കുന്നു. മലയാളം, ഇംഗ്ലീഷ്,ഹിന്ദി ഭാഷകളിലായി പതിനായിരത്തോളം പുസ്തകങ്ങളുണ്ട്. കലാലയ ഗ്രന്ഥശാലയ്ക്ക് 1698 അംഗങ്ങളാണ് നിലവിലുള്ളത്. കീഴായിക്കോണം ജംഗ്ഷനിൽ 1959 ജനുവരി പത്താം തീയതി ലളിതകല ആർട്സ് എന്ന പേരിലാണ് ഗ്രന്ഥശാല പ്രവർത്തനമാരംഭിച്ചത്. പ്രവർത്തന കാലഘട്ടം മുതൽ കലാകായിക പ്രവർത്തനങ്ങൾ, സാക്ഷരതാ പ്രവർത്തനം, സൗജന്യ ട്യൂഷൻ ഉൾപ്പെടെ കാര്യക്ഷമമായി നടക്കുന്നു. കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾ, ജീവകാരുണ്യ പ്രവർത്തകരെ ആദരിക്കൽ, മെഡിക്കൽ ക്യാമ്പുകൾ പി.എസ്.സി ക്ലാസുകൾ, രക്തദാന യൂണിറ്റ്, നാടകവേദി, ബാലവേദി, വനിതാവേദി, കലാലയ സ്പോർട്സ് ക്ലബ്, വയോജന ക്ലബ് പ്രവർത്തനങ്ങൾ എന്നിവ കലാലയ ഗ്രന്ഥശാലയുടെ മേൽനോട്ടത്തിൽ നടന്നുവരുന്നു.

ആരംഭം ഇങ്ങനെ

1965 ജൂൺ 10ന് കലാലയ ഗ്രന്ഥശാലയായി.1967 കേരള ഗ്രന്ഥശാല സംഘത്തിൽ രജിസ്റ്റർ ചെയ്തു. കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകനായ പി.എൻ.പണിക്കരാണ് ഗ്രന്ഥശാല രജിസ്ട്രേഷൻ നടപടികൾക്ക് സഹായിച്ചത്. ജി.വിവേകാനന്ദൻ ഉൾപ്പെടെയുള്ള കേരളത്തിന്റെ കലാസാംസ്കാരിക രാഷ്ട്രീയ മേഖലയിലെ പലരും ഗ്രന്ഥശാല സന്ദർശിച്ചു. ഒരു സെന്റ് ഭൂമിയിൽ ഓടിട്ട ഇരുനില കെട്ടിടത്തിലാണ് ഗ്രന്ഥശാല പ്രവർത്തനമാരംഭിച്ചത്. പിന്നീട് ഒരു സെന്റ് വാങ്ങി കോൺക്രീറ്റ് ഇരുനില കെട്ടിടം നിർമ്മിച്ചു.


നിലയ്ക്കാത്ത റേഡിയോ

1965 ഡിസംബർ 15 മുതൽ പ്രവർത്തനമാരംഭിച്ച റേഡിയോ ഇന്നും നിലനിൽക്കുന്നു. അന്നത്തെ 180 രൂപ പൊതുജനങ്ങളിൽ നിന്നും സ്വരൂപിച്ച് പഞ്ചായത്തിന്റെ പേര് ട്രഷറിയിൽ അടച്ചാണ് റേഡിയോനിലയം പ്രവർത്തനമാരംഭിച്ചത്. തുടക്കത്തിൽ പഞ്ചായത്തിൽ നിന്നും പ്രതിമാസം 10 രൂപ റേഡിയോ അലവൻസ് ലഭിച്ചിരുന്നു. തുടക്കം മുതൽ ബാലറ്റ് പേപ്പർ മാർക്കിംഗ് സിസ്റ്റത്തിലൂടെ തിരഞ്ഞെടുപ്പ് നടത്തി ഭരണസമിതി അധികാരമേൽക്കുന്ന കേരളത്തിലെ ചുരുക്കം ഗ്രന്ഥശാലകളിൽ ഒന്നാണ് കലാലയ ഗ്രന്ഥശാല.

പഴമയുടെ സൗന്ദര്യം വിളിച്ചോതുന്നു

തച്ചു ശാസ്ത്രം അനുസരിച്ച് തടികൊണ്ടുള്ള ചിത്രപ്പണികളും രണ്ടാം നിലയിലെ അറ, തടി കൊണ്ട് നിർമ്മിച്ച തട്ട്, ഓട് പാകിയ മേൽക്കൂര എന്നിവ പഴമയുടെ സൗന്ദര്യം വിളിച്ചോതുന്നതാണ്. കാലത്തിനനുസരിച്ച് ആധുനിക വാർത്താവിനിമയ സംവിധാനങ്ങളും ഇപ്പോൾ കലാലയത്തിൽ ഒരുക്കിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL