തിരുവനന്തപുരം: ലഹരിക്കേസ് പ്രതിയുടെ ആക്രമണത്തിൽ എസ്.ഐയ്ക്ക് പരിക്ക്. പൂജപ്പുര എസ്.ഐ സുധീഷിനാണ് കുത്തേറ്റത്. ആക്രമണത്തിനുശേഷം പ്രതി തിരുമല കല്ലറമഠം സ്വദേശി ശ്രീജിത്ത് ഉണ്ണി (40) ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി തെരച്ചിൽ ശക്തമാക്കി. പരിക്കേറ്റ എസ്.ഐ സുധീഷിനെ മറ്റുപൊലീസുകാർ ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വലതു കൈയ്ക്കാണ് പരിക്ക്.
കഴിഞ്ഞ ദിവസം രാത്രി പത്തോടെ തിരുമല കല്ലറമഠത്തിലാണ് സംഭവം. ശ്രീജിത്ത് ഉണ്ണി മദ്യപിച്ച് ബഹളം വയ്ക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എസ്.ഐയും മൂന്ന് പൊലീസുകാരും സ്ഥലത്തെത്തിയത്. പൊലീസിനെ കണ്ടതും ഇയാളുടെ കൂട്ടാളികൾ ഓടിരക്ഷപ്പെട്ടു.
രക്ഷപ്പെടാൻ ശ്രമിച്ച കാപ്പാ കേസ് പ്രതിയായ ശ്രീജിത്തിനെ എസ്.ഐ ഓടിച്ച് പിടികൂടി ജീപ്പിനടുത്തെത്തിച്ചു. ജീപ്പിൽ കയറ്റുന്നതിനിടെ പ്രതി കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് എസ്.ഐയുടെ വയറ്റിൽ കുത്താൻ ശ്രമിക്കുകയായിരുന്നു. രണ്ടുതവണ കുത്താൻ ശ്രമിച്ചു. തടയുന്നതിനിടെയാണ് വലതു കൈയിലെ വിരലുകൾക്കിടയിൽ കുത്തേറ്റത്. തുടർന്ന് എസ്.ഐയെ തള്ളിയിട്ടശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കഞ്ചാവ്, അടിപിടി കേസുകളിലെ സ്ഥിരം പ്രതിയായ ശ്രീജിത്ത് ഉണ്ണി അടുത്തിടെയാണ് ജയിലിൽ നിന്നിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |